Connect with us

Articles

ആരാണ് രാജ്യദ്രോഹി?

Published

|

Last Updated

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറേ ത്വയ്യിബ തുടങ്ങിയ ജിഹാദിസ്റ്റ് ഗ്രൂപ്പുകളാണ് ജെ എന്‍ യുവിലെ സംഭവങ്ങള്‍ക്ക് പിറകിലെന്ന് പ്രചരിപ്പിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള അക്കാദമിക് സമൂഹത്തെയും അവരെ പിന്തുണക്കുന്ന ദേശീയ നേതാക്കളെയും രാജ്യദ്രോഹികളായി മുദ്രകുത്തി വേട്ടയാടാനുള്ള നീക്കങ്ങള്‍ സംഘ്പരിവാര്‍ ആരംഭിച്ചിരിക്കുന്നത്. അഫ്‌സല്‍ ഗുരു വധവുമായി ബന്ധപ്പെട്ട ഭരണകൂടത്തിന്റെ മനുഷ്യാവകാശ നിരാസത്തെയും വധശിക്ഷ നടപ്പിലാക്കാന്‍ കാണിച്ച നിയമവിരുദ്ധ ധൃതിയെയും സംബന്ധിച്ച് ജെ എന്‍ യുവിലെ ഒരു ചെറുവിഭാഗം വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സംവാദപരിപാടി എ ബി വി പിക്കാര്‍ കൈയേറുകയായിരുന്നല്ലോ.
അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സാഹചര്യത്തെ സമാധാനിപ്പിക്കാന്‍ എത്തിയ യൂനിയന്‍ ചെയര്‍മാന്‍ കന്‍ഹയ്യകുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തതിനെ ന്യായീകരിക്കാനാണ് ആഭ്യന്തരമന്ത്രി ജെ എന്‍ യു സംഭവങ്ങള്‍ക്കുപിന്നില്‍ പാക്കിസ്ഥാനും ലഷ്‌കറേ ത്വയ്യിബയുമാണെന്ന ആരോപണം ഉയര്‍ത്തിയത്. പാക്കിസ്ഥാനനുകൂല മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമായി നിര്‍മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത്തരം ദൃശ്യങ്ങളില്‍ കണ്ട മുദ്രാവാക്യം വിളിക്കുന്ന വിദ്യാര്‍ഥികള്‍ എ ബി വി പി പ്രവര്‍ത്തകാരാണെന്ന് വ്യക്തമായതോടെ ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് പ്രചരിപ്പിക്കുകയായിരുന്നല്ലോ.
സംഘ്പരിവാറിന്റെ വളരെ ആസൂത്രിതവും കുത്സിതവുമായ നീക്കമായിരുന്നു ജെ എന്‍ യു സംഭവങ്ങളെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടുകളും നല്‍കുന്ന സൂചന. ബൗദ്ധികമണ്ഡലത്തില്‍ നിന്നും മതനിരപേക്ഷജനാധിപത്യവിഭാഗങ്ങളില്‍ നിന്നും തങ്ങളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ഭരണകൂട ഭീകരത സൃഷ്ടിച്ചും ഹൂളിഗാന്‍ സംഘങ്ങളെ കയറൂരിവിട്ടും നേരിടാനാണ് സംഘ്പരിവാര്‍ പദ്ധതിയിട്ടിരിക്കുന്നത്. സി പി എം കേന്ദ്രകമ്മറ്റി ഓഫീസായ എ കെ ജി ഭവനുനേരെ നടന്ന ആക്രമണവും യെച്ചൂരിക്ക് നേരെ ഉണ്ടായിരിക്കുന്ന വധഭീഷണിയും പാട്യാല കോടതിവളപ്പില്‍ ജെ എന്‍ യു വിദ്യാര്‍ഥികളെ മര്‍ദിച്ചതും ഏറ്റവുമൊടുവില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതും രാജ്യമെത്തപ്പെട്ട ഫാസിസ്റ്റ് ഭീഷണിയുടെ വ്യക്തമായ സൂചനകളാണ്.
