Connect with us

International

അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ തുര്‍ക്കിക്ക് മേല്‍ ഇ യു സമ്മര്‍ദം

Published

|

Last Updated

ബ്രസല്‍സ്: ഗ്രീസില്‍ നിന്ന് അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ തുര്‍ക്കിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ നീക്കം തുടങ്ങി. ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ ഇക്കാര്യം തുര്‍ക്കിയെ ബോധ്യപ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പദ്ധതി. യുദ്ധം തകര്‍ത്ത ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ ഗ്രീക്കില്‍ കുടുങ്ങിക്കിടക്കുകയാണ്. അഭയാര്‍ഥി പ്രതിസന്ധിക്ക് പ്രാഥമിക പരിഹാരം ഇതാണെന്ന നിലയില്‍ യൂറോപ്യന്‍ യൂനിയന്‍ നേതാവ് ഡൊണാള്‍ഡ് ടസ്‌ക് കഴിഞ്ഞ ദിവസം സംസാരിക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമുള്ള 28 രാജ്യങ്ങളിലെ നേതാക്കള്‍ തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദോഗ്‌ലുവില്‍ നിന്ന് ഇതു സംബന്ധിച്ച അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ യൂറോപ്പിലേക്ക് വര്‍ധിച്ച തോതില്‍ വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥി പ്രവാഹം കുറക്കാനും തുര്‍ക്കിക്ക് മേല്‍ സമ്മര്‍ദം ചെലുത്തും. തുര്‍ക്കി വഴിയാണ് ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ നിലവില്‍ യൂറോപ്പിലെത്തിയിരിക്കുന്നത്.
30,000ത്തിലധികം അഭയാര്‍ഥികള്‍ ഇപ്പോള്‍ ഗ്രീസിലുണ്ട്. ഈ മാസം അവസാനത്തോടെ ഇത് ഒരു ലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂറോപ്യന്‍ അഭയാര്‍ഥി കമ്മീഷണര്‍ ദിമിത്രിസ് പറഞ്ഞു.
ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ തുര്‍ക്കിയിലെ മാധ്യമ സ്വാതന്ത്ര്യവും ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നിയന്ത്രണത്തിലുള്ള സമാന്‍ ദിനപത്രം സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകളുടെ പേരില്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
യൂറോപ്യന്‍ നേതാക്കള്‍ തുര്‍ക്കി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് തീരുമാനിച്ചതിന് പുറമെ അഭയാര്‍ഥി വിഷയത്തില്‍ പ്രത്യേക ചര്‍ച്ചയും നടക്കും. തുര്‍ക്കി പല നിലക്കും സഹകരിക്കുന്നുണ്ടെങ്കിലും യൂറോപ്പിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഈ രാജ്യം അഭയാര്‍ഥിപ്രവാഹം കുറക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യം. അതേസമയം, കഴിഞ്ഞ മാസം 859 അഭയാര്‍ഥികളെ തിരിച്ചെടുക്കാനുള്ള ഗ്രീസിന്റെ ആവശ്യം തുര്‍ക്കി അംഗീകരിച്ചിരുന്നു.