Connect with us

Kerala

ആത്മവിശ്വാസത്തോടെ എല്‍ ഡി എഫ്; പൊരുതാനുറച്ച് യു ഡി എഫ്

Published

|

Last Updated

ശക്തമായ സി പി എം സംഘടനാ സംവിധാനവും മതന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനവുമുള്ള സംസ്ഥാനത്തെ ഏക ജില്ലയാണ് കോഴിക്കോട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് കോഴിക്കോടിന്റെ രാഷ്ട്രീയ ചരിത്രം. യു ഡി എഫ് തരംഗം ആഞ്ഞുവീശിയ തിരഞ്ഞെടുപ്പുകളില്‍ പോലും പിന്നാക്കം പോകാതെ പിടിച്ചുനില്‍ക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും അടിയൊഴുക്കുകളും ഉണ്ടായ ചില തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിളക്കമാര്‍ന്ന വിജയവും ജില്ല സമ്മാനിച്ചിട്ടുണ്ട്.
അവസാനം നടന്ന മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ സി പി എമ്മിന്റെയും എല്‍ ഡി എഫിന്റെയും മേധാവിത്വം ബോധ്യമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 13 നിയമസഭാ സീറ്റുകളില്‍ പത്തും എല്‍ ഡി ഫ് നേടിയപ്പോള്‍ യു ഡി എഫിന് മൂന്ന് സീറ്റാണ് ലഭിച്ചത്. 2006ലെ ഇടത് തരംഗത്തില്‍ ആകെയുള്ള 12 സീറ്റുകളില്‍ 11 എല്‍ ഡി എഫ് തൂത്തുവാരിയപ്പോള്‍ കുന്ദമംഗലത്ത് യു സി രാമനിലൂടെ ഒരു സീറ്റ് നേടി യു ഡി എഫ് മാനം കാത്തു. യു ഡി എഫ് നൂറ് സീറ്റില്‍ അധികാരത്തില്‍ വന്ന 2001ലെ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ വീതം നേടി ജില്ലയില്‍ ഇരുമുന്നണിയും തുല്ല്യത പാലിച്ചു.
നേരത്തെയുള്ള 12 മണ്ഡലങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ 13 ആയി മാറി. എലത്തൂരാണ് പുതുതായി രൂപവത്ക്കരിച്ചത്. പഴയ മേപ്പയ്യൂര്‍ മണ്ഡലത്തിന് പകരം കുറ്റിയാടി നിലവില്‍ വന്നു.
എല്‍ ഡി എഫില്‍ കഴിഞ്ഞ തവണ ഒമ്പത് സീറ്റില്‍ സി പി എമ്മും ഒരു സീറ്റില്‍ ഇടത്‌സ്വതന്ത്രനും സി പി ഐ, ജെ ഡി എസ്, എന്‍ സി പി കക്ഷികള്‍ ഓരോ സീറ്റിലുമായിരുന്നു മത്സരിച്ചത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ഇത്തവണയും ഇതില്‍ വലിയ മാറ്റം ഉണ്ടാകില്ല. കഴിഞ്ഞ തവണ ജയിച്ചവരില്‍ കൂടുതല്‍ പേരെയും നിലനിര്‍ത്തുന്നതിനൊപ്പം ചില പുതുമഖങ്ങളെയും രംഗത്തിറക്കാനാണ് സി പി എം നീക്കം. കഴിഞ്ഞ തവണ സി പി എം തോറ്റ കോഴിക്കോട് സൗത്ത് ഐ എന്‍ എല്ലിന് നല്‍കാനുള്ള നീക്കമുണ്ട്.
ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് മത്സരിക്കുകയാണെങ്കില്‍ കോഴിക്കോട് സൗത്ത് നല്‍കാന്‍ തയ്യാറാണെന്ന് സി പി എം അറിയിച്ചതായാണ് വിവരം. ഐ എന്‍ എല്ലിന് സീറ്റ് നല്‍കിയില്ലെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ സി പി മുസാഫര്‍ അഹ്മ്മദ്, മുന്‍മേയര്‍ എം ഭാസ്‌ക്കരന്‍, എം മെഹബൂബ് എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ്കുമാര്‍ എം എല്‍ എ തന്നെ വീണ്ടും സ്ഥാനാര്‍ഥിയായേക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാകും പ്രദീപ്കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിന് പാര്‍ട്ടി പരിഗണിക്കുക. എന്നാല്‍ രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടവര്‍ വീണ്ടും മത്സരിക്കേണ്ടെന്ന കര്‍ശന നിയന്ത്രണം ഉണ്ടായാല്‍ എം ഭാസ്‌ക്കരനെ നോര്‍ത്തില്‍ പരിഗണിച്ചേക്കും.
