Connect with us

Articles

എന്തു ചെയ്യാം, എല്ലാം ഓരോരോ യാദൃച്ഛികതകള്‍!

Published

|

Last Updated

2002ലെ വംശഹത്യാനന്തരം വര്‍ധിത ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുകയും ഏകാധിപത്യത്തിന് സമാനമായ ഭരണം ആരംഭിക്കുകയും ചെയ്തതിന് ശേഷം 2006 വരെയുള്ള കാലയളവില്‍ 21 ഏറ്റുമുട്ടലുകളാണ് ആ മണ്ണില്‍ അരങ്ങേറിയത്. നരേന്ദ്ര മോദി, എല്‍ കെ അഡ്വാനി, പ്രവീണ്‍ തൊഗാഡിയ തുടങ്ങിയ സംഘ്പരിവാര്‍ നേതാക്കളെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരവാദികളെ (ഏറിയകൂറും ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകര്‍) ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന വിശദീകരണം ഗുജറാത്ത് പോലീസ് നല്‍കുകയും അത് മാധ്യമങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്തിരുന്നു അക്കാലത്ത്. ഡി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, നരേന്ദ്ര അമീന്‍, ജി എല്‍ സിംഗാള്‍, തരുണ്‍ ബാരറ്റ്, അഭയ് ചുദസാമ, ജെ ജി പാര്‍മര്‍ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരായിരുന്നു ഏതാണ്ടെല്ലാ ഏറ്റുമുട്ടലുകളിലും പങ്കാളികളായത്. ഭീകരവാദികളെ ഇല്ലായ്മ ചെയ്യുന്ന വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരായി ഇവര്‍ അറിയപ്പെടുകയും ചെയ്തു.
2006ന് ശേഷം ഇത്തരം ഏറ്റുമുട്ടലുകള്‍ ഇല്ലാതായി. നാല് വര്‍ഷത്തോളം നരേന്ദ്ര മോദിയെയും ഇതര നേതാക്കളെയും ലക്ഷ്യമിട്ട “ഭീകരവാദി”കള്‍ പൊടുന്നനെ ആ ശ്രമം വേണ്ടെന്നുവെച്ചു! ഏറ്റുമുട്ടലുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയും ചിലതെങ്കിലും വ്യാജമാണെന്ന സംശയം ബലപ്പെടുകയും ചെയ്തിരുന്നു 2006 ആകുമ്പോഴേക്കും. അതോടെയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ അവസാനിപ്പിക്കാന്‍ ഗുജറാത്തിലെ പോലീസ് തീരുമാനിച്ചത് എന്ന് അനുമാനിക്കേണ്ടിവരും. അല്ലെങ്കില്‍ പൊടുന്നനെ ഈ പരമ്പര അവസാനിക്കില്ലല്ലോ? ഏതാണ്ടെല്ലാ ഏറ്റുമുട്ടല്‍ കൊലകളിലേക്കും നയിച്ചത്, നേതാക്കളെ ആക്രമിക്കാന്‍ ഭീകരവാദികളെത്തുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളായിരുന്നു. അത്തരമൊരു ഇന്റലജന്‍സ് റിപ്പോര്‍ട്ടിന്റെ ഫലമായിരുന്നു 2004 ജൂണില്‍ അഹമ്മദാബാദിലെ തെരുവില്‍ ഇശ്‌റത് ജഹാന്‍, ജാവീദ് ശൈഖ് (പ്രാണേഷ് കുമാര്‍ പിള്ള) സീഷന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവര്‍ വെടിയേറ്റു വീണത്. ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് യു പി എ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ രണ്ട് സത്യവാങ്മൂലങ്ങളാണ് ഇപ്പോള്‍ തര്‍ക്കവിഷയമായി രാജ്യത്തിന് മുന്നിലുള്ളത്.
ഇശ്‌റത് ജഹാന്‍ അടക്കമുള്ളവര്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പിന്തുണക്കുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലം. ഇതിന് പിറകെയാണ് ഇശ്‌റത്തടക്കമുള്ളവരെ വെടിവെച്ച് കൊന്നശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നും നാലുപേരും നേരത്തെ തന്നെ ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്ന അഹമ്മദാബാദ് മജിസ്‌ട്രേറ്റ് എസ് പി തമാംഗിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇതോടെ സത്യവാങ്മൂലം പുതുക്കിനല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇശ്‌റത്ത് അടക്കമുള്ളവര്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരായിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പുതുക്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരെയെങ്കിലും വെടിവെച്ചുകൊല്ലാന്‍ പോലീസിന് അധികാരമില്ലെന്നും പറഞ്ഞു.
സത്യവാങ്മൂലം പുതുക്കിയത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നേരിട്ടാണെന്നും ആഭ്യന്തര സെക്രട്ടറിയായിരുന്ന തന്നെ ഇക്കാര്യം അറിയിച്ചില്ലെന്നും ഗോപാല്‍ കൃഷ്ണ പിള്ള “വെളിപ്പെടുത്തി”. നരേന്ദ്ര മോദിയെ ലക്ഷ്യമിടുക എന്ന ഉദ്ദേശ്യത്തില്‍ രാഷ്ട്രീയ പ്രേരിതമായാണ് ചിദംബരം പ്രവര്‍ത്തിച്ചത് എന്ന ആരോപണവുമായി ബി ജെ പി രംഗത്തുവന്നു. “വെളിപ്പെടുത്തലി”ന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളുടെ യോഗം നരേന്ദ്ര മോദി വിളിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന, വിദേശ യാത്രകളിലൊക്കെ അദ്ദേഹത്തെ അനുഗമിക്കുന്ന ഗൗതം അദാനിയുടെ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ ഗോപാല്‍ കൃഷ്ണ പിള്ള എന്ന ജി കെ പിള്ള എന്നത് യാദൃച്ഛികം മാത്രം. ഗൗതം അദാനിയുടെ ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലക്ക് സുരക്ഷാ അനുമതി ലഭിച്ചത് ജി കെ പിള്ള ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരിക്കെയാണെന്നത് അതിലും വലിയ യാദൃച്ഛികതയും.
ഈ യാദൃച്ഛികതക്കപ്പുറത്തുമുണ്ട് ചില കാര്യങ്ങള്‍. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് എച്ച് എസ് ബേദി കമ്മിറ്റി ഈ മാസമോ അടുത്ത മാസമോ റിപ്പോര്‍ട്ട് നല്‍കും. കാസിം ജാഫര്‍ ഹുസൈന്‍, ജോഗീന്ദര്‍ സിംഗ്, സമീര്‍ ഖാന്‍ പത്താന്‍ എന്നിവരെ ഗുജറാത്ത് പോലീസ് വെടിവെച്ച് കൊന്നതാണെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. സാദിഖ് ജമാല്‍, സൊഹ്‌റാബുദ്ദീന്‍ ശൈഖ്, തുള്‍സി റാം പ്രജാപതി, ഇശ്‌റത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ്, സീഷന്‍ ജോഹര്‍, അംജദ് അലി റാണ എന്നിവരുടെ പട്ടികയിലേക്ക് മൂന്ന് പേര്‍ കൂടി എത്തുന്നു. മൂന്ന് കൊലകളിലും ഗുജറാത്ത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് എച്ച് എസ് ബേദി കമ്മിറ്റി, ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇതിന് പിന്നിലുണ്ടെന്നതിന് തെളിവ് ലഭിച്ചില്ലെന്നുമാണ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഇത് മുന്നിലെത്തുന്നതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്തിന് വേണ്ടിയാണ് ഈ നരമേധം നടത്തിയത് എന്ന ചോദ്യം സുപ്രീം കോടതിക്ക് ഉന്നയിക്കേണ്ടിവരും. അതേക്കുറിച്ച് അന്വേഷിക്കേണ്ടതായും വരും.
മണിപ്പൂരിലും കശ്മീരിലുമൊക്കെ നിരപരാധികളെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച സംഭവങ്ങള്‍ പലതുണ്ടായിട്ടുണ്ട്. സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലുകളോ സ്ഥാനക്കയറ്റമോ ഒക്കെയാണ് ഇതിലേക്ക് പട്ടാള ഉദ്യോഗസ്ഥരെ പലപ്പോഴും പ്രേരിപ്പിക്കാറ്. ഗുജറാത്തിലെ പോലീസ് ഉദ്യോഗസ്ഥരെ മോഹിപ്പിച്ചത് സ്ഥാനക്കയറ്റമോ മെഡലുകളോ മാത്രമാണോ? അതോ ഭരണത്തിന് നേതൃത്വം നല്‍കിയ രാഷ്ട്രീയ നേതാക്കളുടെ ആഗ്രഹസാധ്യമായിരുന്നോ ഈ കൊലപാതകങ്ങള്‍? ഉദ്യോഗസ്ഥരുടെ മാത്രം പങ്കാളിത്തമേ ഇതിലുള്ളൂവെങ്കില്‍ ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച കേസുകള്‍ അട്ടിമറിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കൊപ്പം രാഷ്ട്രീയ നേതാക്കള്‍ ആലോചന നടത്തുന്നത് എന്തിനാണ്? അമിത് ഷാക്ക് ശേഷം ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന പ്രഫൂല്‍ പട്ടേല്‍, കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും യോഗത്തില്‍ പങ്കെടുത്ത്, പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ശബ്ദരേഖ, സി ബി ഐക്ക് ലഭിച്ചിട്ടുണ്ട്. ഇശ്‌റത് ജഹാനടക്കമുള്ളവരെ കൊലപ്പെടുത്തി ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസില്‍ ആരോപണ വിധേയനായ ഡി ജി പി, ജി എല്‍ സിംഗാളില്‍ നിന്നാണ് ഈ ശബ്ദരേഖ സി ബി ഐക്ക് ലഭിച്ചത്. എന്തിന് വേണ്ടിയായിരുന്നു നരമേധമെന്ന് അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടാല്‍ പ്രഫൂല്‍ പട്ടേലടക്കമുള്ളവരിലേക്ക് അന്വേഷണം നീളും. ചിലപ്പോള്‍ അവിടെ നിന്ന് മുകളിലേക്കും. അതിനൊക്കെ പിറകില്‍ രാഷ്ട്രീയമാണെന്ന് വരുത്തണമെങ്കില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തിരുത്തി മോദിയെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ ശ്രമം നടന്നുവെന്ന് ഇപ്പോള്‍ തന്നെ വാദിച്ച് തുടങ്ങണം. അത് തുടങ്ങാന്‍ അദാനിയുടെ ഭൃത്യനേക്കാള്‍ വലിയൊരു സ്രോതസ്സ് തത്കാലം നരേന്ദ്ര മോദിക്കും കൂട്ടര്‍ക്കും കിട്ടാനില്ല തന്നെ.
