Connect with us

Kerala

ചാലക്കുടിക്കാരുടെ സ്വന്തം മണി; നാടന്‍ പാട്ടിന്റെയും

Published

|

Last Updated

ചാലക്കുടി: തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി നിനച്ചിരിക്കാതെ എന്നെന്നേക്കുമായി യാത്രയായത് വിശ്വസിക്കാനാകാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ചാലക്കുടിയിലെ നാടും നഗരവും. ഓട്ടോ ഡ്രