Connect with us

Articles

ഒകിനാവയിലെ സമരമുഖങ്ങള്‍

Published

|

Last Updated

യു എസ് നാവിക താവളം അനുവദിക്കുന്നതിനെതിരെ ഒകിനാവയില്‍ പ്രതിഷേധിക്കുന്നവര്‍

രണ്ട് ലോക യുദ്ധങ്ങള്‍ക്കും മേധാവിത്വ പ്രഖ്യാപനങ്ങളും ആപല്‍ക്കരമായ അഹങ്കാരവുമല്ലാതെ ഒരു ഉള്ളടക്കവുമില്ലായിരുന്നു. എന്നിട്ടും അവ “മഹായുദ്ധ”ങ്ങളായി. നന്മയും തിന്മയും തമ്മിലല്ല ഏറ്റുമുട്ടിയത്. തിന്മ തിന്മയോട് തൊടുത്ത് തിന്മ ഉത്പാദിപ്പിക്കുകയാണ് ചെയ്തത്. രണ്ടാം ലോകയുദ്ധത്തിന്റെ ഉത്പന്നമായ യു എന്നും അനേകായിരം അന്താരാഷ്ട്ര നിയമങ്ങളും വന്‍ ശക്തികളുടെ മേധാവിത്വ മോഹങ്ങള്‍ക്ക് കാവല്‍ക്കാരായി നില്‍ക്കുന്നതിന് കാരണമതാണ്. അന്നത്തെ സഖ്യങ്ങള്‍ക്കൊന്നിനും കൊളോണിയല്‍ അധികാരത്തിന്റെ സമവാക്യങ്ങളല്ലാതെ ഒരു പ്രത്യയശാസ്ത്രവുമുണ്ടായിരുന്നില്ല. അത്‌കൊണ്ട്, ഹിരോഷിമയും നാഗസാക്കിയും ജപ്പാനിലായിരുന്നിട്ടും ഒകിനാവയില്‍ യു എസ് സൈനിക താവളം പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത താത്പര്യങ്ങളുടെ പേരിലാണെങ്കിലും റഷ്യയും അമേരിക്കയും കൈകോര്‍ത്ത് സിറിയയെ തകര്‍ത്ത് തരിപ്പണമാക്കുന്നു.

ഭീകരവിരുദ്ധ ആക്രമണങ്ങളുടെ പുതിയ മുന്നണികള്‍ തുറക്കാന്‍ ചരിത്രത്തെയാകെ തമസ്‌കരിക്കുന്ന ഐക്യപ്പെടല്‍ സമ്പന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ സാധ്യമാകുന്നു. രാഷ്ട്രമില്ലാത്ത ജനതയെ കുടിയിരുത്താന്‍ സ്വന്തം മണ്ണ് പകുത്തു നല്‍കിയ ഫലസ്തീന്‍ ജനത തങ്ങളുടെ ഇത്തിരി മണ്ണ് സംരക്ഷിച്ചു നിര്‍ത്താന്‍ ബുള്‍ഡോസറുകള്‍ക്ക് നേരെ കല്ലെടുത്തെറിഞ്ഞു കൊണ്ടേയിരിക്കുന്നു. അഫ്ഗാനിലും പാക്കിസ്ഥാനിലും ഡ്രോണ്‍ വിമാനങ്ങള്‍ മരണം വിതക്കുന്നത് തുടരുന്നു. കറുത്തവന്‍ നിരന്തരം വേട്ടയാടപ്പെടുന്നു. പാശ്ചാത്യ അച്ചില്‍ വാര്‍ത്ത ജനാധിപത്യ മാതൃകകളുടെ ചുടുചോറ് വാരിയ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ അശാന്തിയുടെ ആഴങ്ങളില്‍ പതിച്ചിരിക്കുന്നു. അവിടെ നിന്ന് സംഹാരത്തിന്റെ പുതിയ അവതാരങ്ങളെ പടച്ചിറക്കുന്നു. സ്വയംകൃതാനര്‍ഥങ്ങളെ മുഴുവന്‍ മൂടിവെക്കാന്‍ ഭീകരതയെന്ന കറുത്ത് പുതപ്പ് നിവര്‍ത്തുന്നു സാമ്രാജ്യത്വം.

