Connect with us

Articles

നിങ്ങള്‍ പഠിക്കുന്ന കോഴ്‌സിന്റെ ഫീസ് എത്രയാണ്?

Published

|

Last Updated

വിദ്യാഭ്യാസത്തിലേക്കുള്ള വഴികള്‍ ദുര്‍ഘടമാണെങ്കിലും അതിന്റെ ഫലങ്ങള്‍ മധുരമുള്ളതാണ്”
അരിസ്‌റ്റോട്ടില്‍
കഴിഞ്ഞ മാസം സുഹൃത്തിന് വേണ്ടി ബംഗളൂരുവിലെ പ്രശസ്തമായ ഒരു പ്രൊഫഷനല്‍ കോളജില്‍ പോകേണ്ടിവന്നു. ബിരുദ കോഴ്‌സിന് ചേരണമെങ്കില്‍ അവിടെ കൊടുക്കേണ്ട മൊത്തം ഫീസ് എണ്‍പത് ലക്ഷം രൂപയാണെന്ന് കോളജ് അധികൃതര്‍ നിര്‍വികാരമായി പറഞ്ഞപ്പോള്‍ ഞങ്ങള്‍ ആദ്യം ഒന്ന് ഞെട്ടി. പിന്നീടാണ് ഈ ഫീസ് ഒന്നുമല്ല എന്നും ഒരു എം ബി ബി എസ് കോഴ്‌സിന് മാത്രം വാങ്ങുന്നത് ഒരു കോടി പത്ത് ലക്ഷമാണ് എന്നൊക്കെ അറിയുന്നത്.
അങ്ങനെയാണ് കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോളജുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഭീകരമായ സാമ്പത്തിക കൊള്ളയെക്കുറിച്ച് അന്വേഷിച്ചത്. വിദ്യാഭ്യാസ ഏജന്‍സികള്‍, കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുക്കുന്നവര്‍, കോളജ് മാനേജ്‌മെന്റ് പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അറിയാന്‍ കഴിഞ്ഞത്.
കൈവശം രണ്ടായിരം രൂപയുണ്ടെങ്കില്‍ കര്‍ണാടകയില്‍ എവിടെയും സര്‍ക്കാര്‍ അംഗീകാരമുള്ള ഒരു എജ്യുക്കേഷനല്‍ കണ്‍സല്‍ട്ടന്‍സി നിങ്ങള്‍ക്ക് തുടങ്ങാം. ഓഫീസ് പോലും വേണ്ട. ലൈസന്‍സ് കിട്ടിക്കഴിഞ്ഞാല്‍ ബംഗളൂരു, മൈസൂരു, മംഗലൂരു തുടങ്ങിയ നഗരങ്ങളിലെ വിവിധ കോളജുകളുമായി സഹകരിച്ച് വിദ്യാര്‍ഥികളെ “എത്തിച്ചു” കൊടുക്കാം. മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സിനുള്ള അഡ്മിഷന്‍ ആണെങ്കില്‍ ഒരു സീറ്റിന് പത്ത് മുതല്‍ 15 ലക്ഷം രൂപ വരെ നിങ്ങളുടെ കീശയില്‍ വീഴും. പ്രവേശം നേടാന്‍ എത്തിയ വിദ്യാര്‍ഥിയെ പരിചയപ്പെടുത്തിയ ആള്‍, കോളജ് ഓഫീസില്‍ ജോലി ചെയ്യുന്ന ബിനാമി, കോഴ്‌സ് ഡയരക്ടര്‍ എന്നിവര്‍ക്കുള്ള കമ്മീഷന്‍ കഴിച്ചുള്ള സംഖ്യയാണിത്. ഇവര്‍ക്കൊക്കെയുള്ള മുഴുവന്‍ കമ്മീഷന്‍ ചാര്‍ജുകളും അഡ്മിഷന്‍ നേടാന്‍ വന്ന വിദ്യാര്‍ഥിയില്‍ നിന്ന് തന്നെ ഈടാക്കും. പക്ഷേ, വിദ്യാര്‍ഥിയോ രക്ഷിതാവോ ഇതൊന്നും അറിയില്ല. അവര്‍ ഫീസ് മുഴുവന്‍ അടക്കുന്നത് കോളജ് ഓഫീസിലാണ്. അവിടെ നിന്ന് വീതം വെച്ച് വീതം വെച്ച് അവസാനം വളരെ കുറഞ്ഞ സംഖ്യയാണ് യഥാര്‍ഥ ഫീസ് ആയി കോളജ് അക്കൌണ്ടിലെത്തുക. അപ്പോഴേക്കും അഡ്മിഷന്‍ എടുത്തു കഴിഞ്ഞ സന്തോഷത്തില്‍ വിദ്യാര്‍ഥിയും രക്ഷിതാവും വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ടാകും.