രാജ്യമെന്നാല്‍ ഹിന്ദുക്കള്‍ മാത്രമാണെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആഭ്യന്തരഭീഷണിയും പരമശത്രുക്കളുമാണെന്നും അനുശാസിക്കുന്ന ഗോള്‍വാള്‍ക്കറിസത്തെ പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരാണ് സംഘ്പരിവാര്‍ സംഘടനകള്‍. ഹിന്ദു മുസ്‌ലിം ഐക്യമില്ലാതെ സ്വരാജില്ലെന്ന് പറഞ്ഞ ഗാന്ധിജിയെ രാജ്യദ്രോഹിയായി അധിക്ഷേപിക്കുകയാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ ചെയ്തത്. ഏഴ് മതങ്ങളും ഹിന്ദുവെന്ന് വിവക്ഷിക്കുന്ന 3000 ജാതികളും 25000-ത്തിലേറെ ഉപജാതികളും 750-ഓളം ഭാഷകളും വ്യത്യസ്ത വംശീയ വിഭാഗങ്ങളും അടങ്ങുന്ന ബൃഹത്തായ ഒരു രാജ്യമാണ് നമ്മുടേത്. ഈ വൈവിധ്യങ്ങളെയാകെ ഉള്‍ക്കൊള്ളുമ്പോഴാണ് ഇന്ത്യ ഒരു രാഷ്ട്രവും ഒരു ജനതയുമായി തീരുന്നത്. ഹിന്ദുത്വത്തിലേക്ക് രാജ്യത്തിന്റെ വൈവിധ്യങ്ങളെയാകെ ബലം പ്രയോഗിച്ച് വിലയിപ്പിച്ചെടുക്കുന്ന സാംസ്‌കാരികദേശീയത രാഷ്ട്രത്തെ തന്നെ അസ്ഥിരീകരിക്കുകയാണ് ചെയ്യുക.
രാജ്യദ്രോഹത്തിന്റെയും ദേശീയ വഞ്ചനയുടെയും ചരിത്രം മാത്രമുള്ള സംഘ്പരിവാര്‍ മതനിരപേക്ഷ ശക്തികളെയാകെ രാജ്യദ്രോഹികളായി മുദ്രകുത്തി ക്ഷുദ്രവികാരങ്ങള്‍ ഇളക്കിവിടാനുള്ള ശ്രമത്തിലാണ്. യെച്ചൂരിയെ പാക് ഏജന്റായി മുദ്രകുത്തുന്ന ആര്‍ എസ് എസിന്റെ “ദേശസ്‌നേഹം” ബ്രിട്ടീഷ് പാദസേവയും അമേരിക്കന്‍ വിധേയത്വവും മാത്രമായിരുന്നുവെന്നകാര്യം ചരിത്രബോധമുള്ള എല്ലാവര്‍ക്കും അറിയാം. ഇന്നിപ്പോള്‍ ലഷ്‌കറേ ത്വയ്യിബയുടെയും പാക്കിസ്ഥാന്‍ ബന്ധത്തിന്റെയും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ഥികളെ വേട്ടയാടുന്ന ബി ജെ പി ആര്‍ എസ് എസ് നേതൃത്വത്തിന്റെ തനിനിറം ഖണ്ഡഹാര്‍ വിമാനറാഞ്ചലോടെ അനാവരണം ചെയ്യപ്പെട്ടതാണ്.
