Connect with us

Gulf

പ്രാദേശിക കാര്‍ഷിക ചന്തകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

Published

|

Last Updated

ദോഹ: പ്രാദേശിക കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന മൂന്ന് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പ്രാദേശിക ഫാമുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്. പ്രാദേശികമായി വിളവെടുത്ത പച്ചക്കറി, വളര്‍ത്തുപക്ഷികള്‍, കന്നുകാലികള്‍ മുതലായവയാണ് ഇവിടെ വില്‍ക്കുന്നത്. നവംബര്‍ മുതല്‍ വേനല്‍ക്കാലം വരെയാണ് ശൈത്യകാല പച്ചക്കറി ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
പച്ചക്കറിക്കൊപ്പം ഈ മാര്‍ക്കറ്റുകളിലെ ചില്ലറ മത്സ്യവ്യാപാരം ഏറെ ജനകീയമാണ്. ഇടനിലക്കാരില്ലാത്തതിനാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലേതിനേക്കാള്‍ വളരെ വിലക്കുറവിലാണ് ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്നത്. കുറഞ്ഞ വിലക്ക് നല്ല ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതിനാലാണ് പ്രാദേശിക ചന്തകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഉം സലാല്‍ (മസ്‌റൂഅ), അല്‍ വക്‌റ, അല്‍ ഖോര്‍- അല്‍ ദഖീറ എന്നിവയാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളില്‍ പ്രാദേശികമായി വിളയിച്ച 2.84 ലക്ഷം പെട്ടി പച്ചക്കറികളാണ് വിറ്റത്. 469 ടണ്‍ പഴം 35 ടണ്‍ മീന്‍ എന്നിവയും വിറ്റിട്ടുണ്ട്. 8896 പക്ഷികളും 2354 കന്നുകാലികളും വിറ്റിട്ടുണ്ട്. മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം ആണ് ചന്തകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മന്ത്രാലയത്തിന്റെ പ്രത്യേക പദ്ധതികളും ഖത്വരി കര്‍ഷകരുടെ പങ്കാളിത്തവും കാരണം ഈ പ്രാവശ്യത്തെ ചന്ത വന്‍ വിജയമായിരുന്നെന്ന് മന്ത്രാലയം വക്താവ് അബ്ദുര്‍റഹ്മാന്‍ അല്‍ സുലൈതി പറഞ്ഞു. മാര്‍ക്കറ്റിംഗിന്റെ പുത്തന്‍ ഉപായങ്ങളും ഉത്പന്നത്തിന്റെ ഗുണം നിലനിര്‍ത്താനും ഖത്വരി ഫാമുകളിലെ പ്രതിനിധികള്‍ക്ക് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും.