Connect with us

Kerala

സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു

Published

|

Last Updated

തൃശൂര്‍: 2014ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു. നിരൂപകന്‍ പ്രൊഫ. എം തോമസ് മാത്യു, കവിയും നാടകകൃത്തുമായ കാവാലം നാരായണ പണിക്കര്‍ എന്നിവരെയാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ്) നല്‍കി ആദരിക്കുന്നതെന്ന് പ്രസിഡന്റ് പെരുമ്പടവും ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും രണ്ട് പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും അക്കാദമി വാര്‍ഷികാഘോഷ സമ്മേളനത്തില്‍ സമ്മാനിക്കും.

സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശേരി, മേതില്‍ രാധാകൃഷ്ണന്‍, ഡോ.ജോര്‍ജ് ഇരുമ്പയം, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ് കമ്മത്ത് എന്നിവര്‍ക്ക് നല്‍കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച അറുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന അക്കാദമി അവാര്‍ഡുകള്‍ 11 പേര്‍ക്ക് നല്‍കും. പി എന്‍ ഗോപീകൃഷ്ണന്‍ (കവിത ഇടിക്കാലൂരി പനമ്പട്ടടി), ടി പി രാജീവന്‍ (നോവല്‍ കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും), വി കെ പ്രഭാകരന്‍ (നാടകം ഏറ്റേറ്റ് മലയാളന്‍), വി—ആര്‍ സുധീഷ് (ചെറുകഥ”വനഭേദനം), ഡോ. എം ഗംഗാധരന്‍ (സാഹിത്യ വിമര്‍ശനം ഉണര്‍വിന്റെ ലഹരിയിലേക്ക്), ഡോ. എ അച്യുതന്‍ (വൈജ്ഞാനിക സാഹിത്യം പരിസ്ഥിതി പഠനത്തിന് ഒരാമുഖം), സി വി ബാലകൃഷ്ണന്‍ (ജീവചരിത്രം/ ആത്മകഥ പരല്‍മീന്‍ നീന്തുന്ന പാടം), കെ എ ഫ്രാന്‍സിസ് (യാത്രാ വിവരണം പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും), സുനില്‍ ഞാളിയത്ത് (വിവര്‍ത്തനം ചോഖേര്‍ബാലി), ശ്രീപത്മനാഭ സ്വാമി സമ്മാനം (ബാലസാഹിത്യത്തിനുള്ള അക്കാദമി അവാര്‍ഡ്) എം ശിവപ്രസാദ് (ആനത്തൂക്കം വെള്ളി), ടി ജി വിജയകുമാര്‍ (ഹാസ്യ സാഹിത്യം മഴപെയ്തു തോരുമ്പോള്‍).
എന്‍ഡോവ്‌മെന്‍ഡ് അവാര്‍ഡുകള്‍: ഐ സി—ചാക്കോ അവാര്‍ഡ് 5000 രൂപ ബ്യാരിഭാഷാനിഘണ്ടു (ഡോ. എ എം ശ്രീധരന്‍ ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം), സി ബികുമാര്‍ അവാര്‍ഡ് 3000 രൂപ ടി ജെ എസ് ജോര്‍ജ് (ഒറ്റയാന്‍ ഉപന്യാസം), കെ ആര്‍ നമ്പൂതിരി അവാര്‍ഡ് 2000 രൂപ പി എന്‍ ദാസ് (ഒരു തുള്ളി വെളിച്ചംവൈദിക സാഹിത്യം), കനകശ്രീ അവാര്‍ഡ് 2000 രൂപ സന്ധ്യ എന്‍ പി (ശ്വസിക്കുന്ന ശബ്ദം മാത്രം കവിത), ഗീതാ ഹിരണ്യന്‍ അവാര്‍ഡ് 5000 രൂപ വി—എം ദേവദാസ് (മരണ സഹായി ചെറുകഥാ സമാഹാരം), ജി എന്‍ പിള്ള അവാര്‍ഡ് 3000 രൂപ മനോജ് മാതിരപ്പള്ളി (കേരളത്തിലെ ആദിവാസികള്‍ കലയും സംസ്‌കാരവും വൈജ്ഞാനിക സാഹിത്യം), കുറ്റിപ്പുഴ അവാര്‍ഡ് 2000 രൂപ പി പി രവീന്ദ്രന്‍ (എതിരെഴുത്തുകള്‍: ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം നിരൂപണം പഠനം)
പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. സെക്രട്ടറി ആര്‍ ഗോപാലകൃഷ്ണനും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.