Connect with us

Thiruvananthapuram

ഭരണ സിരാകേന്ദ്രം എങ്ങോട്ട് ?

Published

|

Last Updated

ഭരണ സിരാകേന്ദ്രം എന്നതിനുപരി രാഷ്ട്രീയ കേരളത്തില്‍ നിര്‍ണായകമായ സ്ഥാനമാണ് അനന്തപുരിക്കുള്ളത്. കേരളത്തിന്റെ ആകെ ചിന്ത പ്രതിഫലിക്കുന്ന ജില്ല എന്ന നിലയില്‍ തിരുവനന്തപുരം എന്നും തിരഞ്ഞെടുപ്പ് കാലത്ത് സവിശേഷമായ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഭരണം മാറി മാറി വരുന്ന സംസ്ഥാനത്ത് ഭരണം ആര്‍ക്കൊപ്പം എന്നത് തലസ്ഥാനത്തെ ഫലം നോക്കി തീരുമാനിക്കാം എന്നത് അനുഭവമാണ്. ഭരണത്തിനൊപ്പം തിരുവനന്തപുരം ജില്ല നില്‍ക്കുന്നുവെന്നത് മുന്‍കാല ചരിത്രമാണ്. 1987, 1996, 2006 വര്‍ഷങ്ങളില്‍ ജില്ല എല്‍ ഡി എഫിനൊപ്പം നിന്നപ്പോള്‍ ആ വര്‍ഷങ്ങളില്‍ ഭരണവും ഇടതുപക്ഷം കയ്യാളി. ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ വന്ന 1991, 2001, 2011 വര്‍ഷങ്ങളില്‍ യു ഡി എഫിനൊപ്പം നിന്നു.

ഇടതു വലതു മുന്നണികള്‍ എക്കാലത്തും നേര്‍ക്കു നേര്‍ പോരാടിയിരുന്ന ജില്ലയില്‍ ശക്തമായ സാന്നിധ്യവുമായി ബി ജെ പിയുണ്ട്. ഇതോടെ പോരാട്ടം ത്രികോണ മത്സര മാകും. പല മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായും ചില ചിലയിടങ്ങളില്‍ നിര്‍ണായ ശക്തിയായും നിലകൊള്ളുന്ന ബി ജെ പി ഇക്കുറി മത്സരത്തിന്റെ ചൂടു വര്‍ധിപ്പിക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ അക്കൗണ്ടു തുറക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പിക്ക് ഏറെ പ്രതീക്ഷയുള്ള ജില്ല കൂടിയാണ് തിരുവനന്തപുരം.

2011 ലെ സ്ഥിതിയല്ല ഇപ്പോള്‍ ജില്ലയിലുള്ളത്. ജില്ലയിലെ പ്രധാന രാഷ്ട്രീയ മണ്ഡലമായ നേമത്ത് കഴിഞ്ഞ കുറേ നാളായി ആധിപത്യമുറപ്പിച്ചാണ് ബി ജെ പി മത്സരത്തിനിറങ്ങുന്നത്. ബി ജെ പിയുടെ എക്കാലത്തേയും ജനകീയ മുഖമായ ഒ രാജഗോപാലാണ് ഇക്കുറിയും നേമത്ത് മത്സരത്തിനിറങ്ങുക. 2011ല്‍ രാജഗോപാലിലൂടെ നേമത്ത് കരുത്തു കാട്ടിയ ബി ജെ പി തൊട്ടടുത്ത വര്‍ഷം നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും ശക്തി കാട്ടി. തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും രാജഗോപാലിനു തന്നെയായിരുന്നു ഊഴം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തീരദേശ പ്രദേശങ്ങളിലൊഴികെ മറ്റു മണ്ഡലങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷം നേടാനായത് ബി ജെ പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബി ജെ പി ഒന്നാമതെത്തുന്ന സ്ഥിതിയുമുണ്ടായി. നഗരസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ അഞ്ച് സീറ്റില്‍ നിന്ന് മൂപ്പതിലേക്ക് വളര്‍ന്ന് പ്രതിപക്ഷമായിരിക്കുകയാണ് ബി ജെ പി ഇപ്പോള്‍. ബി ജെ പിയുടെ വോട്ട് പങ്കാളിത്തം ക്രമേണ കൂടുന്നത് ഇരു മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

2011ല്‍ എട്ടിടത്തും വിജയിച്ച യു ഡി എഫ്, 2012ല്‍ സി പി എമ്മില്‍ നിന്ന് ഒരംഗത്തെ അടര്‍ത്തി തങ്ങളുടെ പാളയത്തിലേക്കെത്തിച്ചു. എല്ലാത്തവണത്തേയും പോലെ ഭരണവിരുദ്ധ വികാരം വലുതായി ബാധിക്കാത്ത തിരഞ്ഞെടുപ്പായിരുന്നു 2011ല്‍ . സി പി എമ്മിനുള്ളിലെ പടലപ്പിണക്കം കൊണ്ട് നഷ്ടപ്പെട്ട സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ ശാപം. തുടര്‍ഭരണമെന്ന സ്വപ്‌നം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടപ്പോള്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളും പഴി കേട്ടു. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന പാളിച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായി. പാറശാലയില്‍ സിറ്റിംഗ് എം എല്‍ എ ആയിരുന്ന ആര്‍ സെല്‍വരാജിനെ നെയ്യാറ്റിന്‍കരയിലേക്ക് മാറ്റിക്കൊണ്ടാണ് സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ പാറശാലയില്‍ മത്സരിച്ചത്. നെയ്യാറ്റിന്‍കരയോട് പ്രതിപത്തിയില്ലാതിരുന്ന സെല്‍വരാജിനെ മാറ്റിയത് ഉള്‍പ്പാര്‍ട്ടി പോരിലേക്കും ആനാവൂരിന്റെ നേരിയ മാര്‍ജിനിലുള്ള തോല്‍വിയിലേക്കും നയിച്ചു. 505 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ എ ടി ജോര്‍ജ് പാറശാലയില്‍ വിജയിച്ചത്.

സി പി എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സെല്‍വരാജ് നെയ്യാറ്റിന്‍കരയില്‍ 6702 വോട്ടിന് വിജയിച്ചെങ്കിലും ആനാവൂരിന്റെ തോല്‍വിക്ക് കാരണം സെല്‍വരാജിലേക്കുള്ള വിരല്‍ചൂണ്ടലായി. പാര്‍ട്ടിക്കുള്ളില്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന സൂചന സജീവമായ സാഹചര്യത്തില്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസിലേക്ക് കളം മാറ്റി. നേരിയ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ യുഡി എഫ് സര്‍ക്കാറിന് സെല്‍വരാജിന്റെ ചുവടുമാറ്റം അനുഗ്രഹമായി. അധികാരത്തിലേറി തൊട്ടടുത്ത വര്‍ഷം ജില്ല ഉപതതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ സെല്‍വരാജ് ഇടതുപക്ഷത്തിന്റെ എഫ് ലോറന്‍സിനെ 6300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് വീണ്ടും നിയമസഭയിലെത്തി.
ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇരു മുന്നണികളും വളരെ ശ്രദ്ധാപൂര്‍വമാണ് കൈകാര്യം ചെയ്യുന്നത്.

കോണ്‍ഗ്രസില്‍ മൂന്ന് ടേം പൂര്‍ത്തിയായവര്‍ മാറിനില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഇത് നടപ്പിലാവാന്‍ സാധ്യതയില്ല. മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ സിറ്റിംഗ് എം എല്‍ എമാര്‍ തന്നെയാണ് മെച്ചം എന്ന നിലപാടിലാണ് യു ഡി എഫ്. സാമുദായിക താത്പര്യങ്ങള്‍ ഇത്രമാത്രം പ്രതിഫലിക്കുന്ന മണ്ഡലങ്ങളുള്ള മറ്റു ജില്ലകള്‍ ഉണ്ടോ എന്ന ചോദ്യവും ജില്ലയില്‍ നിന്ന് ഉയരുന്നു.

കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല, കോവളം മണ്ഡലങ്ങളില്‍ നാടാര്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗങ്ങള്‍ക്ക് നിര്‍ണായക ശക്തിയാണ്. ആറ്റിങ്ങലും ചിറയിന്‍കീഴും സംവരണ മണ്ഡലങ്ങളാണ്. വര്‍ക്കലയില്‍ ഇക്കുറി ബി ജെ പി തങ്ങളുടെ സീറ്റ് ബി ഡി ജെ എസിനായി മാറ്റിവെച്ചിട്ടുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മാത്രമേ വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസിന്റെ സ്വാധീന ശക്തി വ്യക്തമാകുകയുള്ളൂ. ഇതൊഴിച്ച് മറ്റു മണ്ഡലങ്ങളിലെല്ലാം നായര്‍ വിഭാഗത്തിനും നിര്‍ണായക സ്വാധീനമുണ്ട്. അതു കൊണ്ടു തന്നെ ജാതി, സാമുദായിക സന്തുലനം പാലിച്ചാകും മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. മത്സരത്തിന് തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ച എം എം ഹസന്‍, പി എസ് പ്രശാന്ത്, രമണി പി നായര്‍ എന്നിവരാണ് വാമനപുരത്ത് പരിഗണനയിലുള്ളത്. കോവളം കോണ്‍ഗ്രസിനാണെങ്കില്‍ എ വിന്‍സെന്റിന് നറുക്ക് വീഴാനാണ് സാധ്യത. ചിറയിന്‍കീഴ്, ആറ്റിങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജെ ലീന, കെ എസ് ഗോപകുമാര്‍, കാവല്ലൂര്‍ മധു എന്നിവരാണ് പരിഗണനയില്‍. നേമത്ത് പി കെ വേണുഗോപാലിനെ പരിഗണനയിലുണ്ടെങ്കിലും എസ് എഫ് ഐ ആക്രമണത്തിന് ഇരയായ പി ടി ശ്രീനിവാസന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

ഇടതുമുന്നണിയില്‍ നേമത്ത് വി ശിവന്‍കുട്ടിയും, ആറ്റിങ്ങലില്‍ ബി സത്യനും വട്ടിയൂര്‍ക്കാവില്‍ ടി എന്‍ സീമയും വര്‍ക്കലയില്‍ ആനത്തലവട്ടം ആനന്ദനും മത്സരിക്കാന്‍ കഒരുങ്ങി. പുതുമുഖങ്ങളും ഇക്കുറി സി പി എമ്മിന്റെ സാരഥികളാകും. വാമനപുരത്ത് എ എ റഹിമിനേയും കാട്ടാക്കട, മുന്‍ സര്‍വകലാശാലാ യൂനിയന്‍ നേതാവായ സ്റ്റീഫന്‍, അരുവിക്കര ഐ ബി സതീഷ്, പാറശാല ബെന്‍ ഡാര്‍വിന്‍, ആന്‍സലന്‍, നെയ്യാറ്റിന്‍കര സി കെ ഹരീന്ദ്രന്‍ എന്നിവരാണ് പരിഗണനയില്‍. സി പി എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുമെന്നാണ് സൂചന. ബിജെ പിയില്‍ നിന്ന് കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍ എന്നിവരും ഉണ്ടാകും.

Latest