Connect with us

Kerala

മെത്രാന്‍ കായല്‍ നികത്തല്‍; ഉത്തരവ് പിന്‍വിലിക്കണമെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ചട്ടം ലംഘിച്ച് 425 ഏക്കര്‍ നികത്താന്‍ അനുമതി നല്‍കിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും നേരിട്ട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുമായി ആലോചിക്കാതെ വിവാദ തീരുമാനങ്ങള്‍ എടുക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും അദ്ദേഹം നിര്‍ദേശം നല്‍കി. മെത്രാന്‍ കായലിലെ 425 ഏക്കര്‍ നികത്തലുമായി ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സുധീരന്റെ ആവശ്യം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പാണ് മെത്രാന്‍ കായല്‍ നികത്താന്‍ റവന്യുവകുപ്പ് ഉത്തരവിട്ടത്. മാര്‍ച്ച് ഒന്നിന് റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്. കോട്ടയം കുമരകത്തെ മെത്രാന്‍ കായലിലെ 378 ഏക്കര്‍ റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രവൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കും അനുബന്ധ കമ്പനികള്‍ക്കും ടൂറിസം പദ്ധതിക്കായി നികത്താം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്. മെത്രാന്‍ കായല്‍ സംബന്ധിച്ച കേസില്‍ വിധി വരുന്നതുവരെ സ്ഥലത്ത് മറ്റൊരു നടപടിയും പാടില്ലെന്ന് കഴിഞ്ഞ മാസം ഹൈക്കോടതി വിലക്കിയിരുന്നു. ഭൂമി നികത്തുകയോ അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തില്‍ പദ്ധതി നടപ്പാക്കുമെന്നാണ് ഇപ്പോള്‍ കമ്പനിയുടെ അവകാശവാദം. ഫാം ടൂറിസം ഉള്‍പ്പെടെ കുമരകം ഇക്കോടൂറിസം വില്ലേജ് എന്ന പേരിലാണ് പദ്ധതിയുമായി കമ്പനി യു ഡി എഫ് സര്‍ക്കാറിനെ സമീപിച്ചത്. റവന്യൂ വകുപ്പിന്റെ ഉത്തരവിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്ന് വ്യക്തമാക്കുന്നു. ഇപ്പോള്‍ ഇവിടെ നെല്‍കൃഷിയില്ല. പദ്ധതി വന്നാല്‍ അത് ഏറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 2,200 കോടി രൂപ നിക്ഷേപം വരുന്ന പദ്ധതി സംസ്ഥാന ടൂറിസത്തിന് ആഗോള പ്രശസ്തി നേടിത്തരുമെന്നാണ് സര്‍ക്കാര്‍ വാദം. മെഡിക്കല്‍ ടൂറിസത്തിനെന്ന പേരിലാണ് കടമക്കുടിയില്‍ നെല്‍പ്പാടം നികത്തുന്നത്. മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായാണ് ഇവിടുത്തെ വയല്‍ നികത്തല്‍. ആയിരം കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ഏഴായിരം പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നെല്‍വയല്‍ നികത്താനുള്ള അനുമതി നല്‍കിയിട്ടുള്ളത്. സ്വകാര്യ സംയുക്ത ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹൈടെക് പാര്‍ക്കുകള്‍ എന്നിവയുടെ കാര്യത്തില്‍ പൊതു ആവശ്യത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ വയല്‍ നികത്താമെന്നും ഉത്തരവിലൂടെ റവന്യൂ വകുപ്പ് വാദിക്കുന്നു.