ഈ ദശാസന്ധിയില്‍ ലോകത്തെവിടെ നടക്കുന്ന പ്രതിരോധ ശ്രമവും അമൂല്യമായ ബദല്‍ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. മനുഷ്യരുടെ ഐക്യ നിര തിരുത്തല്‍ ശക്തിയായിത്തീരുമെന്ന പ്രതീക്ഷ. സമരഭരിതമായ ദിനങ്ങള്‍ നീതിയുടെ ഉദയങ്ങള്‍ കൊണ്ടുവരുമെന്ന സമാശ്വാസം. അത്തരമൊരു പ്രതീക്ഷയും സമാശ്വാസവുമാണ് ജപ്പാനിലെ ഒകിനാവ ദ്വീപ് സമൂഹം തരുന്നത്. അവിടെ അമേരിക്കന്‍ സൈനിക താവളത്തിനെതിരെ ഐതിഹാസികമായ ഒരു സമരം നടക്കുകയാണ്.

പാശ്ചാത്യ മാധ്യമങ്ങള്‍ എത്ര മൂടിവെച്ചിട്ടും ആ നിരായുധ സമരത്തിന്റെ മുദ്രാവാക്യങ്ങള്‍ ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നു. ദ്വീപില്‍ നിന്ന് കടല്‍ കടന്ന് അത് ടോക്യോയില്‍ എത്തുന്നു. കൂറ്റന്‍ പ്രകടനങ്ങള്‍ നിത്യസംഭവമല്ലാത്ത ജപ്പാന്‍ തലസ്ഥാനത്ത് കഴിഞ്ഞ മാസം പതിനായിരങ്ങള്‍ ഒത്തു ചേര്‍ന്നു. അവര്‍ പാര്‍ലിമെന്റ് വളഞ്ഞു. “ജപ്പാനില്‍ അമേരിക്ക വേണ്ട, അവരുടെ സൈനിക താവളവും” എന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യേണ്ടി വന്നു.

ഒകിനാവാ ദ്വീപ് സമൂഹത്തില്‍ നിന്ന് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ മുഴുവന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന ദൃഢ നിശ്ചയത്തിലാണ് പ്രക്ഷോഭകാരികള്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിപ്ലവകരമായ ആശയങ്ങള്‍ നെഞ്ചേറ്റി നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ ഒകിനാവയിലേക്ക് പ്രവഹിക്കുകയാണ്. വെടി വെച്ചു തീര്‍ക്കാനാകില്ല ഈ ജനസഞ്ചയത്തെ.

കിഴക്കന്‍ ചൈനാ കടലിലെ ചെറു ദ്വീപ് സമൂഹമാണ് ഒകിനാവാ. വ്യതിരികത്മായ ഭാഷകളുടെയും സംസ്‌കാരത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും പ്രകൃതി മനോഹാരിതയുടെയും പര്യായമാണ് ഓരോ ദ്വീപും. വിചിത്രമായ മത വൈവിധ്യവും ഈ ദ്വീപുകളെ സവിശേഷമാക്കുന്നു. 1879ല്‍ ബലപ്രയോഗത്തിലൂടെ ജപ്പാനോട് കൂട്ടിച്ചേര്‍ക്കും വരെ റ്യുക്യു എന്ന സ്വതന്ത്ര രാജവംശത്തിന്റെ അധീനതയിലായിരുന്നു ദ്വീപ് സമൂഹം. ജപ്പാന്റെ ഭാഗമായതോടെ ദ്വീപ് സംസ്‌കാരത്തിന് തികച്ചും അന്യമായ പതിവുകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. തദ്ദേശീയ ഭാഷകള്‍ സംസാരിക്കുന്നതിന് വിലക്ക് വന്നു. മതപരവും സാംസ്‌കാരികവുമായ നിരവധി അനുഷ്ഠാനങ്ങള്‍ നിരോധിക്കപ്പെട്ടു. പുരോഗതിയുടെ അടയാളങ്ങള്‍ ദ്വീപിലേക്ക് കൊണ്ടു വന്ന് മുഖ്യധാരയിലേക്ക് ആ ജനതയെ വലിച്ചടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരുന്നു. മുഖ്യഭൂമിയില്‍ നിന്നുള്ള എന്തിനെയും ഒകിനാവക്കാര്‍ സംശയത്തോടെ മാത്രമേ കണ്ടുള്ളൂ. അത്‌കൊണ്ട് ടോക്യോയില്‍ നിന്ന് ഒകിനാവയിലേക്കുള്ള ദൂരം കൂടിക്കൊണ്ടേയിരുന്നു.

