Connect with us

National

പരോക്ഷ നികുതി ഭാരമാകും; വന്‍കിടക്കാര്‍ക്ക് കടിഞ്ഞാണ്‍

Published

|

Last Updated

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുള്‍പ്പെടെ അടിസ്ഥാന മേഖലലകള്‍ക്ക് വന്‍ പ്രാധാന്യം നല്‍കിയെന്ന് പ്രത്യക്ഷത്തില്‍ തോന്നിക്കുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ മൂന്നാം ബജറ്റ് മുന്നോട്ട് വെക്കുന്ന പരോക്ഷ നികുതി ഭാവിയില്‍ ജനങ്ങള്‍ക്ക് ഭാരമാകും. 20,600 കോടി രൂപ പരോക്ഷ നികുതിയായി കണ്ടെത്തുമെന്ന് സൂചന നല്‍കുന്ന ബജറ്റ് ഇതിന്റെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും സമര്‍പ്പിച്ചിട്ടില്ല. വളര്‍ച്ച പിറകോട്ടടിച്ച സാമ്പത്തിക മേഖലയെ പുനര്‍നിര്‍മിക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നിര്‍ദേശവും മുന്നോട്ടുവെക്കാത്ത ബജറ്റ് പ്രത്യക്ഷ നികുതിയായി 1060 കോടിയും പ്രതീക്ഷിക്കുന്നുണ്ട്.
അതോടൊപ്പം, സുപ്രധാന മേഖലകള്‍ക്ക് വകയിരുത്തിയ തുകയും വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. പല സേവന മേഖലക്കും കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച തുകയെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് ഇത്തവണ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്ന സുപ്രധാന മേഖലയായ വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 69,794 കോടി രൂപ പുതിയ ബജറ്റില്‍ 63,826 കോടിയായി കുറച്ചു. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് വാഗ്ദാനം നല്‍കുന്ന ബജറ്റും ധനമന്ത്രിയും നിലവിലെ കാര്‍ഷിക ആത്മഹത്യയെ കുറിച്ച് തന്ത്രപരമായ മൗനം പാലിക്കുകയാണ്. ഉത്പാദനക്കുറവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും കയറ്റുമതിയിലെ മാന്ദ്യവും സാമ്പത്തിക രംഗത്തെ പിന്നോട്ടടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പൂര്‍ത്തികരിക്കാനുള്ള ബജറ്റാണെന്ന് ധനമന്ത്രിയുടെ അവകാശ വാദം യാഥാര്‍ഥ്യമാക്കാനുള്ള ഇടപെലുകളൊന്നും ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് ബജറ്റുകളെ അപേക്ഷിച്ച് വന്‍കിട നികുതി ദായകര്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ ബജറ്റ്. ആദായ നികുതി സ്ലാബുകളില്‍ മാറ്റം വരുത്താതെയുള്ള നിര്‍ദേശങ്ങളാണ് നികുതി ദായകര്‍ക്ക് തിരിച്ചടിയാകുന്നത്. വരുമാനം ഒരുകോടിയിലേറെയുള്ളവര്‍ക്ക് നികുതിക്ക് പുറമെ 15 ശതമാനം സര്‍ചാര്‍ജും നല്‍കേണ്ടിവരും.
വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കുള്ള ആദായനികുതി ഇളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയാക്കി ഉയര്‍ത്തിയത് ചെറിയ ആശ്വാസം നല്‍കുന്നതാണ്. 87 അ പ്രകാരമുള്ള ആദായനികുതി ഇളവില്‍ ചെറിയ വര്‍ധന വരുത്തുകയും ചെയ്തു. 87 അ പ്രകാരമുള്ള ആദായ നികുതിയിളവ് 2000 രൂപയില്‍ നിന്ന് 5000 രൂപയാക്കി ഉയര്‍ത്തി. എന്നാല്‍, പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് മാത്രമേ ഇത് ബാധകമാകുകയുള്ളൂ. അരുണ്‍ ജയ്റ്റ്‌ലിയുടെ കഴിഞ്ഞ ബജറ്റുകളിലും നികുതിദായകര്‍ക്ക് കാര്യമായ പരിഗണന നല്‍കിയിരുന്നു.