Connect with us

Kasargod

കാസര്‍കോട് മണ്ഡലത്തില്‍ യൂത്ത് ലീഗ് പിടിമുറുക്കുന്നു; പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യം

Published

|

Last Updated

കാസര്‍കോട്: നിയമസഭാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥി നിര്‍ണയകാര്യത്തില്‍ മുന്നണികളും രാഷ്ട്രീയപാര്‍ട്ടികളും പ്രാഥമികചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ കാസര്‍കോട് നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകളും സജീവമായി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുമുഖ സ്ഥാനാര്‍ത്ഥിയായി വന്ന് നിയമസഭാംഗമായി ചരിത്രം കുറിച്ച ലീഗ് നേതാവ് സിടി അഹമ്മദലിയുടെ മാതൃകയില്‍ ഇക്കുറി കാസര്‍കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി ഒരു പുതുമുഖമുണ്ടായിരിക്കണമെന്ന ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരിക്കുകയാണ്. ഇതോടെ ഇതുസംബന്ധിച്ച ചര്‍ച്ചകളും മുറുകി. കഴിഞ്ഞ തവണ കാസര്‍കോട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വന്‍വിജയം നേടിയ ലീഗിലെ എന്‍ എ നെല്ലിക്കുന്ന് ഇക്കുറി മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. മഞ്ചേശ്വരത്തുനിന്ന് മത്സരിച്ചു ജയിച്ച മറ്റൊരു ലീഗ് നേതാവ് പിബി അബ്ദുര്‍റസാഖ് ഇപ്രാവശ്യം മത്സരിക്കാതെ പാര്‍ട്ടി നേതൃനിരയിലേക്ക് വരുമെന്നും സംസാരമുണ്ട്. ഇതിനിടയിലാണ് കാസര്‍കോട് മണ്ഡലത്തിലെ പുതുമുഖ സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് ലീഗ് അണികള്‍ ഉറ്റുനോക്കുന്നത്.
പാര്‍ട്ടിക്ക് കാസര്‍കോട് മണ്ഡലം ഒരു മലപ്പുറം തന്നെയാണ്. ബി ജെ പി വിജയപ്രതീക്ഷ പുലര്‍ത്തുന്നുണ്ടെങ്കിലും എല്‍ ഡി എഫ് അക്കാര്യത്തെ കുറിച്ച് ചിന്തിക്കുന്നേയില്ല. മണ്ഡലത്തില്‍ ലീഗിനാണെങ്കില്‍ സ്ഥാനാര്‍ഥികളാകാന്‍ ഒട്ടേറെ പേരുണ്ട്. അത്തരക്കാര്‍ സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും കൃതഹസ്തരായവരുമാണ്. അതിനിടെ പി എം എ സലാമിന് ഇക്കുറി നിയമസഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടുകയാണെങ്കില്‍ എന്‍ എ നെല്ലിക്കുന്ന് മത്സരിക്കാനിടയില്ലെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇരുവരും ഐഎന്‍എല്‍വിട്ട് മുസ്‌ലിംലീഗില്‍ ചേര്‍ന്നവരാണ്.
കാസര്‍കോട്ട് എം സി ഖമറുദ്ദീന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നവരുണ്ടെങ്കിലും ഇവിടെയും മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍ഗണന നല്‍കണമെന്നാണ് ശക്തിപ്പെടുന്ന വാദങ്ങള്‍. നഗരസഭ ചെയര്‍മാനായിരുന്ന ടി ഇ അബ്ദുല്ലയുടെയും എസ് ടി യു നേതാവ് എ അബ്ദുര്‍ റഹ്മാന്റെയും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റായിരുന്ന മാഹിന്‍ കേളോട്ടിന്റെയും പേരുകളാണ് പുതുമുഖ സ്ഥാനാര്‍ത്ഥി നിരയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പഞ്ചായത്തുകളായ ബദിയടുക്കയിലും കുമ്പഡാജെയിലും ബെള്ളൂരിലും മാഹിന്‍ മുസ്‌ലിംലീഗ് എം എല്‍ എമാര്‍ക്ക് കിട്ടിയ വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കരസ്ഥമാക്കിയിരുന്നു. ഈ നേട്ടം പാര്‍ട്ടിതലത്തിലും മുന്നണി തലത്തിലും ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. ഇത് ഉയര്‍ത്തിക്കാട്ടിയാണ് മാഹിന് വേണ്ടിയുള്ള നീക്കങ്ങള്‍ ശക്തമാകുന്നത്.