പാക്കിസ്ഥാനും ജിഹാദിസ്റ്റ് ഗ്രൂപ്പുകള്‍ക്കുമെതിരെ ആക്രോശിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ സംഘടനകളുടെ കാപട്യവും ആഗോള തീവ്രവാദികളോടുള്ള രഹസ്യബന്ധവും വാജ്പയ് ഭരണകാലത്തെ വിദേശ മന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് തന്നെ തന്റെ ആത്മകഥാപരമായ പുസ്തകത്തില്‍ അറിയാതെ സൂചിപ്പിച്ചുപോകുന്നുണ്ട്. പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികളെ വേട്ടയാടുന്ന സംഘ്പരിവാര്‍ നേതൃത്വം കൊടുത്ത വാജ്പയ് ഗവണ്‍മെന്റ് വിമാനറാഞ്ചികളായ ഭീകരന്മാര്‍ക്കു മുമ്പില്‍ പൂര്‍ണമായി കീഴടങ്ങുകയായിരുന്നല്ലോ. അന്ന് ഭീകരര്‍ ആവശ്യപ്പെട്ട ഇന്ത്യന്‍ തടവറയില്‍ കഴിയുന്ന മൗലാനാ മുഹമ്മദ് അസറിനെ മോചിപ്പിക്കാന്‍ ആര്‍ എസ് എസിന്റെ ഒരു രാജ്യസ്‌നേഹവും അവര്‍ക്ക് തടസ്സമായില്ല.
മാത്രമല്ല കുപ്രസിദ്ധരായ മറ്റ് രണ്ട് ജിഹാദിസ്റ്റ് നേതാക്കളെയും വാജ്പയ് ഗവണ്‍മെന്റ് പാക്-താലിബാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരുടെ ആവശ്യപ്രകാരം വിട്ടയക്കുകയായിരുന്നല്ലോ. അല്‍ ഉമര്‍ മുജാഹിദ്ദീന്‍ മേധാവിയായ മുഷ്താഖ്അഹമ്മദ്‌സര്‍ഗാറിനെയും മറ്റൊരു തീവ്രവാദി നേതാവായ അഹമ്മദ് സല്‍സയ്ദ് ഷെയ്ഖിനെയുമാണ് വിട്ടയച്ചത്. അതിനുപുറമെ തീവ്രവാദികള്‍ ആവശ്യപ്പെട്ട പ്രകാരം വന്‍തുക അവര്‍ക്ക് നല്‍കാനും സംഘ്പരിവാറിന്റെ രാജ്യസ്‌നേഹം തടസ്സമായില്ലല്ലോ.
ഇന്നിപ്പോള്‍, സ്വതന്ത്ര കാശ്മീരിനനുകൂലമായി ജെ എന്‍ യു ക്യാമ്പസില്‍ മുദ്രാവാക്യം ഉയര്‍ന്നു എന്ന ആക്ഷേപവും സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. സ്വതന്ത്ര കാശ്മീരിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വിഘടനശക്തികളുമായി ബന്ധം പുലര്‍ത്തുന്ന പി ഡി പിയുമായി ചേര്‍ന്നാണ് കാശ്മീരില്‍ ബി ജെ പി അധികാരം കൈയാളുന്നത്. അഫ്‌സല്‍ ഗുരു വധത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ മൃതദേഹം കാശ്മീരിന്റെ മണ്ണില്‍ അടക്കം ചെയ്യണമെന്ന് വാദിക്കുകയും ചെയ്യുന്ന സംഘടനയാണ് പി ഡി പി. അവരെ കൂട്ടി കാശ്മീരില്‍ ഭരണം നടത്തുന്നവര്‍ അഫ്‌സല്‍ഗുരു അനുസ്മരണം നടത്തി എന്നാരോപിച്ച് വിദ്യാര്‍ഥികളെ വേട്ടയാടുന്നതിലെ കാപട്യവും ആത്മവഞ്ചനയും സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും.
