Connect with us

Palakkad

അനങ്ങന്‍മലയുടെ വനസമ്പത്ത് കൊള്ളയടിക്കപ്പെടുന്നു

Published

|

Last Updated

പാലക്കാട്: ചന്ദനമരവും അകിലും ഔഷധസസ്യങ്ങളും ഇവയുടെ തൊലിയും വേരുകളുമാണ് കവര്‍ച്ച ചെയ്യപ്പെടുന്നത്. അനങ്ങന്‍മലയുടെ അടിവാരത്തും വനപ്രദേശങ്ങളിലും ചന്ദനമരങ്ങളും അകില്‍ മരങ്ങളും സമൃദ്ധമായി വളരുന്നുണ്ട്. ചന്ദനതൈകളും സമൃദ്ധമാണ്. ഇതാണ് മോഷ്ടാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. വനപാലകര്‍ അനങ്ങന്‍മലയുടെ വനമേഖലയില്‍ പരിശോധന നടത്തുന്നത് വല്ലപ്പോഴും മാത്രമാണ്.
പേരിനു മാത്രം വന്നുപോകുന്ന ഇവര്‍ ഉള്‍ക്കാടുകളിലേക്ക് കയറാറുമില്ല. വനപാലകരില്‍ ചിലര്‍ക്ക് മോഷ്ടാക്കളുമായി അടുപ്പമുണെ്ടന്നും പരാതിയുണ്ട്.വനമേഖലയിലും മലയടിവാരത്തും മരങ്ങള്‍ മോഷ്ടിക്കുന്നതിനൊപ്പം ആയുര്‍വേദ ആവശ്യത്തിന് ഔഷധധസ്യങ്ങളും വലിയ രീതിയില്‍ കവര്‍ച്ച ചെയ്യപ്പെടുന്നു. ഇവിടെനിന്നും കൊണ്ടുപോകുന്ന കുറുന്തോട്ടി, വേപ്പ്, ആടലോടകം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഔഷധസസ്യങ്ങള്‍ തമിഴ്‌നാട്ടിലേക്കാണ് വന്‍തോതില്‍ കൊണ്ടുപോകുന്നത്. തുച്്ഛമായ പണം നല്കി ഇവിടത്തുകാരായ തൊഴിലാളികളെ ഉപയോഗിച്ച് ശേഖരിക്കുന്ന ഔഷധസസ്യങ്ങള്‍ക്ക് വലിയ വിലയാണ് ഇടനിലക്കാര്‍ക്ക് ലഭിക്കുന്നത്.ഔഷധസസ്യങ്ങള്‍ വേരടക്കം പിഴുതെടുക്കുന്നതുമൂലം പിന്നീട് ഈ ചെടികളുടെ പരാഗണം നടക്കാതിരിക്കുകയും ഇതുവഴി ഇത്തരം സസ്യങ്ങള്‍ ഈ പ്രദേശത്തുനിന്നും നാമാവശേഷമാകുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഔഷധസസ്യ കയറ്റുമതിയുമായി ബന്ധപ്പെട്ട് വന്‍ സ്രാവുകള്‍ തന്നെ നിലവിലുണ്ട്. അനങ്ങന്‍മലയാണ് ഇവരുടെ പ്രധാനകേന്ദ്രം. ചന്ദനതൈകളും ഇവിടെനിന്നും വ്യാപകമായി പിഴുതു കൊണ്ടുപോകുന്നു.
വന്‍വിലയ്ക്കാണ് ഇത് വില്ക്കുന്നത്. മരംകാണിച്ച തൈകളുടെ വേരുകള്‍ മാത്രം എടുത്തു നശിപ്പിക്കുന്നതും ഇവിടെ പതിവാണ്. ചന്ദനമരങ്ങള്‍ യന്ത്രസംവിധാനത്തോടെയാണ് മുറിക്കുന്നത്. പ്രത്യേകതരം മോട്ടോര്‍ ഘടിപ്പിച്ച അറക്കവാളാണ് ഇതിന് ഉപയോഗിക്കുന്നത്.
ശബ്ദം അശേഷംപോലും പുറത്തേക്കു വരില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ചന്ദനമരങ്ങള്‍ക്കു പുറമേ അകില്‍മരങ്ങളും വ്യാപകമായി ഇവിടെനിന്നും കളവുപോകുന്നു.
ചന്ദനമരത്തിന്റെ ഗുണമുള്ളതുതന്നെയാണ് അകിലുകള്‍ മോഷണംപോകാന്‍ കാരണം. യഥാര്‍ഥ ചന്ദനകഷണങ്ങള്‍ക്കിടയില്‍ അകില്‍ കൂടി ചേര്‍ത്താല്‍ ഇവ രണ്ടും തമ്മില്‍ പെട്ടെന്ന് വേര്‍തിരിച്ചറിയുക പ്രയാസമാണ്.

Latest