നിലവില്‍ വിവിധ നഗരങ്ങളില്‍ ഏജന്‍സികള്‍ നടത്തുന്നവര്‍ വെളിപ്പെടുത്തിയ വസ്തുതകള്‍ ഭീതിതമാണ്. ഇത്തരം പ്രൊഫഷനല്‍ കോളജുകളില്‍ പ്രവേശം നേടാന്‍ എത്തുന്നവരില്‍ 90 ശതമാനത്തിലധികവും മലയാളികളാണ്. അതും കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍. ഏതു കോഴ്‌സിനു ചേരണം എന്ന വ്യക്തമായ ധാരണയില്ലാതെയാണ് മിക്ക വിദ്യാര്‍ഥികളും ഏജന്‍സികളുടെ കൈകളില്‍ എത്തുന്നത്. അവിടെ വെച്ച് ഏജന്‍സിയുടെ വാക്ചാരുതിയില്‍ വീണ് വിദ്യാര്‍ഥിയും രക്ഷിതാവും കോഴ്‌സ് തീരുമാനിക്കുന്നു. സ്വാഭാവികമായും കൂടുതല്‍ കമ്മീഷന്‍ കിട്ടുന്ന കോഴ്‌സുകള്‍ ആണല്ലോ എജന്‍സി പരിചയപ്പെടുത്തുക. അവിടെ വിദ്യാര്‍ഥിയുടെ യഥാര്‍ഥ അഭിരുചിയോ താത്പര്യമോ പരിഗണിക്കുന്നില്ല. കോഴ്‌സ് കഴിഞ്ഞ് കിട്ടാന്‍ പോകുന്ന വലിയ ജോലിയും ശമ്പളവും കേള്‍ക്കുമ്പോള്‍ ഏതു രക്ഷിതാവും വീണുപോകുന്നു. യഥാര്‍ഥത്തില്‍ അത്തരം ഉയര്‍ന്ന ജോലി തന്നെ കിട്ടുമോ എന്നൊന്നും ആരും അന്വേഷിക്കാന്‍ പോകില്ല എന്നാണ് ഏജന്‍സികള്‍ പറയുന്നത്. കോഴ്‌സിന് ചേരാന്‍ വരുന്നവരെ സഹായിക്കുന്നവര്‍ എന്ന ലേബലിലാണ് എല്ലാ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നത്. പ്രധാന നഗരങ്ങളില്‍ ഓഫീസ് വെച്ച് മുഴു സമയവും ഏജന്‍സി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മുതല്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ വരെ സജീവ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരുന്നു.
മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളിലാണ് തങ്ങള്‍ക്ക് നല്ല കാലമെന്ന് എജ്യുക്കേഷനല്‍ കണ്‍സല്‍ട്ടന്‍സി നടത്തുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാലയളവിലാണ് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കുണ്ടാവുക. പ്ലസ് ടു, ഡിഗ്രി കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികള്‍. കേരളത്തിലെ മികച്ച പ്രൊഫഷനല്‍ കോളജുകളില്‍ ഒന്നും അഡ്മിഷന്‍ ലഭിക്കാതെ നിരാശരായി എത്തുന്നവരാണ് ഭൂരിപക്ഷം പേരും. അത്യാവശ്യം കോഴ്‌സുകളെക്കുറിച്ച് ധാരണയുള്ളവര്‍ പോലും ഭീമമായ സംഖ്യ നല്‍കി പ്രവേശം നേടാന്‍ തയ്യാറാണ്. അഡ്മിഷന്‍ ലക്ഷ്യം വെച്ച് വരുന്നവരെ പെട്ടെന്ന് വീഴ്ത്താന്‍ വേണ്ടി വിവിധ പോടിക്കൈകളാണ് ഇവര്‍ പ്രയോഗിക്കുന്നത്. നേരത്തെ ഫീസ് അടച്ചാല്‍ ഡൊണേഷന്‍ ഇല്ലാതെ ഞങ്ങള്‍ സീറ്റ് വാങ്ങിത്തരാം എന്ന വാഗ്ദാനമാണ് അതിലൊന്ന്. ഇനി ആ കോളജില്‍ വെറും രണ്ട് സീറ്റ് മാത്രമേ ബാക്കിയുള്ളൂ എന്നും ഞങ്ങള്‍ വിചാരിച്ചാല്‍ ഒന്നു തരപ്പെടുത്താന്‍ കഴിയുമെന്നുള്ള ഓഫര്‍ ആണ് മറ്റൊന്ന്. ജൂലൈ കഴിഞ്ഞും മെഡിക്കല്‍, എന്‍ജിനീയറിംഗ് സീറ്റുകള്‍ അന്വേഷിച്ച് എത്തുന്നവരും ധാരാളം. എല്ലായിടത്തും അഡ്മിഷന്‍ കഴിഞ്ഞ ശേഷം എത്തുന്നവര്‍ക്ക് കൊടുക്കാന്‍ പോലും കണ്‍സല്‍ട്ടന്‍സി സീറ്റുകള്‍ മാറ്റിവെക്കുന്നു.
കേരളത്തില്‍ നിന്ന് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പ്രൊഫഷനല്‍ കോളജുകളിലേക്ക് വിദ്യാര്‍ഥികളെ എത്തിച്ചു നല്‍കാന്‍ കേരളത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഉണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരിയര്‍ ക്ലാസുകള്‍ എടുക്കുന്നവരില്‍ ചിലരാണ് പ്രധാന വില്ലന്മാര്‍. പ്രമുഖപത്രത്തില്‍ സ്ഥിരമായി വിദ്യാഭ്യാസ കോളം എഴുതുന്ന പ്രമുഖനായ കരിയര്‍ ഗൈഡ് പത്തിലധികം ഏജന്‍സികളുമായി “ടൈ അപ്പ്” ആണെന്ന് ഒരു എജന്റ് തന്നെ വെളിപ്പെടുത്തിയപ്പോഴാണ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടം എത്ര ആഴത്തിലുള്ളതാണെന്ന് ബോധ്യമായത്. കൗണ്‍സലിംഗിന് വേണ്ടി എത്തുന്ന മിക്ക വിദ്യാര്‍ഥികളെയും ഏജന്‍സികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ മാത്രം അഗാധമായ കരിയര്‍ ജ്ഞാനമാണ് ഇത്തരം ഗുരുക്കള്‍ക്കുള്ളത്. ചില കണ്‍സല്‍ട്ടന്‍സികള്‍ക്ക് കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ഓഫീസുകളുണ്ട്. വിദ്യാഭ്യാസ, കരിയര്‍ സെമിനാറുകള്‍ ഇടക്കിടെ ഇവര്‍ സംഘടിപ്പിക്കുന്നു. അത്തരം പരിപാടികളില്‍ ക്ലാസെടുക്കാന്‍ എത്തുന്ന പ്രമുഖര്‍ വഴിയും വിദ്യാര്‍ഥികള്‍ ഇത്തരം പ്രൊഫഷനല്‍ കോഴ്‌സുകള്‍ തേടി ഏജന്‍സികളുടെ കൈകളില്‍ എത്തുന്നു. “ഒരു സെമിനാര്‍ സംഘടിപ്പിക്കാന്‍ കേവലം നാല്‍പതിനായിരം രൂപയാണ് ചെലവ്. എന്നാല്‍ ഒരു സെമിനാറില്‍ നിന്ന് ഒന്നോ രണ്ടോ സീറ്റ് കിട്ടിയാല്‍ തന്നെ ലക്ഷങ്ങള്‍ ഞങ്ങള്‍ക്ക് മറിഞ്ഞുകിട്ടും” മറ്റൊരു ഏജന്റ് പറയുന്നത് ഇങ്ങനെയാണ്. ചില അധ്യാപകരും കരിയര്‍ ഉപദേശകരായി സജീവമായി പ്രവത്തിക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വിവിധ കോളജുകളില്‍ നിന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന, റാഗിംഗിലും മറ്റു സാമൂഹിക പ്രശ്‌നങ്ങളിലും പെട്ടു ദുരിതമനുഭവിക്കുന്ന നിരവധി മലയാളി വിദ്യാര്‍ഥികളുടെ വാര്‍ത്തകള്‍ക്ക് പുറമെയാണ് ഈ സാമ്പത്തിക ചൂഷണം.