വിമാനറാഞ്ചല്‍ സംഘ്പരിവാര്‍ ഭരണകൂടവും തീവ്രവാദികളും നടത്തിയ ഒത്തുകളി നാടകമായിരുന്നുവെന്നാണ് പിന്നീടുള്ള സംഭവങ്ങളെല്ലാം വ്യക്തമാക്കിയത്. റാഞ്ചലിന് നേതൃത്വം കൊടുത്ത ഹര്‍ക്കത്-ഉള്‍-അന്‍സാര്‍ തുടങ്ങിയ ഭീകരവാദസംഘടനകളുടെ പ്രസ്താവനയില്‍ അവര്‍ അവകാശപ്പെട്ടത് കാശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ വിജയിച്ചിരിക്കുന്നു എന്നായിരുന്നു. 1998 മെയ് 11-ലെ പൊഖ്‌റാന്‍ സ്‌ഫോടനത്തിനു ശേഷം ഇന്ത്യ ആണവരാഷ്ട്രമായി എന്നുപ്രഖ്യാപിച്ച സംഘ്പരിവാര്‍ നേതാക്കള്‍ ഇനി ഭീകരരെ സഹായിക്കുന്ന അയല്‍ രാജ്യങ്ങളെ നിലക്ക്‌നിര്‍ത്തുമെന്നെല്ലാം വാചകമടിച്ചിരുന്നു. ഭീകരരെ അവര്‍ പതിയിരിക്കുന്ന മടകളിലേക്കുവരെ പിന്തുടര്‍ന്ന് നശിപ്പിക്കുമെന്നുമാണ് അന്നത്തെ ആഭ്യന്തരമന്ത്രി അഡ്വാനി ആക്രോശിച്ചത്.
സംഘ്പരിവാര്‍, ഭീകരവാദികള്‍ക്കെതിരെ വാചകമടിച്ച് ദേശരക്ഷയുടെ പേരില്‍ സങ്കുചിത മതദേശീയബോധം വളര്‍ത്താനാണ് എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത്. അവര്‍ക്ക് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമൊക്കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുമായി നയതന്ത്രപരമായ ബന്ധം വരെയുണ്ട് എന്നാണ് വിമാനറാഞ്ചല്‍ സംഭവം വെളിവാക്കിയത്. ഖണ്ഡഹാറിലേക്ക് വിമാനം റാഞ്ചിയ ഭീകരവാദികള്‍ താലിബാന്റെയും പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘങ്ങളുടെയും നിര്‍ദേശമനുസരിച്ചാണ് നിബന്ധനകള്‍ വെച്ചതും ഒടുവില്‍ മൂന്ന് ഭീകരവാദി നേതാക്കളുടെ മോചനത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതും എന്നതാണ് വസ്തുത. ഇന്ത്യന്‍ വിദേശകാര്യമന്ത്രിതന്നെ മൂന്ന് പ്രമുഖ തീവ്രവാദി നേതാക്കളെ ഖണ്ഡഹാറിലെ താലിബാന്‍ കേന്ദ്രത്തില്‍ കൊണ്ടുചെന്നാണ് കൈമാറിയത്! ദേശവിരുദ്ധ പ്രവര്‍ത്തനവും കൊലപാതകവും നടത്തിയ റാഞ്ചികള്‍ക്ക് ഈ തീവ്രവാദികളെ കാറിലെത്തിച്ച് കൈമാറുന്നതിലൂടെ വാജ്പയ് സര്‍ക്കാറിന്റെ ദയനീയതയും കഴിവുകേടും മാത്രമല്ല വിവരമില്ലായ്മകൂടിയാണ് ലോകത്തിനുമുമ്പില്‍ വെളിവാക്കപ്പെട്ടത്. ആഗോള ഭീകരബന്ധം ആരോപിച്ച് നിരപരാധികളായ ഇന്ത്യന്‍ മുസ്‌ലിംകളെ വേട്ടയാടുന്നവരാണ് ഖണ്ഡഹാറില്‍ ചെന്ന് താലിബാനു മുമ്പില്‍ സാഷ്ടാംഗ പ്രണാമം നടത്തിയത്!
മുസ്‌ലിംകള്‍ക്കും പാക്കിസ്ഥാനുമെതിരെ വിജ്രംഭിത വീര്യവാന്മാരായി ഉറഞ്ഞുതുള്ളുന്ന സ്വന്തം അണികളെ പിടിച്ചുനിര്‍ത്താനായി അക്കാലത്തെ ആര്‍ എസ് എസ് മേധാവി രാജേന്ദ്രസിംഗ് പറഞ്ഞത് ഹിന്ദുക്കള്‍ ഭീരുക്കളാണ്, അതുകൊണ്ട് അവരുടെ സര്‍ക്കാറില്‍ നിന്ന് ഇതിനേക്കാളേറെയൊന്നും പ്രതീക്ഷിക്കാനാകില്ലെന്നാണ്. യഥാര്‍ഥത്തില്‍ ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും കാപട്യവും ദേശവിരുദ്ധതയുമാണ് വിമാനറാഞ്ചല്‍ സംഭവം പുറത്തുകൊണ്ടുവന്നത്. സി ഐ എയും മൊസാദും ചേര്‍ന്ന് മുസ്‌ലിം ഭൂരിപക്ഷമുള്ള അറബ്‌ലോകത്തെയും ഏഷ്യന്‍ രാജ്യങ്ങളെയും അസ്ഥിരീകരിക്കാനാണ് നാനാവിധ മതതീവ്രവാദപ്രസ്ഥാനങ്ങളെയും ആധുനിക ജിഹാദിസ്റ്റ് ഗ്രൂപ്പുകളെയുമെല്ലാം വളര്‍ത്തിയെടുത്തിരിക്കുന്നത്. അമേരിക്കന്‍ സഹായത്തോടെ ഫലസ്തീനും പശ്ചിമേഷ്യന്‍ ജനതക്കുമെതിരെ അക്രമോത്സുകമായി വളര്‍ന്നുവന്നിരിക്കുന്ന സയണിസത്തിന്റെ ഏഷ്യയിലെ ഏറ്റവും വലിയ പങ്കാളി ഹിന്ദുത്വവാദികളാണ്. ഹിന്ദി-ഹീബ്രു ഭായ് ഭായ് മുദ്രാവാക്യങ്ങളിലൂടെ മുസ്‌ലിം വിരുദ്ധമായ ഒരു പ്രതിലോമ സഖ്യം ഇസ്‌റാഈലും ഇന്ത്യയും ചേര്‍ന്ന് രൂപപ്പെടുത്തണമെന്നാണ് അമേരിക്കന്‍ ജൂയിഷ്‌കൗണ്‍സില്‍ ആഗ്രഹിക്കുന്നത്. സംഘ്പരിവാര്‍ ഇത്തരമൊരു ആഗോള സഖ്യത്തിനുവേണ്ടി എന്നും വാദിച്ചുപോരുകയും ചെയ്തിട്ടുണ്ട്.
കറാച്ചികേന്ദ്രമായി സ്ഥിതിയുറപ്പിച്ച് ഭീകരവാദ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണല്ലോ അധോലോക നായകനായ ദാവൂദ് ഇബ്‌റാഹിം. ഇത്തരം രാജ്യദ്രോഹ അധോലോക ശക്തികളുമായി സംഘ്പരിവാറിനുള്ള ബന്ധം പല ഘട്ടങ്ങളിലായി പുറത്തുവന്നിട്ടുള്ളതാണ്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്‌റാഹിമിന്റെ അനുയായികള്‍ക്ക് ബി ജെ പി എം പി തന്നെ രക്ഷാസങ്കേതമൊരുക്കിയതും രാജ്യത്തെ ഞെട്ടിച്ച സംഭവങ്ങളാണ്. വലിയതോതില്‍ ദേശീയ വികാരം സംഘ്പരിവാറിനെതിരെ ഉയര്‍ന്നപ്പോഴാണല്ലോ അന്നത്തെ ബി ജെ പിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് വാജ്പയ് ബ്രിജ്ഭൂഷണന്‍ ശരണ്‍ദാസ് എന്ന എം പിക്കെതിരെ നടപടി സ്വീകരിച്ചത്. അതിനായി സംഘ്പരിവാര്‍ ടാഡകോടതി ഈ രാജ്യദ്രോഹിക്കെതിരെ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിക്കുന്നതുവരെ കാത്തുനില്‍ക്കുകയും ചെയ്തു!
ഗുജറാത്തിലെ ഒരു ബി ജെ പി എം എല്‍ എ പാക്കിസ്ഥാനില്‍ നിന്ന് ആയിരത്തിലേറെ കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്തില്‍ പിടിയിലായത് സംഘ്പരിവാറിന്റെ അധോലോക ബാന്ധവത്തിലേക്ക് വെളിച്ചം വീശിയ സംഭവമായിരുന്നു. വിഘടനവാദത്തിനും തീവ്രവാദത്തിനും എതിരെ ഇന്ത്യയുടെ അഖണ്ഡതയെ കുറിച്ച് നാഴികക്ക് നാല്പതുവട്ടം പുലമ്പുന്നവരാണ് ബി ജെ പിക്കാര്‍. ബി ജെ പിയുടെ ഉന്നത നേതാവായ അഡ്വാനി ടാറ്റാ മാനേജ്‌മെന്റും ഉള്‍ഫാ തീവ്രവാദികളും തമ്മിലുള്ള രാജ്യദ്രോഹ ബാന്ധവത്തിനുമേല്‍ തിരശ്ശീലയിടാന്‍ നേരിട്ട് ഇടപെട്ടത് രാജ്യം ദര്‍ശിച്ചതാണല്ലോ. ഉള്‍ഫാ തീവ്രവാദികള്‍ക്ക് ടാറ്റ നല്‍കുന്ന സാമ്പത്തിക സഹായം പുറത്തുവന്നതോടെ ടാറ്റയെ രക്ഷിക്കാനായി മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് അഡ്വാനി ഡല്‍ഹിയില്‍ നിന്ന് ഗോഹട്ടിയിലേക്ക് വിമാനം കയറുകയായിരുന്നു. ദാവൂദ് ഇബ്‌റാഹിമിന്റെ വ്യവസായപങ്കാളിയായി കരുതുന്ന ഡല്‍ഹിയിലെ രമേശ് ശര്‍മക്ക് ബിജെ പി നേതാക്കളുമായുള്ള ബന്ധം വിവാദപരമായി ചര്‍ച്ചചെയ്യപ്പെട്ടതാണല്ലോ. 1998-ല്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ രമേശ് ശര്‍മ പണമൊഴുക്കിയത് ആരുടെ താത്പര്യത്തിനു വേണ്ടിയായിരുന്നു എന്ന് പല മാധ്യമങ്ങളും അന്ന് ചോദിച്ചതാണ്. ദാവൂദ് ഇബ്‌റാഹിമുമായി ബന്ധമുള്ള ഒരാള്‍ ബി ജെ പിയുടെ സഹായിയും രക്ഷാകര്‍ത്താവുമാകുന്നത് എന്തടിസ്ഥാനത്തിലാണ്? വലിയ ദേശീയത പറയുന്നവര്‍ എല്ലാ രാജ്യദ്രോഹശക്തികളുമായി കൈകോര്‍ക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.
വാജ്പയ് മന്ത്രിസഭയിലെ പ്രതിരോധമന്ത്രിയായിരുന്ന ഫെര്‍ണാണ്ടസിന്റെ നിര്‍ദേശപ്രകാരം അന്നത്തെ പ്രതിരോധ സെക്രട്ടറി അജിത്കുമാര്‍ മൂന്ന് സേനാ വിഭാഗങ്ങള്‍ക്കുമയച്ച സര്‍ക്കുലര്‍ ഔട്ട്‌ലുക്ക് വാരിക പുറത്തുകൊണ്ടുവരികയുണ്ടായി. രാജ്യദ്രോഹവിധ്വംസക ശക്തികളെ ബി ജെ പി അധികാരം ഉപയോഗിച്ച് എങ്ങനെയാണ് സഹായിക്കുന്നത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമായിരുന്നു ആ സര്‍ക്കുലറിലൂടെ പുറത്തുവന്നത്. അന്തമാന്‍ കടലിലൂടെ ചിറ്റഗോങ്ങിലെ കോക്‌സ് ബസാറിലെ ആയുധം കള്ളക്കടത്ത് നടത്തുന്ന കപ്പലുകളെ കുറിച്ച് വിവരം കിട്ടിയാലും യാതൊരു നടപടിയും എടുക്കാന്‍ പാടില്ലെന്നും അവരെ കസ്റ്റഡിയിലെടുക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കുലര്‍ നിര്‍ദേശിച്ചത്. 1998 ജൂലായ് 27-നാണ് പ്രതിരോധ സെക്രട്ടറി ഇങ്ങനെയൊരു സര്‍ക്കുലര്‍ അയച്ചത്.