പിന്നെയാണ് ഏഷ്യ- പെസഫിക് യുദ്ധം വന്നത്. അതോടെ ഒകിനാവ “തന്ത്രപ്രധാന”മായ ഭൂവിഭാഗമായി മാറി. യുദ്ധം ഒരു പ്രദേശത്തിന്റെ സ്റ്റാറ്റസ് മാറ്റുന്നത് അവിടുത്തുകാരോട് ചോദിച്ചിട്ടല്ലല്ലോ. ജപ്പാന്‍ മെയിന്‍ലാന്‍ഡിന്റെ രാഷ്ട്രീയ താത്പര്യ സംരക്ഷണത്തിനായി 80,000 സൈനികരെ ഒകിനാവയിലേക്ക് കൊണ്ടുവന്നു. 25,000 തദ്ദേശീയരെയും റിക്രൂട്ട് ചെയ്തു. അതില്‍ കൗമാരക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടുകളുമായിരുന്നു പകുതിയിലധികവും. അമേരിക്കന്‍ ആക്രമണം ചെറുക്കാനുള്ള മനുഷ്യ കവചങ്ങള്‍ മാത്രമായിരുന്നു ഒകിനാവന്‍ ജനത.

ദ്വീപ് സമൂഹത്തെ ജപ്പാനീസ് ഭൂപടത്തിലേക്ക് മാത്രമാണ് കൊണ്ടുവന്നതെന്ന് വ്യക്തമാകുകയായിരുന്നു. സ്വന്തം പൗരന്‍മാരെ ഇങ്ങനെ കൊലക്ക് കൊടുക്കുമോ? നാല് മാസം നീണ്ട യുദ്ധത്തില്‍ രണ്ട് ലക്ഷം പേര്‍ മരിച്ചുവെന്നാണ് കണക്ക്. അതില്‍ 94,000 പേരും സിവിലിയന്‍മാരായിരുന്നു. അഞ്ചില്‍ ഒരു ഒകിനാവന്‍ മനുഷ്യന്‍ മൃതദേഹമായി.

യുദ്ധാനന്തരം 1972 വരെ അമേരിക്കന്‍ അധീനതയിലായിരുന്നു ദ്വീപ് സമൂഹം. പിന്നെ നിരവധി ചര്‍ച്ചകള്‍, കരാറുകള്‍. ഒകിനാവക്കാര്‍ക്ക് പങ്കാളിത്തമില്ലാത്ത നീക്കുപോക്കുകള്‍. ഒടുവില്‍ പ്രത്യക്ഷ അമേരിക്കന്‍ അധിനിവേശം അവസാനിച്ചു. പക്ഷേ സ്റ്റാറ്റസ് ഓഫ് ഫോഴ്‌സ് എഗ്രിമെന്റ് (സോഫ) പ്രകാരം അമേരിക്കന്‍ സൈനികര്‍ ദ്വീപില്‍ തന്നെ തങ്ങി. ഇന്ന് 32 സൈനിക താവളങ്ങളുണ്ടിവിടെ. ജപ്പാനിലെ യു എസ് സൈനിക സാന്നിധ്യത്തിന്റെ 74 ശതമാനം ഈ ദ്വീപ് സമൂഹത്തിലാണ്. ജപ്പാന്റെ ആകെ വിസ്തൃതിയുടെ 0.6 ശതമാനം മാത്രമാണ് ദ്വീപ് സമൂഹത്തിന്റെ വിസ്തൃതിയെന്നോര്‍ക്കണം. ഇതില്‍ പ്രധാന താവളം ക്യാമ്പ് ഷ്വാബിലാണ്. ഇവിടെ താവളം അടച്ചു പൂട്ടിക്കാന്‍ ശക്തമായ സമരം നടക്കുന്നതിനാല്‍ ഹെനാകോയിലേക്ക് മാറ്റാനാണ് ശ്രമം.

