Connect with us

Gulf

ദുബൈ ഗ്രീന്‍ ഫ്രീസോണ്‍ പദ്ധതിയുമായി ദിവ

Published

|

Last Updated

ദുബൈ: ദുബൈയില്‍ ഗ്രീന്‍ ഫ്രീസോണ്‍ നിര്‍മിക്കാന്‍ പദ്ധതിയുമായി ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദിവ) രംഗത്ത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050ന്റെ ഭാഗമായാണ് ഇത്. അടിസ്ഥാന സൗകര്യങ്ങള്‍, നിയമനിര്‍മാണം, ധനസഹായം, മികച്ച കെട്ടിടങ്ങള്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജം പ്രദാനംചെയ്യുക തുടങ്ങിയവയിലൂടെ ദുബൈ ഗ്രീന്‍ സോണ്‍ എന്ന പേരില്‍ പുതിയ ഫ്രീസോണാണ് ദിവയുടെ ലക്ഷ്യം. ഊര്‍ജ കമ്പനികളെ ആകര്‍ഷിക്കാനുതകുന്ന ആഗോള ഹബ് ആയി ഇതിനെ മാറ്റും. കമ്പനികളെ പ്രോത്സാഹിപ്പിക്കാനും ഊര്‍ജ രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ഗ്രീന്‍സോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും.

അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന കാര്‍ബണ്‍ പുറന്തള്ളലിന് സമഗ്രമായ പരിഹാരം ഗ്രീന്‍സോണ്‍ യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കുമെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
ഊര്‍ജ-ജല വിതരണം ഇനിയും മികച്ച രീതിയിലാക്കാന്‍ ദിവ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അടുത്ത തലമുറക്ക് സുസ്ഥിരമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു.