Connect with us

Gulf

ശൈഖ് മുഹമ്മദ് ഇലക്ട്രിസിറ്റി എക്‌സിബിഷന്‍ സന്ദര്‍ശിച്ചു

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇലക്ട്രിസിറ്റി എക്‌സിബിഷനില്‍ സന്ദര്‍ശനം നടത്തുന്നു

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇലക്ട്രിസിറ്റി എക്‌സിബിഷനില്‍ സന്ദര്‍ശനം നടത്തി. ഇന്നലെയാണ് 41-ാമത് മിഡില്‍ ഈസ്റ്റ് ഇലക്ട്രിസിറ്റി എക്‌സിബിഷനില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തിയത്. 56 രാജ്യങ്ങളില്‍ നിന്നുള്ള 1,500 കമ്പനികള്‍ പങ്കെടുക്കുന്ന എക്‌സിബിഷന്‍ ട്രേഡ് സെന്ററിലാണ് നടക്കുന്നത്. ഇലക്ട്രിസിറ്റി, സൗരോര്‍ജം തുടങ്ങിയ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങളാണ് പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഊര്‍ജത്തിനാണ് പ്രദര്‍ശനത്തില്‍ പ്രാമുഖ്യം നല്‍കുന്നത്.

പരിസ്ഥിതി സംരക്ഷിക്കാനും അന്തരീക്ഷ മലിനീകരണം കുറക്കാനും ഉതകുന്ന പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസുകള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. യു എ ഇ പോലെയുള്ള രാജ്യങ്ങള്‍ വലിയ മുതല്‍മുടക്കിലാണ് എണ്ണ ഉള്‍പെടെയുള്ളവയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പരമാവധി സൗരോര്‍ജത്തിലേക്ക് മാറുകയെന്നതാണ് പരിസ്ഥിതിയെ സംരക്ഷിക്കാനും പ്രകൃതിദത്ത സ്രോതസുകള്‍ നിലനിര്‍ത്താനും അഭികാമ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അബുദാബി, ദുബൈ എന്നീ എമിറേറ്റുകളില്‍ വന്‍ സൗരോര്‍ജ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അടുത്ത ഏതാനും വര്‍ഷത്തിനിടയില്‍ ഇവയില്‍നിന്ന് രാജ്യത്തിന് ആവശ്യമായതിന്റെ നല്ലൊരു ശതമാനം വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.