കുന്ദമംഗലത്ത് ഇടത് സ്വതന്ത്രന്‍ പി ടി എ റഹീം സ്ഥാനാര്‍ഥിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിനായി സോഷ്യല്‍ മീഡിയ വഴി അണികള്‍ പ്രചാരണം ഏറ്റെടുത്ത് കഴിഞ്ഞു. ലീഗിന്റെ ശക്തി കേന്ദ്രവും ജില്ലയില്‍ യു ഡി എഫിന്റെ ഉറച്ച സീറ്റുകളില്‍ ഒന്നുമായ കൊടുവള്ളിയില്‍ പൊതുസ്വതന്ത്രനെ തേടുകയാണ് സി പി എം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരെവെച്ച് കൊടുവള്ളി മുനിസിപാലിറ്റിയിലുണ്ടാക്കിയ മുന്നേറ്റവും ലീഗിനുള്ളിലെ ആഭ്യന്തര പ്രശ്‌നവുമാണ് സി പി എം മുതലെടുക്കാന്‍ ശ്രമിക്കുന്നത്.
സി പി എം സ്ഥാനാര്‍ഥികളും സിറ്റിംഗ് എം എല്‍ എമാരുമായ എളമരം കരീം (ബേപ്പൂര്‍), പുരുഷന്‍ കടലുണ്ടി (ബാലുശ്ശേരി), എം ദാസന്‍ (കൊയിലാണ്ടി) എന്നിവര്‍ക്ക് വീണ്ടും അവസരം നല്‍കിയേക്കും. പേരാമ്പ്രയില്‍ കെ കുഞ്ഞമ്മദിനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഏരിയ കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ കുഞ്ഞമ്മദിനൊപ്പം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണന്റെ പേരും പരിഗണിക്കപ്പെടുന്നു.
കുറ്റിയാടിയില്‍ കെ കെ ലതികക്ക് പകരം പുതിയ ഒരാള്‍ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എന്നിവരുടെ പേരാണ് പരിഗണനയില്‍. തിരുവമ്പാടിയില്‍ ജോര്‍ജ് എം തോമസിന് തന്നെയാണ് പ്രഥമ പരിഗണന.
യു ഡി എഫിനായി മുസ്‌ലിംലീഗിലെ വി എം ഉമ്മര്‍ മാസ്റ്റര്‍ തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ മണ്ഡലത്തിലെ പ്രബല വിഭാഗങ്ങളില്‍ ഒന്നായ ക്രൈസ്തവ സഭയില്‍ നിന്നുള്ള ഒരാളെ തന്നെയാകും എല്‍ ഡി എഫ് പരിഗണിക്കുക.
എന്‍ സി പിയുടെ സിറ്റിംഗ് എം എല്‍ എ എ കെ ശശീന്ദ്രന്‍ തന്നെ വീണ്ടും എലത്തൂരില്‍ സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിയില്‍ മറ്റൊരാളുടെ പേര് പോലും പരിഗണനയിലില്ലെന്ന് എന്‍ സി പി നേതൃത്വം പറയുന്നു. വടകരയില്‍ ജെ ഡി എസിന്റെ സ്ഥാനാര്‍ഥിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ലോഹ്യക്കാണ് കൂടുതല്‍ സാധ്യത. സിറ്റിംഗ് എം എല്‍ എ സി കെ നാണുവിന്റെയും ജെ ഡി എസ് ജില്ലാ പ്രസിഡന്റ് ദാമോദര്‍ മാസ്റ്ററുടെയും പേരുകളും വടകരയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നാദാപുരത്ത് സി പി ഐയുടെ ഇ കെ വിജയന്‍ തന്നെ വീണ്ടും മത്സരിക്കും.
യു ഡി എഫില്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങളായ മൂന്ന് മണ്ഡലങ്ങളില്‍ ഇതിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്‌ലിംലീഗ് പ്രചാരണം തുടങ്ങി. തിരുവമ്പാടിയില്‍ വി എം ഉമ്മര്‍, കൊടുവള്ളിയില്‍ എ എ റസാഖ്, കോഴിക്കോട് സൗത്തില്‍ എം കെ മുനീര്‍ മത്സരിക്കും. തിരുവമ്പാടിയലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചില എതിര്‍പ്പുകള്‍ ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ലീഗ് സ്ഥാനാര്‍ഥിയെ അംഗീകരിക്കാനാകില്ലെന്ന് താമരശ്ശേരി രൂപതയും മലയോര സംരക്ഷണ സമിതിയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ ധീരമായി മുന്നോട്ട് പോകാനാണ് ലീഗിന്റെ പദ്ധതി.
