Connect with us

Gulf

ഖത്വറിലെ തൊഴിലാളി പാര്‍പ്പിടങ്ങള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കകം മെച്ചപ്പെടും

Published

|

Last Updated

ദോഹ: രാജ്യത്തെ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പാര്‍പ്പിടങ്ങളില്‍ അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ നിര്‍ണായകമായ പരിഷികാരങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധരുടെ അഭിപ്രായം. മിസൈമീറിലെ ലേബര്‍ സിറ്റി സന്ദര്‍ശനം നടത്തിയ രാജ്യാന്തര സംഘത്തില്‍ ഉള്‍പ്പെട്ട ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് വിഭാഗം ഫാക്വല്‍റ്റി മെമ്പര്‍ ഡോ. രാജൈ റായ് ജുരൈദിനിയാണ് തൊഴിലാളി പാര്‍പ്പിട മേഖലയില്‍ രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന മാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. വിദേശ തൊഴിലാളി പരിഷ്‌കാരങ്ങള്‍ക്ക് ഖത്വറിലെ പരിമിതികള്‍ എന്ന വിഷയത്തില്‍ അദ്ദേഹം നടത്തിയ പൊതു പ്രഭാഷണത്തിലായിരുന്നു പ്രചവചനം.
മികച്ച ആസൂത്രണത്തോടെയാണ് തൊഴിലാളി പാര്‍പ്പിട പദ്ധതികള്‍ നടന്നു വരുന്നത്. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ഡ് ലഗസി, ഖത്വര്‍ ഫൗണ്ടേഷന്‍, ഖത്വര്‍ റയില്‍, അശ്ഗാല്‍ തുടങ്ങിയവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പാര്‍പ്പിടങ്ങള്‍ നിലവില്‍ വരുന്നത്. യൂനിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍, എത്തിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊഫസര്‍ രാജ്യത്തെ തൊഴിലാളി പാര്‍പ്പിടങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. പ്രധാനമായും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങളാണ് പഠനവിധേയമാക്കിയത്. ഖത്വര്‍ ഫൗണ്ടേഷനില്‍നിന്നുള്ള ഒരു സംഘവും ലേബര്‍ ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അതോറിറ്റിക്ക് ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

മിസൈമീര്‍, ബര്‍വ, അല്‍ ബറാഹ എന്നിവിടങ്ങളില്‍ നിലവില്‍ വരുന്ന തൊഴിലാളി പാര്‍പ്പിടങ്ങളെല്ലാം മികച്ച നിലവാരത്തിലുള്ളതും വിദഗ്ധ ശിപാര്‍ശകള്‍ പാലിച്ചുകൊണ്ടുള്ളവയുമാണ്. തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ഉറപ്പു വരുത്തുന്നതിനും കൂടുതല്‍ പരിശോധകരെ ചുതലപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനമുള്‍പ്പെടെ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്ന് ഡോ. രാജൈ റായ് പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ നിയമങ്ങളിലെ മാറ്റം വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരികകൂടി ചെയ്താല്‍ രാജ്യത്തു ജോലി ചെയ്യുന്നവരുടെ ജീവിതത്തിലും തൊഴില്‍ സാഹചര്യങ്ങളിലും വലിയ മാറ്റം വരും. വേതനമുറപ്പു സംവിധാനം, തൊഴിലാളികള്‍ക്കു വേണ്ടിമാത്രമായി സ്ഥാപിച്ച മൂന്ന് ആശുപത്രികള്‍ വിദേശ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും തൊഴില്‍ സുരക്ഷയും ഉറപ്പു വരുത്തുന്ന നീക്കങ്ങളായിരുന്നു.

എക്‌സിറ്റ് പെര്‍മിറ്റിന് സ്വന്തമായി അപേക്ഷിക്കാമെന്ന നിയമവും ഏറെ ഗുണം ചെയ്യും. തൊഴിലുടമകളുടെ അവകാശങ്ങള കൂടി സംരക്ഷിച്ചു കൊണ്ടാണ് എക്‌സിറ്റ് പെര്‍മിറ്റ് നിയമം കൊണ്ടു വന്നരിക്കുന്നത്. അഥവാ 72 മണിക്കൂറിനുള്ളില്‍ പരാതികളുണ്ടെങ്കില്‍ സമര്‍പ്പിക്കുന്നതിനു സാധിക്കും. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കുന്നതു സംബന്ധിച്ചും നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കരാര്‍ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ മാറ്റത്തിനു സാധ്യമാകും എന്നത് രാജ്യത്തേക്ക് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും സുരക്ഷിതബോധം സൃഷ്ടിക്കുന്നതിനും വഴിയൊരുക്കുമെന്നും അദ്ദേഹം വിവരിച്ചു.