Connect with us

Kerala

രണ്ടര മാസം നീളുന്ന പെരുമാറ്റച്ചട്ടം പദ്ധതി നിര്‍വഹണത്തെ ബാധിക്കും

Published

|

Last Updated

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ നിലവില്‍വന്ന രണ്ടര മാസത്തെ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ത്രിതല പഞ്ചായത്തുകളും കോര്‍പറേഷനുകളും ബജറ്റ് പാസ്സാക്കിയതൊഴിച്ചാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളൊന്നും എങ്ങും എത്തിയിട്ടില്ല. പുതിയ ഭരണസമിതി അധികാരമേറ്റ് നാല് മാസമേ ആയിട്ടുള്ളൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പല പദ്ധതികളും തുടക്കം കുറിക്കാനിരിക്കുന്നതിനിടയിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഫണ്ട് വിനിയോഗവും പാതിവഴിയിലാണ്. ഗ്രാമപഞ്ചായത്ത് തലം മുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കാന്‍ രണ്ടര മാസത്തോളം നീളുന്ന പെരുമാറ്റച്ചട്ടം കാരണമാകുമെന്ന് തദ്ദേശഭരണ സാരഥികള്‍ ആശങ്കപ്പെടുന്നു. പഞ്ചായത്ത് തലത്തിലുള്ള വികസന സെമിനാറുകള്‍ ഇനിയും വിളിച്ചു ചേര്‍ത്തിട്ടില്ല.
വികസന സെമിനാറുകളില്‍ നിന്ന് രൂപപ്പെടുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പദ്ധതി രൂപവത്ക്കരണവും നീളും. റോഡുകളുടെ വികസനവും വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണിയും നടത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. രണ്ടര മാസം നീളുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ സിറാജിനോട് പറഞ്ഞു.
ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇനി മെയ് അവസാനത്തോടെ മാത്രമേ തുടങ്ങാന്‍ കഴിയൂവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏത് സമയവും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്ന അവസ്ഥ മുന്നില്‍ക്കണ്ട് ബജറ്റ് അവതരിപ്പിച്ച് പാസ്സാക്കിയത് മാത്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഏക ആശ്വാസം. രാത്രിയെയും പകലാക്കി മുഴുവന്‍സമയവും കര്‍മനിരതമായി ജോലി ചെയ്താണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ പുതിയ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്.
സര്‍ക്കാറിന്റെ ഔദ്യോഗിക പരിപാടികളും രണ്ടര മാസക്കാലം ഉണ്ടാകില്ലെന്നതാണ് മറ്റൊരു കാര്യം. മെയ് 19ന് ഫലപ്രഖ്യാപനം വരുന്നത് വരെ ഇനി ഔദ്യോഗിക പരിപാടികള്‍ ഉണ്ടാകില്ല. ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രമേ ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും നടക്കുകയുള്ളൂ. വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന ദിവസം കണ്ണൂരിലുണ്ടായിരുന്ന സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പ്രഖ്യാപനം വന്നതോടെ മറ്റു പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ തിരിച്ചുപോയി. വികസന പദ്ധതികള്‍ അടക്കമുള്ള യോഗങ്ങളും മാറ്റിവെക്കുകയായിരുന്നു.

Latest