Connect with us

Articles

ഗ്യാന്‍ദേവ് അഹുജയുടെ അശ്ലീല ആയുധം

Published

|

Last Updated

സരിതയും സോളാറും കേരള രാഷ്ട്രീയത്തിന്റെ തലവര മാറ്റി വരച്ചതും, കേരള സമൂഹത്തിന്റെ സാമൂഹിക മനഃശാസ്ത്രത്തെ മാറ്റി മറിച്ചതും മറക്കാറായിട്ടില്ല. സൈദ്ധാന്തിക അടിത്തറ നഷ്ടപ്പെട്ടുവെന്ന് എതിര്‍ചേരി പരിഹസിച്ചിരുന്ന ഇടതുപക്ഷം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനകീയ അടിത്തറ സൃഷ്ടിച്ചു കൊണ്ട് ഇരച്ചു കയറിയത് സരിതയുടെ സാരിത്തുമ്പില്‍ തൂങ്ങിക്കൊണ്ട് കൂടിയായിരുന്നു. അതുപോലെ തന്നെ കേരളത്തിന്റെ രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക- മണ്ഡലങ്ങളെ അട്ടിമറിച്ചു 2014 നവംബര്‍ രണ്ടിന് എറണാകുളത്തെ മറൈന്‍ഡ്രൈവില്‍ അരങ്ങേറിയ ചുംബന സമരം എന്ന പ്രതി സദാചാര സാമൂഹിക ജനസഞ്ചയവും ലൈംഗികത എന്ന സംജ്ഞയുടെ അക്രമോത്സുകതയെ സമകാലിക ഇന്ത്യന്‍ പരിസരത്തിന് വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.
ലൈംഗികത, എന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളോട് കൂടെയാണ് വളര്‍ച്ച പ്രാപിച്ചിട്ടുള്ളത്. പ്രാചീന ഗ്രീസില്‍ നിന്ന് തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സമകാലിക ചുറ്റുവട്ടത്ത് വരെ ലൈംഗികത അതിന്റെ വന്യവും രൂക്ഷവുമായ സ്വാധീനത്തെ കൊത്തിയിട്ടുണ്ട്. പക്ഷേ, ഇന്ത്യയിലും കേരളത്തിലും രാഷ്ട്രീയ, ധൈഷണിക മണ്ഡലം സദാചാരത്തിന്റെ മേല്‍ കെട്ടിപ്പടുത്തതായത് കൊണ്ട് തന്നെ ലൈംഗികതയുടെ വ്യക്തിയേതര മാനങ്ങള്‍ ഇനിയും കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ലൈംഗികത എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ കണ്ണും ചെവിയും വായും പൊത്തുന്ന ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ ഈയടുത്ത കാലത്തായി ലൈഗികതയുടെ രാഷ്ട്രീയം ഒരു ഒഴിച്ചുകൂടാനാവാത്ത സംജ്ഞയായി മാറിക്കഴിഞ്ഞിരിക്കുന്നു.
കെ ചക്രബര്‍ത്തിയുടേയും രാജേന്ദ്ര പ്രസാദിന്റെയും നേതൃത്വത്തില്‍ ഇന്ത്യന്‍ ധൈഷണിക മണ്ഡലത്തിലും എം എന്‍ വിജയന്റേയും കെ ഇ എന്നിന്റെയും നേതൃത്വത്തില്‍ കേരളീയ ധൈഷണിക മണ്ഡലത്തിലും ഉയര്‍ന്നു വന്ന ലൈംഗികതയെ പറ്റിയുള്ള സംവാദങ്ങള്‍ക്ക് അത്രത്തോളം ശ്രദ്ധയോ പിന്തുടര്‍ച്ചയോ ലഭിച്ചിട്ടില്ല. ജനശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലെങ്കിലും വിജയനും കെ ഇ എന്നും ഇതിനെ പറ്റി ശക്തമായി സംവാദങ്ങളിലേര്‍പ്പെട്ടിരുന്നു. ലൈംഗികതയും രാഷ്ട്രീയവും തമ്മിലുള്ള സര്‍ഗാത്മകവും