Connect with us

Gulf

ഖത്വര്‍ ടോട്ടല്‍ ഓപ്പണ്‍ കിരീടം സ്‌പെയിന്‍ താരം കാര്‍ല നവാരോയ്ക്ക്

Published

|

Last Updated

ദോഹ: പതിനാലാമത് ഖത്വര്‍ ടോട്ടല്‍ ഓപ്പണ്‍ കിരീടം സ്‌പെയിന്‍ താരം കാര്‍ല സുവാരസ് നവാരോയ്ക്ക്. ഖലീഫ ടെന്നീസ് ആന്‍ഡ് സ്‌ക്വാഷ് കോംപ്ലക്‌സിലെ സെന്റര്‍ കോര്‍ട്ടില്‍ ഇന്നലെ വൈകുന്നേരം നടന്ന ഫൈനലില്‍ ലാത്വിയയുടെ യെലേന ഒസ്റ്റപെന്‍കോയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് നവാരോ ആദ്യമായി ഖത്തര്‍ ഓപ്പണ്‍ കിരീടം ചൂടിയത്, സ്‌കോര്‍ 1-6, 6-4, 6-4.
നവാരോയുടെ കരിയറിലെ രണ്ടാം കിരീടനേട്ടമാണിത്. ഏറ്റവും വലിയ നേട്ടവുമാണിത്. ആദ്യ സെറ്റ് നഷ്ടമായ ശേഷം മികച്ച തിരിച്ചു വരവു നടത്തിയാണ് നവാരോ സീസണിലെ തന്റെ ആദ്യ ഡബ്ല്യു ടി എ കിരീടം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നിഷ്പ്രയാസം ലാത്വിയുടെ കൗമാരതാരം നേടിയപ്പോള്‍ മത്സരം ഏക പക്ഷീയമാകുമെന്നാണ് കരുതിയത്. ആദ്യസെറ്റ് ഒസ്റ്റപെന്‍കോ സ്വന്തമാക്കി(6-1). രണ്ടാംസെറ്റിലും നവാരോയുടെ സര്‍വീസ് ബ്രേക്ക് ചെയ്ത് ഒസ്റ്റപെന്‍കോ ലീഡ് നേടിയെങ്കിലും പിന്നീട് കളി മാറുകയായിരുന്നു. മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന നവാരോ തുടര്‍ച്ചയായ രണ്ടു സെറ്റുകളും നേടി കിരീടം ഉറപ്പിക്കുകയായിരുന്നു.
തുടര്‍ച്ചയായി ഡബിള്‍ഫോള്‍ട്ട് വരുത്തിയതാണ് ഒസ്റ്റപെന്‍കോയ്ക്ക് തിരിച്ചടിയായത്. ഒരു മണിക്കൂര്‍ 51മിനിറ്റ് നീണ്ട മത്സരത്തില്‍ ലാത്വിയന്‍ താരം അഞ്ച് എയ്‌സുകള്‍ പായിച്ചു. അത്രതന്നെ ഡബിള്‍ഫോള്‍ട്ടും വരുത്തി. എന്നാല്‍ രണ്ടുതവണ മാത്രമാണ് നവാരോ ഇരട്ടപ്പിഴവ് വരുത്തിയത്. ഒസ്റ്റപെന്‍കോ 28വിന്നറുകള്‍ പായിച്ചപ്പോള്‍ നവാരോയ്ക്ക് ഒമ്പതെണ്ണമേ പായിക്കാനായുള്ളു. എന്നാല്‍ 47 അണ്‍ഫോഴ്‌സ്ഡ് പിഴവുകള്‍ ഒസ്റ്റപെന്‍കോയ്ക്ക് തിരിച്ചടിയായി.
ഒന്നാം റൗണ്ടില്‍ കസാഖിസ്ഥാന്റെ സറീന ദിയാസിനെയും രണ്ടാം റൗണ്ടില്‍ റഷ്യയുടെ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയെയും പ്രീക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര കവിറ്റോവയെയും ക്വാര്‍ട്ടറില്‍ ചൈനയുടെ സെയ് സെയ് സെങിനെയും സെമിഫൈനലില്‍ ജര്‍മ്മനിയുടെ ആന്‍ഡ്രിയ പെറ്റ്‌കോവികിനെയും മറികടന്നായിരുന്നു ഒസ്റ്റപെന്‍കോയുടെ മുന്നേറ്റം.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച കാര്‍ല സുവാരസ് നവാരോ രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യയുടെ ഡോണ വെകികിനെയും പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ ടിമിയ ബാക്‌സിന്‍സ്‌കിയെയും ക്വാര്‍ട്ടറില്‍ റഷ്യയുടെ എലേന വെസ്‌നിനയെയും സെമിയില്‍ പോളണ്ടിന്റെ അഗ്‌നിയേസ്‌ക്വ റാഡ്വാന്‍സ്‌കയെയുമാണ് മറികടന്നത്.
ഇന്നലെ ഫൈനലിലു മുന്നോടിയായി കലാ, സാംസ്‌കാരിക പരിപാടികളും നടന്നിരുന്നു. ഖത്വരി പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട ഗായകസംഘത്തിന്റെ പരിപാടി ശ്രദ്ധേയമായി.

Latest