Connect with us

Gulf

പിതാവ് കുത്തേറ്റു മരിച്ച കേസില്‍ സ്വദേശി യുവാവിന് വധശിക്ഷ

Published

|

Last Updated

ദോഹ: പിതാവ് കുത്തേറ്റു മരിച്ച കേസില്‍ സ്വദേശി യുവാവിന് വധശിക്ഷ. 2014ല്‍ നടന്ന സംഭവത്തില്‍ റാശിദ് അബ്ദുല്ല റാശിദ് അല്‍ നുഐമിയെയാണ് കോടതി ശിക്ഷിച്ചതെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മാനസികാസ്വാസ്ഥ്യമുള്ള യുവാവ് പിതാവിനെ കുത്തിക്കൊന്നുവെന്നാണ് കേസ്. നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ചായിരുന്നു കൃത്യം. ഏതാനും പേര്‍ ദൃക്‌സാക്ഷികളായി ഉണ്ടായരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും തമ്മില്‍ ആരംഭിച്ച തര്‍ക്കവും കയ്യാങ്കളിയുമാണ് ഒടുവില്‍ കാലപാതകത്തില്‍ കലാശിച്ചതെന്ന് നേരത്തേ അല്‍ റായ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ കഴുത്തിനു കുത്തിപ്പിടിച്ച പിതാവില്‍നിന്നും നിന്നും രക്ഷപ്പെടാനുള്ള വഴി തേടിയ റാശിദ് കാറില്‍നിന്നും ലഭിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. അപ്പോഴത്തെ ഭ്രാന്തമായ ഒരു നിമിഷത്തില്‍ ചെയ്തതാണെന്നും പിന്നീടാണ് താന്‍ പിതാവിനെയാണ് കുത്തിയതെന്ന ബോധമുണ്ടായതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. സംഭവ ശേഷം റാശിദ് നേരേ പോലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങുകയായിരുന്നു.
യുവാവ് നേരത്തേ മാനസിക രോഗത്തിനു ചികിത്സിക്കപ്പെട്ടിരുന്നതായി കോടതിയില്‍ രേഖകള്‍ ഹാജരാക്കപ്പെട്ടു. അദ്ദേഹം കോടതിക്കു മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും മാനസിക രോഗിയായിരുന്നുവെന്നതു ചൂണ്ടിക്കാട്ടി ശിക്ഷയില്‍ ഇളവിനു വേണ്ടി കോടതിയില്‍ വാദമുന്നയിച്ചു. എന്നാല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സൈക്യാട്രിക് വാര്‍ഡില്‍ നിന്നുള്ള രണ്ടു കണ്‍സള്‍ട്ടന്റുമാരെ വിസ്തരിച്ചപ്പോള്‍ പ്രതി കൃത്യം നടത്തിയ സമയത്ത് മാനസിക തകരാറിലായിരുന്നില്ലെന്ന് അറിയിച്ചിരുന്നു. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം റാശിദിനു തന്നെയാണെന്ന് രണ്ടു ദൃക്‌സാക്ഷികളും മൊഴി നല്‍കിയതായി അല്‍ റായ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് കോടതി വധശിക്ഷാ വിധി പുറപ്പെടുവിച്ചത്. ഖത്വര്‍ കോടതികളിലെ നടപടിക്രമം അനുസരിച്ച് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കു ശേഷമാണ് വിധി പകര്‍പ്പ് പുറത്തുവിടുക. കൊല്ലപ്പെട്ടയാളുടെ ഭാര്യയും റാശിദിന്റെ ഉമ്മയുമായ സ്ത്രീയുടെ മൊഴിയെടുക്കാനായി വാദം കേള്‍ക്കല്‍ കോടതി പല തവണ മാറ്റിവെച്ചിരുന്നു. മകന്‍ കുറ്റവാളിയാണെങ്കില്‍ വധശിക്ഷ നല്‍കണമെന്നായിരുന്നു മാതാവിന്റെ മൊഴിയെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു. റാശിദിന്റെ ഇളയ സഹോദരന് നിയമപ്രകാരമായ പ്രായമാകും വരെ വധശിക്ഷ നടപ്പിലാക്കാതെ അദ്ദേഹം ജയിലില്‍ തുടരും.
പ്രതിയുടെ കുടുംബത്തിന്റെ മനോഭാവത്തില്‍ മാറ്റം വരികയാണെങ്കില്‍ ശിക്ഷയില്‍ ഇളവു ലഭിക്കാമെന്നും ദോഹ ന്യൂസ് വാര്‍ത്ത പറയുന്നു.