കംപോഡിയ, തായ്‌ലന്‍ഡ്, മ്യാന്‍മര്‍ അതിര്‍ത്തികളിലെ വനപ്രദേശങ്ങള്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നിന്റെയും ആയുധകച്ചവടത്തിന്റെയും മേഖലയാണ്. മയക്കുമരുന്നും എ കെ-47 ഉള്‍പ്പെടെയുള്ള ആയുധങ്ങളും വഹിച്ചുപോകുന്ന കള്ളക്കടത്ത് കപ്പലുകള്‍ അന്തമാന്‍ കടലിലൂടെ കടന്നുപോകാന്‍ അനുവദിക്കണമെന്നാണല്ലോ വാജ്പയ് സര്‍ക്കാര്‍ സേനാ വിഭാഗങ്ങളോടാവശ്യപ്പെട്ടത്! 1998 ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ഒരു ആയുധ കള്ളക്കടത്ത് കപ്പല്‍ പിടിക്കുകയും ആയുധ ശേഖരം കണ്ടെടുക്കുകയും ചെയ്തിരുന്നു. കപ്പലില്‍ നിന്ന് എട്ട് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം മാരകമായ ആയുധങ്ങള്‍ കടത്തിക്കൊണ്ടുപോകുന്നവരെ അറസ്റ്റുചെയ്യാന്‍ പാടില്ലെന്നുപറഞ്ഞാല്‍ അതിന്റെ അര്‍ഥം ആയുധകള്ളക്കടത്തുകാരും ആയുധം വാങ്ങിക്കുന്നവരുമായ തീവ്രവാദസംഘടനകളും തമ്മിലുള്ള ബി ജെ പിയുടെ രഹസ്യബന്ധം എത്ര ശക്തമാണെന്നാണ് കാണിക്കുന്നത്.
ഇത്തരം കള്ളക്കടത്ത് ആയുധങ്ങളില്‍ നിന്ന് സിംഹഭാഗവും ലഭിക്കുന്നത് വടക്കുകിഴക്കന്‍ മേഖലകളിലെ തീവ്രവാദ വിഘടനവിഭാഗങ്ങള്‍ക്കാണ്. നാഗാലാന്‍ഡിലും മണിപ്പൂരിലും ത്രിപുരയിലും അസമിലും ബോഡോപ്രദേശത്തുമെല്ലാം പ്രവര്‍ത്തിക്കുന്ന വിഘടനവാദ സംഘങ്ങളെ രാജ്യദ്രോഹശക്തികളായി പ്രഖ്യാപിച്ച് അവരെ നേരിടാനായി സൈനിക വിന്യാസം നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അതേ സര്‍ക്കാരിനെ നയിച്ചവരാണ് ഇത്തരം സംഘങ്ങള്‍ക്ക് ആയുധം എത്തിച്ചുകൊടുക്കുന്നവരെ തടയേണ്ടെന്ന് നിര്‍ദേശം കൊടുക്കുന്നത്!! അതിര്‍ത്തികളില്‍ രാജ്യത്തെ കാക്കാനായി ജോലിചെയ്യുന്ന സൈന്യത്തിലും അര്‍ധസൈനിക വിഭാഗങ്ങളിലുംപെട്ട എത്രയോ ചെറുപ്പക്കാര്‍ വെടിവെപ്പിലും സംഘട്ടനങ്ങളിലും പിടഞ്ഞുവീണ് മരിക്കുമ്പോഴാണ് തീവ്രവാദശക്തികള്‍ക്ക് ആയുധമെത്തിച്ചുകൊടുക്കുന്ന കള്ളക്കടത്തുസംഘങ്ങളെ സഹായിക്കുന്നതെന്നോര്‍ക്കണം.