ക്രൂരവുമായ സൈദ്ധാന്തിക ബന്ധത്തെ കുറിച്ച് “പാഠം” മാസികയില്‍ “സിഗ്മണ്ട് ഫ്രോയ്ഡും കമ്മ്യൂണിസ്റ്റ് സദാചാരവും” എന്ന തലക്കെട്ടില്‍ എം എന്‍ വിജയന്‍ ലേഖനമെഴുതിയിട്ടുണ്ട്. ആ ലേഖനത്തിലെ ചില വരികള്‍ ഇങ്ങനെയാണ്. “”ഒരു തപസ്സിനെ ഒരു നൃത്തം കൊണ്ട്, അഴിഞ്ഞാട്ടം കൊണ്ട് നേരിടാം എന്നുള്ളത് പ്രീചീന ഭാരതീയ സങ്കേതമാണ്. അതിവിടെ ആചരിച്ചു പോന്നിരുന്ന ഒരു വ്യതിചലന സങ്കേതമാണ്; കുട്ടികളോട് അമ്മമാര്‍ കാണിക്കുന്ന ഒരു സങ്കേതത്തിന്റെ രുപാന്തരമാണ്. സെക്‌സ് ഇത്തരമൊരു വ്യതിചലന സങ്കേതമായി രാഷ്ട്രീയത്തില്‍ ഉപയോഗിക്കാന്‍ പണമുതലാളിത്തം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പൊതു താത്പര്യത്തില്‍ നിന്ന് സ്വാതന്ത്ര്യദാഹത്തില്‍ നിന്ന്, സമത്വബോധത്തില്‍ നിന്ന് നമ്മുടെ ലക്ഷ്യ ബോധത്തില്‍ നിന്ന് നമ്മെ ഡൈവേര്‍ട്ട് ചെയ്യാന്‍ സെക്‌സ് ഉപയോഗിക്കുമെന്നുള്ളത് കൊണ്ടാണ് പ്ലാറ്റോ, കവികള്‍ സെക്‌സിനെകുറിച്ച് എഴുതരുതെന്ന് പറഞ്ഞത്. ഏതന്‍സ് തോറ്റ് തൊപ്പിയിട്ടിരിക്കുന്ന കാലത്താണ് പ്ലാറ്റോ അദ്ദേഹത്തിന്റെ പുസ്തകങ്ങളൊക്കെ എഴുതിക്കൊണ്ടിരുന്നത്. ആ സമയത്ത് അദ്ദേഹത്തിന് ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. ഏതന്‍സ് ജയിക്കണമെന്ന മോഹം. സെക്‌സില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നാല്‍ യുദ്ധത്തില്‍ താത്പര്യം കുറയും. നമ്മുടെ നാടകങ്ങളുടെ ഒരു വലിയ പ്രഭവകേന്ദ്രം ഗ്രീക്ക് നാടകങ്ങളായിരുന്നു. നമ്മുടെ ഏറ്റവും വലിയ നാടകകൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞ “രാജാവിന് സ്ത്രീകളോടുള്ള സ്‌നേഹം രാജ്യത്തോട് ഉണ്ടായിരുന്നെങ്കില്‍ രാജ്യം എത്ര നന്നായിപ്പോയേനെ””. ഈ വരികളിലൂടെ ലൈംഗികതയുടേയും അതു ബന്ധപ്പെട്ടുകിടക്കുന്നവയുടേയും രാഷ്ട്രീയത്തിലുള്ള പ്രഹരശേഷിയായിരുന്നു വിജയന്‍ വ്യക്തമാക്കിയത്.
ജെ എന്‍ യുവില്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്ടത്തേയും വേശ്യാലയത്തേയും പറ്റിയുള്ള ചര്‍ച്ചകള്‍ ഈ വരികള്‍ക്ക് സമകാലിക പ്രസക്തി നല്‍കുന്നുണ്ട്. കുറച്ച് ദിവസം മുമ്പ് രാജസ്ഥാനിലെ ഒരു എം എല്‍ എ ഗ്യാന്‍ദേവ് അഹുജ, സര്‍വകലാശാലയിലെ കോണ്ടം കാനേഷുമാരിയെപ്പറ്റി പറഞ്ഞതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. സര്‍വകലാശാലയില്‍ നിന്ന് ദിവസവും മുവായിരത്തിലധികം കോണ്ടങ്ങളാണ് ലഭിക്കുന്നതെന്നും അവിടം ഒരു വേശ്യാലയമാണെന്നുമുള്ള എം എല്‍ എയുടെ പ്രസ്താവനക്ക് ജെ എന്‍ യുവിലെ വിദ്യാര്‍ഥി നേതാവായ കാശ്മീരി പെണ്‍കുട്ടി ഷെഹ്‌ല റാഷിദ് “വേശ്യയെന്ന് വിളിക്കുന്നതിനേക്കാള്‍ അപമാനകരം സംഘിയെന്ന് വിളിക്കുന്നതാണെ”ന്ന് മറുപടി കൊടുത്തതോടെ ക്യാമ്പസിന്റെ രാഷ്ട്രീയ മണ്ഡലം തകിടം മറിഞ്ഞു.
അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ ചോദ്യം ചെയ്തുകൊണ്ട് സമരം ചെയ്ത കനയ്യകുമാര്‍ എന്ന വിദ്യാര്‍ഥിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട, ആവിഷ്‌കാര സ്വാതന്ത്രത്തിന്റേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാവിവത്കരണത്തിനെതിരെയും തുടങ്ങിയ യഥാര്‍ഥ പ്രശ്‌നം ഇന്ത്യയിലേയും അന്താഷ്ട്ര തലത്തിലേയും ശ്രദ്ധയും ഐക്യദാര്‍ഢ്യവും നേടിയിരുന്നു. പക്ഷെ, പ്രശ്‌നം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പുറത്തുവന്ന ആ രണ്ട് പ്രസ്താവനകള്‍ യഥാര്‍ഥ പ്രശ്‌നത്തെ മുഖ്യധാരയില്‍ നിന്ന് തുടച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബി ജെ പി മെനഞ്ഞ ഒരു തന്ത്രമായിരുന്നു ജെ എന്‍ യു പ്രശ്‌നം എന്ന ആശയം കൈമാറുന്ന ഒരു കാര്‍ട്ടൂണ്‍ “ദ ഹിന്ദു” പത്രത്തില്‍ വന്നിരുന്നു. അതുപോലെ ആഴ്ചകള്‍ കഴിഞ്ഞിട്ടും അക്രമോത്സുകമാവുന്നതല്ലാതെ പ്രശ്‌നം ശാന്തമാവുന്നത് കാണാതായപ്പോള്‍ “സംഘ്പരിവാര്‍” ഉപയോഗിച്ച ഒരു തന്ത്രമായിരുന്നു ഈ കോണ്ടം എന്ന ലൈംഗിക തന്ത്രം.
സര്‍വകലാശാലയെ ഗ്യാന്‍ദേവ് അഹുജാ കോണ്ടവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ട് നടത്തിയ പ്രസ്താവന എന്തായാലും യഥാര്‍ഥ ലക്ഷ്യത്തില്‍ തന്നെ കൊണ്ടിരിക്കുന്നു. അതിനെ ഉപയോഗിച്ചുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങളെല്ലാം യഥാര്‍ഥ പ്രശ്‌നത്തെ മുക്കിത്താഴ്ത്താന്‍ ശ്രമിച്ചു. പ്രശ്‌നം കൈപ്പിടിയിലൊതുങ്ങില്ല എന്നു കണ്ടപ്പോള്‍ ലൈംഗികതയെ ഉപയോഗിച്ച് ഒരു സൈദ്ധാന്തിക രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചതായിരുന്നു ബി ജെ പിയും സംഘ്പരിവാറും. ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പറ്റിയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കാവിവത്കരണത്തെപ്പറ്റിയുമൊക്കെയുള്ള സംവാദങ്ങളും ചര്‍ച്ചകളും പൊടുന്നനെ നിലച്ചു. ഷെഹ്‌ലയും കോണ്ടവും വാര്‍ത്തകളില്‍ നിറഞ്ഞു. കോണ്ടത്തിന്റെ എണ്ണത്തെപ്പറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, ഷെഹിലയുടെ ഉശിര്, ഊര്, അഴക് തുടങ്ങിയ വിഷയങ്ങളായി പിന്നീട് സാമൂഹിക, വാര്‍ത്താ മാധ്യമങ്ങളുടെ ചര്‍ച്ച.
വിജയന്‍ എഴുതിയത് പോലെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ലൈംഗികത എന്ന വ്യതിചലന സങ്കേതം ഉപയോഗിച്ച് സാമൂഹിക ശ്രദ്ധയെ വഴി തിരിക്കലായിരുന്നു. ഈ നിലവാരം കുറഞ്ഞ വിവാദം കൊണ്ട് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയും ഭരണവര്‍ഗത്തോടുള്ള നിലപാടും പൊതുമണ്ഡലത്തിന് വ്യക്തമായി.
കോണ്ടവും ഷെഹ്‌ലയും നിറഞ്ഞു നില്‍ക്കുന്ന ഈ പുതിയ പ്രശ്‌നാന്തരീക്ഷത്തിന് മറ്റൊരു തലം കൂടിയുണ്ട്. സമകാലിക സംഭവ വികാസങ്ങളുടെ ചരിത്രങ്ങള്‍ വ്യക്തമാക്കുന്നത്, ഈ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രശ്‌നങങ്ങള്‍ ഒന്നു ഒതുങ്ങിക്കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയത്തിന്റേയും പ്രതീതിലോകത്തിന്റെയും ഇര ഷെഹ്‌ലയുടെ സ്വത്വമായിരിക്കും എന്നാണ്. കാരണം, ഒരേ സമയം ആധുനിക സമൂഹം വേട്ടയാടിക്കൊണ്ടിരിക്കുന്ന, ഇസ്‌ലാം, സ്ത്രീ എന്നീ രണ്ട് സ്വത്വങ്ങളും ഷെഹ്‌ലയില്‍ ഒന്നിക്കുന്നുണ്ട്. അത് ചര്‍ച്ചകള്‍ക്ക് ചൂടും ചൂരും കൂട്ടുമെന്നത് തന്നെ.
മോദിയുടേയും സ്മൃതി ഇറാനിയുടേയും പേരുകള്‍ കോണ്ടത്തിന്റെ അവതരണത്തോട് കൂടെ അന്തരീക്ഷത്തില്‍ നിന്ന് പതുക്കെ ഇല്ലാതായി. കോടതിയില്‍ വെച്ച് കന്‍ഹയ്യ കുമാര്‍ തല്ലിച്ചതക്കപ്പെട്ടതിനെതിരെ ഉയര്‍ന്നു വന്ന വിദ്യാര്‍ഥി സഞ്ചയത്തെ കോണ്ടം കണക്കെടുപ്പിലേക്കും അതിനെ എതിര്‍ക്കുന്ന ജോലിയിലേക്കും ഷെഹ്‌ലയുടെ പിന്നാലെയും തരിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ചെറുത്തുനില്‍പ്പിന്റെ തോതിനെ ശക്തമായി കുറക്കാന്‍ അതുകൊണ്ട് അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
രാജ്യത്തെ വേട്ടായാടിക്കൊണ്ടിരിക്കുന്ന ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് പൊതുജനത്തെ വഴിതിരിച്ചുവിടാന്‍ ബി ജെ പിയും സംഘ്പരിവാറും ഉപയോഗിച്ച ലൈംഗികത പോലെയുള്ള സൈദ്ധാന്തിക ഉപകരണങ്ങളെ തിരിച്ചറിയാനും ചെറുത്ത് നിര്‍ത്താനും ഈ വിധത്തിലുള്ള ചര്‍ച്ചകള്‍ ഇനിയും ഇന്ത്യന്‍ ധൈഷണിക വ്യവഹാര മണ്ഡലങ്ങളില്‍ നടക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം, ഇതു പോലെയുള്ള പൊടിക്കൈകളില്‍ പെട്ട് ഒരടി പോലും മുമ്പോട്ട് പോകാനാകില്ലെന്നും മാത്രമല്ല, സംഘ്പരിവാറിന്റെ വിജയത്തിന് ആക്കം കൂട്ടുക കൂടിയായിരിക്കും ഇന്ത്യന്‍ സമൂഹം ചെയ്യുക. ജെ എന്‍ യു പോലെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഒരു സര്‍വകലാശാലയെ വേട്ടയാടുന്ന പ്രശ്‌നം അവിടുത്തെ വിദ്യാര്‍ഥികളെ മാത്രമല്ല ബധിക്കുന്നത്. മറിച്ച് ഇന്ത്യാക്കാരെ മുഴുവനുമാണ്.

Latest