Connect with us

National

പത്ത് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി പാക് മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി: ഗുജറാത്ത് ലക്ഷ്യമിട്ട് പത്ത് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി പാക് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസിര്‍ ഖാന്‍ ജാന്‍ജുവയാണ് ഇതുസംബന്ധിച്ച സൂചന പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യ ഉപദേഷ്ടാവ് അജിത് ധോവലിന് കൈമാറിയത്. ലശ്കറെ ത്വയ്യിബയുടെയോ ജെയ്‌ഷെ മുഹമ്മദിന്റെയോ ഭീകരര്‍ ആണ് ഇന്ത്യയിലേക്ക് കടന്നിട്ടുള്ളതെന്നാണ് പാക്കിസ്ഥാന്‍ നല്‍കിയിരിക്കുന്ന വിവരം. ഇതാദ്യമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായുള്ള വിവരം പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറുന്നത്. എന്നാല്‍, ആഭ്യന്തര മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പോലീസിന് ഇന്റലിജന്‍സ് ബ്യൂറോ വിവരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശിവരാത്രി ആഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് ഭീകരര്‍ എത്തിയിട്ടുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. ശിവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ (എന്‍ എസ് ജി) നാല് സംഘങ്ങളെ ഇവിടെ എത്തിച്ചു. സംസ്ഥാനത്തിന്റെ അതിര്‍ത്തി മേഖലകളില്‍ സംയുക്തസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങളിലും മാര്‍ക്കറ്റ്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍, വിമാനത്താവളങ്ങള്‍, പ്രധാന ആരാധനാലയങ്ങള്‍, ജനങ്ങള്‍ തിങ്ങിക്കൂടുന്ന പൊതു സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍ സുരക്ഷ ശക്തമാക്കി. അര്‍ധ സൈനിക വിഭാഗത്തിലെ ഓഫീസര്‍മാരുമായി യോഗം ചേര്‍ന്ന് സുരക്ഷാ നടപടികള്‍ ഡി ജി പി വിലയിരുത്തി. അവധിയില്‍ പോയ പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ കച്ച് തീരത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ഒരു പാക്കിസ്ഥാന്‍ ബോട്ട് ബി എസ് എഫ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, സംശയിക്കത്തക്കതായ ഒന്നും ബോട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിന്നീട് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നതെങ്കിലും ഈ ബോട്ടിലാണ് ഭീകരര്‍ എത്തിയതെന്ന സാധ്യത സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. പട്രോളിംഗിനിടെയാണ് കച്ച് തീരത്ത് നിന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ട് അതിര്‍ത്തിരക്ഷാ സേന പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഈ മേഖലയില്‍ നിന്ന് അതിര്‍ത്തിരക്ഷാ സേന അഞ്ച് പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തിരുന്നു.
അതേസമയം “ഭീകരാക്രമണ സാധ്യത സംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ചില ലക്ഷണങ്ങള്‍ കാണാനുണ്ടെന്നും പശ്ചിമ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ കെ ജെ സിംഗ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ലിമെന്റ് നടക്കുമ്പോഴും ആഘോഷങ്ങള്‍ വരുമ്പോഴും മാധ്യമശ്രദ്ധ കിട്ടാനായി “ചില കേന്ദ്രങ്ങള്‍” ഭീകരാക്രമണങ്ങള്‍ക്കു മുതിര്‍ന്നേക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം