Connect with us

National

ബജറ്റ്‌ തനിക്കുള്ള പരീക്ഷയെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികളെ സംബോധന ചെയ്ത് പ്രധാനമന്ത്രി. മത്സരം തന്നോടുതന്നെ ആയിരിക്കണമെന്നും മറ്റുള്ളവരോടായിരിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളെ ഓര്‍മിപ്പിച്ചു. തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന യൂണിയന്‍ ബജറ്റ് തനിക്കുള്ള പരീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്ന മോദി മറ്റുള്ളവര്‍ അര്‍പിക്കുന്ന പ്രതീക്ഷകളുടെ സമ്മര്‍ദത്തില്‍ വീണു പോവരുതെന്നും ഉപദേശിച്ചു.
നിങ്ങളുടെ ലക്ഷ്യം ആദ്യം നിര്‍ണയിക്കുക. അതിനുശേഷം സമ്മര്‍ദങ്ങള്‍ അകറ്റി മനസ്സിനെ സ്വതന്ത്രമാക്കുക . തങ്ങളുടെ ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തിയ വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും അധ്യാപകരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ സംഭവിക്കുന്ന കാര്യങ്ങളിലേക്ക് മാത്രമായി ലക്ഷ്യങ്ങളെ ചുരുക്കരുതെന്നും കൂടുതല്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. ആരോഗ്യകരമായ ദിനചര്യങ്ങള്‍ പാലിക്കുവാനും പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസുണ്ടാവുക. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ദിനചര്യകള്‍ പാലിക്കുക. പ്രത്യേകിച്ചും പരീക്ഷാ കാലത്ത് മോദി പറഞ്ഞു.
എന്നാല്‍ ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാലകളിലെ വിവാദവിഷയങ്ങളെ പരാമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല.

Latest