ഇത്രയും ഭീകരമായ അവസ്ഥ ലൈസന്‍സ് ഉള്ള കണ്‍സല്‍ട്ടന്‍സികളുടെ നേര്‍ചിത്രങ്ങളാണ്. എന്നാല്‍ ലൈസന്‍സ് ഒന്നുമില്ലാതെ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി കോടികള്‍ തട്ടുന്നവര്‍ അതിലും ഭീകരന്മാരാണ്. അത്തരം തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ വിവിധ കോളജുകളില്‍ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് മംഗലാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സല്‍ട്ടന്‍സി മൂന്ന് കോടി രൂപയുടെ തട്ടിപ്പ് നടത്തി പിടിയിലായത് കഴിഞ്ഞ ദിവസമാണ്. എം ബി ബി എസ്, ബി ഡി എസ്, ആയൂര്‍വേദം, ഹോമിയോ, യൂനാനി, ബി എസ് സി നഴ്‌സിംഗ്, ബി ടെക്, ആര്‍കിടെക്ചര്‍, വെറ്ററിനറി സയന്‍സ്, ബി എസ് സി അഗ്രികള്‍ച്ചറല്‍, ഫുഡ് ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് സീറ്റുകള്‍ ഉറപ്പ് നല്‍കിയത്. ആദ്യഗഡു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അടക്കാന്‍ നിര്‍ദേശിക്കും. രണ്ടാഴ്ച കഴിയുമ്പോള്‍ സീറ്റ് ശരിയായില്ലെന്ന് പറഞ്ഞ് അതേ അക്കൗണ്ടില്‍ നിന്ന് പണം തിരിച്ചയക്കും. അതോടെ രക്ഷിതാക്കള്‍ക്ക് വിശ്വാസമാകും. പിന്നീട് രക്ഷിതാവിനെ ഫോണില്‍ വിളിച്ച് ഒരു സീറ്റ് ഒഴിവുണ്ടെന്നും ഉടന്‍ കോളജിന് മുന്നിലെത്തണമെന്നും ആവശ്യപ്പെടും. ഓരോ രക്ഷിതാവിനോടും ഓരോ കോളജിന്റെ പേരായിരിക്കും പറയുക. പണവുമായി രക്ഷിതാവെത്തിയാല്‍ കോളജിനകത്ത് നിന്ന് സംഘത്തില്‍ പെട്ട ഒരാള്‍ ഓടിവന്ന് അകത്ത് വിജിലന്‍സ് റെയ്ഡ് നടക്കുകയാണെന്നും പണം പെട്ടെന്ന് തന്റെ ബാഗിലിട്ടോളൂ എന്നും പറയുന്നു. പണവുമായി കോളജിനകത്തേക്ക് പോയി അര മണിക്കൂറിനകം തിരിച്ചുവന്ന് എല്ലാം ശരിയായെന്നും ജോയിന്‍ ചെയ്യാനുള്ള തിയതി കോളജില്‍ നിന്ന് അറിയിക്കുമെന്നും വിശ്വസിപ്പിക്കും. കോളജില്‍ നിന്ന് അറിയിപ്പൊന്നും ലഭിക്കാതെ വരുമ്പോള്‍ രക്ഷിതാക്കള്‍ വീണ്ടും ഫോണില്‍ ബന്ധപ്പെടും. അപ്പോഴേക്കും സിം കാര്‍ഡ് നശിപ്പിച്ചിട്ടുണ്ടാകും. കേരളത്തില്‍ സമാന രീതിയില്‍ പത്തിലേറെ കേസുകളുണ്ട് ഇവരുടെ പേരില്‍.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അജ്ഞതയാണ് ഈ സാമ്പത്തിക ചൂഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. ഏത് കോളജിലും നേരിട്ട് പോയി അഡ്മിഷന്‍ കാര്യങ്ങള്‍ സംസാരിക്കാനും ഏജന്‍സികള്‍ ഇല്ലാതെ തന്നെ അഡ്മിഷന്‍ നേടാനും എല്ലാ പ്രൊഫഷനല്‍ കോളജുകളിലും സംവിധാനങ്ങള്‍ ഉണ്ട്. കോളജ് ഓഫീസുകളിലെ “ബിനാമികള്‍” ചിലപ്പോള്‍ ഒന്നു വട്ടം കറക്കി ഏജന്റുമാരുടെ അടുത്തേക്ക് പറഞ്ഞയച്ചേക്കാം. “ഞങ്ങള്‍ ഇല്ലാതെ നിങ്ങള്‍ക്ക് അവിടെ സീറ്റ് കിട്ടില്ലെ”ന്ന് ഏജന്‍സി പറഞ്ഞു പറ്റിക്കുകയും ചെയ്‌തേക്കാം. പക്ഷേ, ചോദിക്കേണ്ടത് പോലെ ചോദിച്ചാല്‍ നേരിട്ട് ചെയ്യാവുന്ന കാര്യങ്ങളേ ഏതു പ്രമുഖ കോളജിലും ഉള്ളൂ എന്നാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും മനസ്സിലാക്കേണ്ടത്.
