Connect with us

Kerala

വിഎസിന്റേയും പിണറായിയുടേയും സ്ഥാനാര്‍ഥിത്വം: സംസ്ഥാനത്ത് തീരുമാനിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന ഘടകത്തിന് വിട്ടു. ഇത് സംബന്ധിച്ച് ധാരണയിലെത്താന്‍ ചൊവ്വാഴ്ച അടിയന്തരമായി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. തിരഞ്ഞെടുപ്പ് തന്ത്രങ്ങളാവിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കാനായി ഇന്നലെ ഡല്‍ഹിയില്‍ സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തില്ല.
തുടര്‍ന്നാണ് വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാന്‍ തീരുമാനമായത്. ചര്‍ച്ചയില്‍ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു.
അതേസമയം, നിലവിലെ അനുകൂല സാഹചര്യങ്ങളെ ഇല്ലാതാക്കുന്ന രൂപത്തിലേക്ക് ഭിന്നിപ്പ് വളരാതിരിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിര്‍ദേശം കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്. 2006ലും 2011ലും ഉണ്ടായതുപോലെ വി എസിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം ഇത്തവണ ഉണ്ടാകരുതെന്ന് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റിയിലാകും അന്തിമ തീരുമാനം എടുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പിണറായി വിജയനൊപ്പം വി എസും മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് സംസ്ഥാന നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെയും നിലപാട്. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാവാണ് വി എസ് അച്യുതാനന്ദനെന്നും അതിനാല്‍ വി എസ് മത്സരിക്കണമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
എന്നാല്‍, പ്രായാധിക്യം ചൂണ്ടിക്കാട്ടി വി എസിന്റെ മത്സരത്തെ ചില നേതാക്കള്‍ എതിര്‍ത്തതായി സൂചനയുണ്ട്. 90 വയസ്സ് കഴിഞ്ഞ വി എസിന് സ്ഥാനാര്‍ഥിത്വം നല്‍കുന്നതിനുള്ള വിയോജിപ്പ് പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ചിലര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാടാകും ഏറെ നിര്‍ണായകമാകുക. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉയര്‍ന്ന പ്രായപരിധി വേണമോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest