Connect with us

International

അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളില്‍ ചാവേറാക്രമണം; 20 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ മരിച്ചു. തലസ്ഥാന നഗരിയായ കാബൂളില്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേരും കിഴക്കന്‍ പ്രവിശ്യയായ കൂണാറില്‍ എട്ട് പേരുമാണ് മരിച്ചത്. കാബൂളില്‍ 13 പേര്‍ക്കും, കൂണാറില്‍ 40 പേര്‍ക്കും പരുക്കേറ്റു. കാബൂളില്‍ മരിച്ചവരില്‍ അധികവും സാധാരണക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
കുണാറില്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന ചാവേര്‍ പ്രവിശ്യയുടെ തലസ്ഥാനമായ അസദാബാദിലെ മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഗവര്‍ണറുടെ വക്താവ് ഗാനി മൂസമേം പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മരിച്ചവരില്‍ അധികവും സാധാരണക്കാരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡരികിലൂടെ നടന്ന് പോയവരോ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുന്നവരോ ആണ് ഇവരിലധികവും. മരിച്ചവരില്‍ പ്രദേശത്ത് താലിബാന്‍ ഭീകരതക്കെതിരെ പോരാടിയ ഹാജി ഖാന്‍ ജാന്‍ എന്ന മുതിര്‍ന്ന ഗോത്രത്തലവനും പെടും. ഇയാള്‍ താലിബാന്‍ ഭീകരതക്കെതിരെ നിരവധി പ്രക്ഷോഭങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു. പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി അടുത്താഴ്ച താലിബാനുമായി നേരിട്ട് ചര്‍ച്ച നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്.