Connect with us

Gulf

ഫുജൈറയിലും ഖോര്‍ഫുക്കാനിലും കനത്ത മഴ; ജന ജീവിതം സ്തംഭിച്ചു

Published

|

Last Updated

ദിബ്ബ: കനത്ത മഴയില്‍ ഫുജൈറയും ദിബ്ബയും മുറബ്ബയും വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ ദിവസം രാത്രി 11 മണി മുതല്‍ തുടങ്ങിയ മഴ ഇന്നലെ രാവിലെ ഒമ്പത് മണി വരെ ഖോര്‍ഫുകാനിലും ഫുജൈറയിലും ദിബ്ബയിലുമുള്‍പെടെ തകര്‍ത്തു പെയ്തു.

കനത്ത മഴ പെയ്‌തെങ്കിലും ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായതൊഴിച്ചാല്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുജൈറയില്‍ റൗണ്ട് എബൗട്ടുകള്‍ വെളളത്തില്‍ മുങ്ങി. ദിബ്ബ ശൈഖ് സായിദ് മസ്ജിദിന് സമീപത്തെയും സഫീര്‍ മാളിന് സമീപത്തെയും റൗണ്ട് എബൗട്ടുകള്‍ വെള്ളത്തിനടിയിലായി. ഇവിടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുകയും ഒരു കാര്‍ വെള്ളത്തിലകപ്പെടുകയും ചെയ്തു. ദദ്‌നയിലും അക്കയിലും ഖോര്‍ഫുക്കാനിലും ബുധനാഴ്ച രാത്രി 10 മണിയോടെ ശക്തമായ കാറ്റും മഴയുമുണ്ടായി.

കനത്തമഴ മേഖലയിലെ നഗരങ്ങളില്‍ ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. റോഡുകളെല്ലാം വെള്ളത്തിനടിയിലായതിനാല്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ മദ്ഹ, മുറബ്ബ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഒമാന്‍ ഭൂപ്രദേശമായ മദ്ഹ മലഞ്ചെരുവില്‍ നിന്ന് ആര്‍ത്തലച്ചു വന്ന മലവെളളപ്പാച്ചിലിലാണ് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായത്.

മുറബ്ബക്കടുത്ത് പ്രവര്‍ത്തിക്കുന്ന കബ്ബ സീപോര്‍ട്ടിലെ അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സ്റ്റേഷന്‍ അടച്ചിട്ടു. പ്രദേശത്തെ ഒരു ഡിസ്‌പെന്‍സറിയുടെ രണ്ട് വാതിലുകളും വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നു.
മുറബ്ബയില്‍ ഫാമുകളില്‍ വളര്‍ത്തിയിരുന്ന കോഴികളും ആടുകളും മലവെളളപ്പാച്ചിലില്‍ ഒലിച്ചുപോയി. ലേബര്‍ ക്യാമ്പുകളുടെ മതിലുകള്‍ തകര്‍ന്നു.

മലഞ്ചെരുവില്‍ നിന്നും ഒഴുകിയെത്തിയ വെള്ളം ഫുജൈറ-ദിബ്ബ റൂട്ടിലേക്ക് കടന്നു കിലോമീറ്ററുകളോളം ദൂരത്തില്‍ ഒഴുകിയെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കബ്ബയില്‍ തീരപ്രദേശ സേനയുടെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഇവിടെ ഒരു വാന്‍ ഒഴുക്കില്‍പെട്ടു. മലവെള്ളപ്പാച്ചിലിന്റെ ഭീതിയില്‍ നിന്നും മോചിതരാവാന്‍ നാട്ടുകാര്‍ക്ക് ഏറെ സമയം വേണ്ടിവന്നു.

മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് നേരത്തെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ഭരണകൂടം പരമാവധി മുന്‍കരുതലുകള്‍ സ്വീകരിച്ചതാണ് ആളപായവും മറ്റു നാശനഷ്ടങ്ങളും പരമാവധി കുറയാന്‍ ഇടയാക്കിയത്. ഒമാന്റെ ഭാഗമായ ദബ പ്രോവിന്‍സിലും അതിശക്തമായ മഴയാണ് ഇന്നലെ ഉണ്ടായത്. ഒമാനിലെ മിദ അണക്കെട്ട് മഴയെതുടര്‍ന്ന് നിറഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്.