ഇശ്‌റത്ത് ജഹാന്‍ കേസിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ചാണ് ജി കെ പിള്ള മുതല്‍ മോദി വരെയുള്ളവര്‍ക്ക് തര്‍ക്കമുള്ളത്. അഹമ്മദാബാദിലെ തെരുവില്‍ പോലീസിന്റെ വെടിയേറ്റ് വീണ അത്താഴപ്പട്ടിണിക്കാരന്‍ സാദിഖ് ജമാലിന്റെ കാര്യത്തിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ഭീകരവാദിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇശ്‌റത്തടക്കമുള്ളവരുടെ ഭീകരബന്ധം റിപ്പോര്‍ട്ട് ചെയ്ത, ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ തന്നെയാണ് ഈ റിപ്പോര്‍ട്ടിന്റെയും ഉപജ്ഞാതാവ്. സൊഹ്‌റാബുദ്ദിന്‍ ശൈഖിനെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച സംഭവത്തിന് പിറകിലും ഭീകരബന്ധം ആരോപിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അത് എഴുതിയതും രജീന്ദര്‍ കുമാറും സംഘവും തന്നെ. ഇശ്‌റത് ജഹാന്‍ കേസിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രം നല്‍കിയ സത്യവാങ്മൂലങ്ങളിലെ വൈരുധ്യം ഉയര്‍ത്തിക്കാട്ടാന്‍ ഉത്സാഹം കാട്ടുന്ന പിള്ളമാര്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്തിനാണ് വ്യാജ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അയച്ച് നിരപരാധികളുടെ ജീവനെടുക്കാന്‍ കൂട്ടുനിന്നത് എന്നതില്‍ മൗനം പാലിക്കുകയാണ്, അന്നും ഇന്നും. പിള്ള മനസ്സില്‍ കള്ളമില്ലെന്നതിന് ഇതിലപ്പുറം തെളിവ് ആവശ്യമില്ല. നേരിട്ടുള്ള മേലാവായ അദാനിയുടെയും അതുക്കുംമേലെയുള്ള മേലാവായ മോദിയുടെയും ഇംഗിതസാധ്യത്തിനപ്പുറം എന്ത് സായൂജ്യം പിള്ളയദ്യത്തിന്! ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന സി ബി ഐയുടെ ആവശ്യം നിഷേധിച്ച്, വസ്തുത പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ട യു പി എ സര്‍ക്കാറും ചിദംബരാദി നേതാക്കളും തന്നെയാണ് പിള്ളക്ക് ഈ അവസരം തുറന്നുകൊടുത്തത് എന്ന വൈരുധ്യവും നിലനില്‍ക്കുന്നു.
കൂടുതല്‍ പേരുടെ ചോരക്ക് ഗുജറാത്ത് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്ന ബേദി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ അതിലേക്ക് നയിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ ആധികാരികത ചോദ്യംചെയ്യപ്പെടും. അതെഴുതിയ രജീന്ദര്‍ കുമാറുമാരെക്കുറിച്ച് അന്വേഷണം വരും. ന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് വെടിവെച്ച് കൊല്ലാന്‍ പാകത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടായതെങ്ങനെ എന്ന ചോദ്യം സ്വാഭാവികമായി ഉയരും. ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടത് ഗുജറാത്തിലേക്ക് വേണ്ടി മാത്രമായിരുന്നു. എല്ലാ റിപ്പോര്‍ട്ടുകളിലും നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളെ ഭീകരവാദികള്‍ ലക്ഷ്യമിടുന്നുവെന്ന് എഴുതിവെച്ചു. ഇതൊക്കെ ജി കെ പിള്ള അദാനി ഗ്രൂപ്പിന്റെ ഡയറക്ടറായതുപോലുള്ള യാദൃച്ഛികത മാത്രമാണെന്ന് വിശ്വസിക്കുക പ്രയാസം.
ബേദിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുകയും ഏറ്റുമുട്ടല്‍ കൊലകളിലേക്ക് നയിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെക്കുറിച്ചൊക്കെ അന്വേഷണം വേണമെന്ന് അഭിപ്രായപ്പെടുകയുമൊക്കെ ചെയ്താല്‍ ഉണ്ടാകാനിടയുള്ള പ്രയാസം മറികടക്കാനൊരു മുന്‍കൂര്‍ ജാമ്യം. അതിനാണ് ജി കെ പിള്ളയുടെയും കെ വി എസ് മണിയുടെയും “വെളിപ്പെടുത്തലുകളും” അതിനെ മുഖവിലക്കെടുത്ത് “രാജ്യത്തിന് ഇക്കാര്യങ്ങള്‍ അറിയണമെന്ന” ഗോസ്വാമിമാരുടെ ആക്രോശവും. കൊലക്ക് കളമൊരുക്കുന്ന ഇന്റലിജന്‍സും അത് നടപ്പാക്കിയെടുക്കുന്ന പോലീസും. അവരെ സംരക്ഷിക്കുന്ന ഭരണ സംവിധാനം. അതിനെ സ്‌നേഹിക്കുന്നതാണ് രാജ്യസ്‌നേഹം. നിയമ വ്യവസ്ഥ അനുസരിച്ചും അല്ലാതെയും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest