Connect with us

Malappuram

നബിദിന റാലിക്ക് സ്വീകരണം നല്‍കിയ ക്ഷേത്ര കമ്മിറ്റിക്കെതിരെ ചേളാരി നേതാവിന്റെ പ്രസംഗം

Published

|

Last Updated

തിരൂര്‍: നബിദിന റാലിക്ക് ക്ഷേത്ര കമ്മിറ്റി സ്വീകരണം കൊടുത്തതിനെതിരെ ചേളാരി നേതാവിന്റെ പ്രസംഗം വിവാദമാകുന്നു. ക്ഷേത്ര കമ്മിറ്റിയും ഭാരവാഹികളെയും നബിദിന റാലി സംഘടിപ്പിച്ചവര്‍ക്കെതിരെയും അധിക്ഷേപിച്ചു കൊണ്ടാണ് പ്രസംഗം. മീനടത്തൂര്‍ റഹ്മാനിയ്യ സുന്നി മദ്രസയുടെ നബിദിന റാലിക്ക് അമ്മംകുളങ്ങര ഭഗവതിക്ഷേത്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ചേളാരി വിഭാഗം നേതാവ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വിഘടിത പരിപാടിയില്‍ പ്രസംഗിച്ചത്. ചേളാരി വിഭാഗം പ്രാദേശിക നേതാവായ മീനടത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറിയാണ് വിവാദ പ്രസംഗം നടത്തിയത്. ക്ഷേത്ര കമ്മിറ്റിക്ക് പണം നല്‍കി സ്വീകരണം നടത്തിച്ചു എന്നായിരുന്നു ആരോപണം. ചേളാരി നേതാവ് പരിഹസിച്ചതില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പ്രതിഷേധം അറിയിച്ചു. സഹിഷ്ണുതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും പേരില്‍ ക്ഷേത്രകമ്മിറ്റി നടത്തിയ ഉദ്യമത്തെ പൊതുജനങ്ങള്‍ക്കിടയില്‍ താറടിച്ചു കാണിച്ച മഹല്ല് സെക്രട്ടറിക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ മദ്രസ അധികൃതരും സുന്നി സംഘടനകളും പ്രതിഷേധം അറിയിച്ചു. പൗരപ്രമുഖരെയും പണ്ഡിതരെയും പങ്കെടുപ്പിച്ച് എസ് വൈ എസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഇന്ന് മീനടത്തൂരില്‍ നടക്കും.