കുറ്റിയാടിക്ക് പകരം നാദാപുരവും കുന്ദമംഗലത്തിന് പകരം ബാലുശ്ശേരിയും നല്‍കാമെന്ന് കോണ്‍ഗ്രസ് പറയുന്നു. നാദാപുരവും കുറ്റിയാടിയും ലീഗിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി വോട്ടുകള്‍ ഏറെക്കുറെ തുല്ല്യമാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സാമുദായിക ധ്രുവീകരണം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നാദാപുരം. ഇവിടെ മത്സരിച്ചാല്‍ തിരിച്ചടിയാകുമോയെന്ന ഭയം ലീഗിനുണ്ട്.
കുന്ദമംഗലത്ത് കോണ്‍ഗ്രസിന് ലഭിച്ചാല്‍ ഡി സി സി പ്രസിഡന്റ് കെ സി അബു സ്ഥാനാര്‍ഥിയാകും. ബാലുശ്ശേരിയില്‍ ലീഗ് യു സി രാമനെയും പരിഗണിച്ചേക്കും. കുറ്റിയാടിയും നാദാപുരവുമാണ് വെച്ചുമാറുന്നതെങ്കിലും ലഭിക്കുന്ന സീറ്റില്‍ കോണ്‍ഗ്രസ് കെ സി അബുവിനെ തന്നെ പരിഗണിക്കും. കുറ്റിയാടിയില്‍ പി കെ കെ ബാവ, സൂപ്പി നരിക്കാട്ടേരി, പി കെ ഫിറോസ് എന്നിവരുടെ പേരാണ് ലീഗ് പരിഗണിക്കുന്നത്. സീറ്റ് നാദാപുരമാണ് ലഭിക്കുന്നതെങ്കില്‍ ഇവരില്‍ ഒരാള്‍ അവിടെ ലീഗ് സ്ഥാനാര്‍ഥിയാകും.
എ പ്രദീപ്കുമാറിനെ നേരിടാന്‍ കോഴിക്കോട് നോര്‍ത്തില്‍ പൊതുസമ്മതനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായുള്ള ശ്രമം തുടരുകയാണ്. കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. പി എം സുരേഷ് ബാബു, എ ഐ സി സി അംഗം പി വി ഗംഗാധരന്‍ എന്നിവരുടെ പേരാണ് പറയപ്പെടുന്നത്.
കൊയിലാണ്ടിയില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, അഡ്വ. കെ പി അനില്‍കുമാര്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. കോഴിക്കോട് സൗത്തില്‍ മത്സരിക്കാന്‍ മന്ത്രി എം കെ മുനീറിന് താത്പര്യമില്ലായിരുന്നെങ്കിലും നേതൃത്വം പ്രഖ്യാപിച്ചതോടെ അദ്ദേഹം മത്സരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. മലപ്പുറത്തെ ഏതെങ്കിലും ഒരു സുരക്ഷിത മണ്ഡലമാണ് മുനീര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ മുനീര്‍ മാറുന്നത് പ്രചാരണ രംഗത്ത് തിരിച്ചടിയാകുമെന്ന അഭിപ്രായം നേതൃത്വത്തിനുള്ളതിനാല്‍ അദ്ദേഹത്തെ സൗത്തില്‍ നിലനിര്‍ത്തുകയായിരുന്നു.
വടകരയില്‍ ജനതാദള്‍ (യു) ന്റെ സ്ഥനാര്‍ഥിയായി മനയത്ത് ചന്ദ്രന്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എലത്തൂര്‍ സീറ്റിന് പകരം കായംകുളം സീറ്റ് വേണമെന്ന് ഇന്നലെ മുഖ്യമന്ത്രിയമായി നടത്തിയ കുടിക്കാഴ്ചയില്‍ വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പേരാമ്പ്ര സീറ്റിനായി കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് (എം) അനുകൂല മറുപടി നല്‍കിയിട്ടില്ല. ഇവിടെ കഴിഞ്ഞ തവണ മത്സരിപ്പിച്ച അഡ്വ. മുഹമ്മദ് ഇക്ബാലിനെ വീണ്ടും മത്സരിപ്പിക്കാനാണ് കേരള കോണ്‍ഗ്രസ് നീക്കം. ബേപ്പൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ആദം മുന്‍സിക്ക് തന്നെയാണ് ഇത്തവണയും സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ബി ജെ പിയെ സംബന്ധിച്ചിടത്തോളം ജില്ലയില്‍ ഒരു സീറ്റ് പോലും വിജയ പ്രതീക്ഷയില്ലെങ്കിലും കുന്ദമംഗലത്തും കോഴിക്കോട് നോര്‍ത്തിലും കടുത്ത മത്സരം നടത്താന്‍ കഴിയുമെന്ന് ഇവര്‍ കണക്ക്കൂട്ടന്നു. ഇതില്‍ ശക്തമായ പാര്‍ട്ടി വോട്ടുകളുള്ള കുന്ദമംഗലത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനും കോഴിക്കോട് നോര്‍ത്തില്‍ എം ടി രമേശും സ്ഥാനാര്‍ഥിയാകും. ഏഴായിരത്തില്‍ താഴെ വോട്ടിന് ഇരുമുന്നണിയും ജയിച്ചിട്ടുള്ള കുന്ദമംഗലത്ത് ബി ജെ പി വോട്ടുകള്‍ ഇത്തവണ നിര്‍ണായകമാകും.

Latest