Connect with us

Articles

ഇതാണ് ഞങ്ങള്‍ പാഞ്ഞ കേരളം

Published

|

Last Updated

തിരഞ്ഞെടുപ്പല്ലേ വരാന്‍ പോകുന്നത്. ഇനി ഇതുപോലൊന്ന് വരാന്‍ അഞ്ച് കൊല്ലം കഴിയണം. കേരളം തിരഞ്ഞടുപ്പത്ത്. കത്തിത്തുടങ്ങി. മൂന്ന് കല്ലെങ്കിലും വേണം അടുപ്പുണ്ടാക്കാന്‍. ഇരു മുന്നണികള്‍ക്കും കല്ല് യഥേഷ്ടം. പാകത്തിന് എടുക്കാം. മൂന്നാം മുന്നണിക്കാണ് ഏറെ വിഷമം. ഒരു കല്ലിപ്പോള്‍ കിട്ടിയതേയുള്ളൂ. വെള്ളാപ്പള്ളി കൂടെക്കൂടി. കിട്ടുന്നവരൊക്കെ പോരട്ടെ എന്നാണ്.
കഥാപാത്രങ്ങള്‍ നിരനിരയായി വരികയാണ്. അലക്കിത്തേച്ച ചിരിയുമായി അവര്‍. ചൂടാണല്ലോ, അകത്തും പുറത്തും. ഇനി ഇതു പോലൊന്ന് വരാന്‍ അഞ്ച് കൊല്ലം കഴിയണം.
മന്ത്രിമാരൊക്കെ തലയില്‍ തീയിട്ട് നാട് മുഴുവന്‍ പാഞ്ഞു നടക്കുകയാണ്. ഇതാണ് ഞങ്ങള്‍ പാഞ്ഞ കേരളം എന്ന് പറഞ്ഞാല്‍ തെറ്റില്ല. ഉദ്ഘാടനങ്ങള്‍. പാലങ്ങളും റോഡുകളും മറ്റ് പദ്ധതികളും. ഒരിക്കല്‍ ഉദ്ഘാടനം നടന്നതാണെങ്കിലും പ്രശ്‌നമില്ല. ഒന്നു കൂടിയാവാം. ഇനി പറ്റിയില്ലെങ്കിലോ? ശിലയുമിടാം. തെളിവാണല്ലോ, ഇങ്ങനെയൊരു മന്ത്രിയുണ്ടായിരുന്നുവെന്നും ഈ ശിലയിടാന്‍ വന്നിരുന്നു എന്നും. ഇനി ഇതു പോലൊന്ന് വരാന്‍ അഞ്ച് കൊല്ലം കഴിയണം.
അങ്ങ് തിരുവനന്തപുരത്ത് തീരുമാനങ്ങള്‍ അപ്പപ്പോള്‍ ചൂട്ടെടുക്കുകയായിരുന്നു. എന്തെങ്കിലും ഒരു കടലാസ് കിട്ടിയാല്‍ മതി. അപ്പോള്‍ തീരുമാനമാകും. മന്ത്രി മന്ദിരങ്ങളുടെ ഇടനാഴികളില്‍ കുശുകുശുപ്പ് ഇത്തിരി കൂടുതലായിരുന്നത്രേ. ചുട്ടെടുക്കുന്നവരുടെ തിരക്കാണ്. ദിവസവും മന്ത്രിമാരുടെ യോഗങ്ങളാണ്. എന്തൊക്കെയാണെന്ന് ചോദിച്ചാല്‍ പറയാനാകില്ല. ദോശ ചുടുംപൊലെയാണ് തീരുമാനങ്ങള്‍. മാവൊഴിക്കുന്നു, ശീ…ശീ… ദോശ. ദാ പിടിച്ചോ, അടുത്ത ദോശക്ക് മാവൊഴിക്കൂ… ഇനി ഇതു പോലൊന്ന് വരാന്‍ അഞ്ചു കൊല്ലം കഴിയണം.
ഇനി എന്തൊക്കെയാ കേള്‍ക്കാന്‍ പോകുന്നതെന്നറിയോ. നല്ല നല്ല വാക്കുകള്‍. തേന്‍ പുരട്ടിയത്, മസാല ചേര്‍ത്തത്, വാഗ്ദാനങ്ങള്‍… ഇവ അഞ്ചു കൊല്ലം മുമ്പേ കേട്ടതാകും. കാട്ടിക്കൂട്ടുന്നവ അഞ്ചു കൊല്ലം മുമ്പ് കണ്ടതാകും. ആയതിനാല്‍ പുതിയതിന് ചെവി ചെത്തി കൂര്‍പ്പിച്ച് കാത്തിരിക്കുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇതൊന്നും കേള്‍ക്കാനും പോകുന്നില്ല, കാണാനും പോകുന്നില്ല. ഇനി ഇതു പോലൊന്ന് വരാന്‍ അഞ്ചു കൊല്ലം കഴിയണം.
നമ്മുടെ കേരളാ കോണ്‍ഗ്രസുകാര്‍ പിളര്‍ന്നു. അതൊരു വാര്‍ത്തയല്ല. പിളരുന്തോറും വളരുമെന്നും വളരുന്തോറും പിളരുമെന്നല്ലേ ആപ്തവാക്യം. അഞ്ച് വര്‍ഷം കൊണ്ട് വളര്‍ന്നു. പുര നിറഞ്ഞ് നില്‍ക്കുകയാണ് നേതാക്കള്‍. സീറ്റ് മോഹികള്‍ എന്ന് പറയാം. പല മണ്ഡലത്തിലും കണ്ണ് വെച്ച് കാത്തിരിപ്പാണ്. പലര്‍ക്കും സീറ്റില്ല. രണ്ടിലയല്ലേ. ഒരില മാണിയുടെ കൈയില്‍, ഒരില മകന്റെ കൈയില്‍. അപ്പോഴെന്ത് ചെയ്യും? പിളരുക. വാലുമായി മറ്റേ മുന്നണിയില്‍ ചേക്കേറുക. ഇനി ഇതു പോലൊന്ന് വരാന്‍ അഞ്ച് കൊല്ലം കഴിയണം.
തിരഞ്ഞടുപ്പത്തായി. മണ്ഡലത്തിലേക്കിറങ്ങുകയല്ലേ. ഓട്ടം തുടങ്ങിക്കോളൂ. ഓര്‍ക്കണേ, പരനാറി, കുലംകുത്തി ഇത്യാദി വേണ്ട. ആ കഷായ മുഖമൊന്ന് മാറ്റിയേ. കണ്ടാലൊന്ന് ചിരിക്കണം. അടുത്തെത്തിയാല്‍ കൈ കൂപ്പണം. കനിയണേ…കാത്തു കൊള്ളണേ എന്നാണ്.
ഇത് എത്ര കാലം വേണ്ടി വരുമെന്നാണ് പറയുന്നത്.
ഇത്തവണ കുറച്ചേറെ നേരം വേണ്ടി വരും. പത്തെഴുപത് ദിവസം.
ശരിക്കും പറഞ്ഞാല്‍…
മെയ് പതിനാറ് വരെ..!
പിന്നെ,
ഇനി ഇതു പോലൊന്ന് വരാന്‍ അഞ്ചു കൊല്ലം കഴിയണം.

---- facebook comment plugin here -----

Latest