Connect with us

International

സിറിയന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് പ്രതിപക്ഷം

Published

|

Last Updated

ദമസ്‌കസ്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയന്‍ സൈന്യം നിരവധി തവണ ആക്രമണം നടത്തിയതായി പ്രതിപക്ഷ ആരോപണം. രാജ്യവ്യാപകമായി വിമതരുടെ നിയന്ത്രണത്തിലുള്ള 15 ലേറെ പ്രദേശങ്ങളില്‍ സൈന്യം വ്യോമാക്രമണം നടത്തിയെന്നാണ് പ്രതിപക്ഷം പറയുന്നത്. ശനിയാഴ്ച മുതലാണ് കരാര്‍ നിലവില്‍ വന്നിരുന്നത്. അലപ്പൊ പ്രവിശ്യയിലെ രണ്ട് ഗ്രാമങ്ങള്‍ക്ക് നേരെ സിറിയന്‍ സഖ്യ രാജ്യമായ റഷ്യയുടെ യുദ്ധവിമാനങ്ങളും ആക്രമണം നടത്തിയതായി സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. കരാര്‍ നിലവില്‍ വന്നതിന് ശേഷം നടക്കുന്ന കടുത്ത ലംഘനമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലതാകിയ പ്രവിശ്യയില്‍ വിമത കേന്ദ്രങ്ങള്‍ക്ക് നേരെ സിറിയന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 12ലധികം വിമതര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍നുസ്‌റ ഫ്രണ്ടിന് നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇവരെ കരാറില്‍ നിന്ന് ഒഴിവാക്കിയിരുന്നതായും റഷ്യ പ്രതികരിച്ചു.
റഷ്യയും അമേരിക്കയും തമ്മില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് അഞ്ച് വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിന് താത്കാലിക പരിഹാരമെന്ന നിലയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. കരാര്‍ പാലിക്കുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശാറുല്‍അസദ് ഉറപ്പ് നല്‍കിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകളില്‍ ഈ വെടിനിര്‍ത്തല്‍ കരാര്‍ വലിയ പുരോഗതി ഉണ്ടാക്കുമെന്നും കരുതപ്പെടുന്നുണ്ട്.