ഏത് കോഴ്‌സിന് ചേരുമ്പോഴും അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. തിരഞ്ഞെടുക്കുന്ന കോഴ്‌സ് ഏത് യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സ് ആണെന്ന് ആദ്യം അന്വേഷിക്കണം. ഇന്ത്യയില്‍ നിലവില്‍ നാല് തരം സര്‍വകലാശാലകള്‍ ഉണ്ട്. കേന്ദ്ര സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയാണവ. ആദ്യത്തെ മൂന്നെണ്ണം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഉള്ളവയായതിനാല്‍ അംഗീകൃത യൂനിവേഴ്‌സിറ്റി കോളജുകളുടെ കോഴ്‌സുകളുടെ അംഗീകാരത്തെ കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടതില്ല. എന്നാല്‍ സ്വകാര്യ സര്‍വകലാശാലയിലെ കോഴ്‌സിനാണ് ചേരുന്നതെങ്കില്‍ തീര്‍ച്ചയായും അവരുടെ വെബ്‌സൈറ്റ് പരിശോധിച്ച് യു ജി സി അല്ലെങ്കില്‍ എ ഐ ടി സി ഇ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ അംഗീകാരം പ്രസ്തുത കോളജിലെ കോഴ്‌സുകള്‍ക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. അങ്ങനെ അംഗീകാരം ഇല്ലെങ്കില്‍ ആ കോളജിലെ ഒരു കോഴ്‌സിനും ചേരരുത്.
മുകളില്‍ സൂചിപ്പിച്ച രീതിയില്‍ വന്‍ സാമ്പത്തിക ചൂഷണം നടക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോളജുകള്‍ മിക്കതും സംസ്ഥാന സര്‍വകലാശാലകളോ സ്വകാര്യസര്‍വകലാശാലകളോ ആണ്. സംസ്ഥാന സര്‍വകലാശാലയുടെ അംഗീകൃത കോളജ് ആണെങ്കില്‍ കോഴ്‌സിന് അംഗീകാരം ഉണ്ടാകും. പക്ഷേ അവിടെയും സാമ്പത്തിക ചൂഷണം നടത്തുന്നവരെ തിരിച്ചറിയാനും അത്തരം അപകടങ്ങളില്‍ വീഴാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം, സ്വകാര്യ സര്‍വകലാശാലകള്‍ എല്ലാം മോശമാണ് എന്ന് ധരിക്കേണ്ടതുമില്ല. ചില കോഴ്‌സുകള്‍ക്ക് ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഉള്ളത് സ്വകാര്യ സര്‍വകലാശാലകളിലാണ്.
ചുരുക്കത്തില്‍, വിശദമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രം ഉപരിപഠനം എവിടെയാകണം എന്ന് തീരുമാനിക്കുക. നിലവാരമുള്ള കോളജില്‍ വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ച കോഴ്‌സിന് തന്നെ ചേരുക. പ്രവേശവുമായി ബന്ധപ്പെട്ട് നടക്കുന്ന വന്‍ സാമ്പത്തിക ചൂഷണത്തെ കരുതിയിരിക്കുക. കേരളത്തില്‍ നിന്ന് എന്‍ട്രന്‍സ് കിട്ടാത്ത ഒരു വിദ്യാര്‍ഥി എന്നതിനര്‍ത്ഥം അവന്റെ/അവളുടെ അഭിരുചി മറ്റേതോ വിഷയത്തിലാണെന്നതാണെന്ന സാമാന്യബോധമെങ്കിലും രക്ഷിതാക്കള്‍ക്കുണ്ടായിരിക്കുക.

---- facebook comment plugin here -----

Latest