ഇതോടെ ഹെനാകോ കേന്ദ്രീകരിച്ച് പുതിയ പ്രക്ഷോഭം തുടങ്ങുകയായിരുന്നു. ഈ സമരമാണ് യു എസ് സൈനിക സാന്നിധ്യത്തിനെതിരായ തീക്ഷ്ണമായ പ്രക്ഷോഭമായി മാറിയത്. സൈനിക താവളങ്ങള്‍ക്ക് പരിസരത്തുള്ള ഭൂ വിഭാഗം ഏത് നിമിഷവും സൈന്യം കൈക്കാലാക്കിയേക്കാം. തദ്ദേശീയരെ കൊന്നൊടുക്കിയാണ് ഈ ഭൂമി കൈയേറ്റം. ചോദ്യം ചെയ്യാന്‍ ഒരു നിയമവുമില്ല. മിക്ക സംഘര്‍ഷങ്ങളുടെയും അടിസ്ഥാന ഹേതു ലൈംഗികമായ കൈയേറ്റമാണ്. താവളങ്ങളില്‍ നിന്ന് സൈനികര്‍ ഗ്രാമങ്ങളില്‍ വന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. തട്ടിക്കൊണ്ടു പോകുന്നു.

ഇപ്പോള്‍ ഹെനാകോയിലേക്ക് മാറ്റാനിരിക്കുന്ന ഫ്യൂട്ടന്‍മ താവളത്തിനടുത്ത് 1995ല്‍ 13 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊന്നിരുന്നു. ആ ക്രൂരകൃത്യം ചെയ്ത മൂന്ന് യു എസ് സൈനികര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ ആ പതിമൂന്നുകാരിയുടെ രക്തസാക്ഷിത്വം പാഴായില്ല. ഫ്യൂട്ടന്‍മ സ്ഥിതി ചെയ്യുന്ന ക്യാമ്പ് ഷ്വാബ് പ്രദേശം പ്രക്ഷോഭ കൊടുങ്കാറ്റിന്റെ പ്രഭവ കേന്ദ്രമായി മാറി. “ഒകിനാവാ വിമിന്‍ ആക്ട് എഗെയിന്‍സ്റ്റ് മിലിറ്ററി വയലന്‍സ്” പോലുള്ള സംഘടനകളും തകസാത്തോ സുസുയോ പോലുള്ള നേതാക്കളും ഉയര്‍ന്നു വന്നു. പ്രക്ഷോഭക്കാര്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. അവര്‍ക്ക് ജപ്പാന്‍ പാര്‍ലിമെന്റില്‍ അംഗത്വം ലഭിച്ചു.

എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കടലിലെറിഞ്ഞാണ് ഫ്യൂട്ടന്‍മ പോലുള്ള താവളങ്ങള്‍ സ്ഥാപിച്ചത്. ജനവാസ കേന്ദ്രത്തിന്റെ നടുവില്‍. പ്രൈമറി സ്‌കൂള്‍ മുതല്‍ സര്‍വകലാശാല വരെ താവളത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പ്രക്ഷോഭം ഫ്യൂട്ടന്‍മ ക്യാമ്പിനെ ലോക ശ്രദ്ധയില്‍ കൊണ്ടുവന്നു. യു എന്‍ വസ്തുതാന്വേഷണ സംഘം ഫ്യൂട്ടന്‍മ ക്യാമ്പിനെ ലോകത്തെ ഏറ്റവും അപകടകരമായ സൈനിക താവളമായി പ്രഖ്യാപിച്ചു. ഇതിന് പിറകേയാണ് താവളം ഹെനാകോയിലേക്ക് പറിച്ചു നടാന്‍ തീരുമാനിച്ചത്.

ഈ തീരുമാനം പക്ഷേ പ്രക്ഷോഭത്തെ ആളിക്കത്തിക്കുകയാണ് ചെയ്തത്. ഷിന്‍സോ ആബേ സര്‍ക്കാറിന്റെ അമേരിക്കന്‍ ദാസ്യത്തെ പ്രശ്‌നവത്കരിക്കാന്‍ പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. യു എസ് സൈനികര്‍ക്ക് നേരെയല്ല സമരമെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. അത്‌കൊണ്ട് തന്നെ സമരം അക്രമത്തിന്റെ പാതയിലേക്ക് വഴുതില്ലെന്ന് അവര്‍ക്കുറപ്പുണ്ട്.

നാടന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചും സംഗീത ഉപകരണങ്ങള്‍ വായിച്ചും വന്യമായ ചുവടുവെച്ചും അവര്‍ പ്രക്ഷോഭഭരിതമായ ദിനങ്ങളെ ആഘോഷമാക്കുന്നു. ഒറ്റ നേതാവിന്റെ ശാസനകളില്ല എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. ഓരോ ദിനത്തിനും ഓരോ നേതാവ്. ലക്ഷ്യം അത്രമേല്‍ ശക്തിമത്താകുമ്പോള്‍ നേതൃശക്തിയുടെ ഊന്നു വടി വേണ്ടല്ലോയെന്നാണ് ഒകിനാവാ പ്രക്ഷോഭകാരികള്‍ പറയുന്നത്. ചെറു സംഘങ്ങള്‍ എല്ലാ സൈനിക കേന്ദ്രങ്ങള്‍ക്ക് മുന്നിലും ദിനം പ്രതി വന്ന് കൊണ്ടിരിക്കുന്നു. അതില്‍ സ്വദേശികളും വിദേശികളുമുണ്ട്. കര്‍ഷകരും വിദ്യാര്‍ഥികളും ഗവേഷകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാമുണ്ട്.

ഹെനാകോയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നതായി ഷിന്‍സോ ആബേ പ്രഖ്യാപിച്ചുവെന്നതാണ് ഏറ്റവും പുതിയ കാര്യം. എന്നാല്‍ ഇത് പ്രക്ഷോഭകാരികള്‍ മുഖവിലക്കെടുക്കുന്നില്ല. മുഴുവന്‍ താവളങ്ങളും അടച്ചു പൂട്ടാതെ പിന്നോട്ടില്ലെന്നാണ് അവരുടെ ദൃഢ നിശ്ചയം.
വ്യവസ്ഥിതിക്കും സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ക്കുമെതിരാണ് സമരം. സ്വന്തം ജനതയുടെ താത്പര്യങ്ങള്‍ ബലികഴിച്ച് നയതന്ത്രം പടുത്തുയര്‍ത്തുകയാണോ ഒരു ജനകീയ സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സമരക്കാര്‍ ചോദിക്കുന്നു.

പ്രഖ്യാപിത പാസിഫിസ്റ്റ് (സമാധാന) രാഷ്ട്രമാണ് ജപ്പാന്‍. അവരുടെ സൈന്യം എവിടെയും ആക്രമിക്കാന്‍ പോകരുതെന്ന് വ്യവസ്ഥയുണ്ട്. (ഈ വ്യവസ്ഥയില്‍ വെള്ളം ചേര്‍ക്കാന്‍ ഷിന്‍സോ ആബേ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. വിഷയം ഇപ്പോള്‍ കോടതിയിലാണ്) ഹിരോഷിമയും നാഗസാക്കിയുമാണ് രാഷ്ട്ര ശില്‍പ്പികളെ ഈ വ്യവസ്ഥക്ക് നിര്‍ബന്ധിതരാക്കിയത്. അമേരിക്കന്‍ താവളങ്ങള്‍ അനുവദിക്കുക വഴി, ഈ പരമ്പര്യത്തെയാകെ നിഷേധിക്കുകയാണ്.

എത്രയെത്ര രാജ്യങ്ങളാണ് അമേരിക്കന്‍ സൈനിക ശേഷിയില്‍ തകര്‍ന്നടിഞ്ഞത്? ഒകിനാവയിലെ താവളങ്ങള്‍ ഉള്ളിടത്തോളം കാലം ഈ സാമ്രാജ്യത്വ ഭീകരതയുടെ പാപഭാരം ജപ്പാനില്‍ പതിക്കുമെന്ന് പ്രക്ഷോഭകാരികള്‍ തിരിച്ചറിയുന്നു. ഈ രാഷ്ട്രീയം അവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുമ്പോള്‍ ഒകിനാവാ സമരത്തിന് അന്താരാഷ്ട്ര മാനം കൈവരുന്നു. സിറിയക്കും ഇറാഖിനും ലിബിയക്കും അഫ്ഗാനിസ്ഥാനും ഫലസ്തീനും വേണ്ടിയാണ് ഈ സമരം. ഇന്ന് ലോകത്ത് കാണുന്ന പട്ടിണിക്കും അശാന്തിക്കും രക്തച്ചൊരിച്ചിലുകള്‍ക്കും അപകര്‍ഷതകള്‍ക്കും വിവേചനങ്ങള്‍ക്കും ഏകകാരണം നവ സാമ്രാജ്യത്വ കുതന്ത്രങ്ങങ്ങളാണെന്ന് ഈ സമരം ഉദ്‌ഘോഷിക്കുന്നു.

അത്‌കൊണ്ട്, ഒകിനാവയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയെന്നത് ചരിത്ര ബോധമുള്ള മുഴുവന്‍ പേരുടെയും രാഷ്ട്രീയ ബാധ്യതയായി തീര്‍ന്നിരിക്കുന്നു.
ബരാക് ഒബാമ ക്യൂബയില്‍ പോകാനിരിക്കുകയാണ്. അവിടെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയില്‍ ഇന്നുമുണ്ട്. തങ്ങള്‍ക്കാവശ്യമായ ഉത്തരങ്ങള്‍ കിട്ടാന്‍ ക്രൂരമായ പീഡനങ്ങള്‍ അവിടെ തുടരുന്നുണ്ട്. തന്റെ ആദ്യമൂഴത്തില്‍ ഒബാമ പറഞ്ഞതാണ് ഗ്വാണ്ടനാമോ അടച്ച് പൂട്ടുമെന്ന്.

ഇതാ അധികാരമൊഴിയാന്‍ പോകുകയാണ്. അദ്ദേഹത്തിന് എന്തു പറയാനുണ്ട്? അമേരിക്കന്‍ സൈനിക താവളങ്ങളില്ലാത്ത രാജ്യങ്ങള്‍ വിരളമാണ്. ആ രാജ്യങ്ങളുടെ സ്വയം നിര്‍ണയാവകാശത്തെയും അവിടുത്തെ പെണ്‍കുട്ടികളുടെ മാനത്തെയും വെല്ലുവിളിച്ച് ഈ താവളങ്ങള്‍ പ്രത്യേക അധികാര കേന്ദ്രങ്ങളായി നിലകൊള്ളുന്നു. ഒകിനാവ വഴികാണിക്കുമോ?

 

.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest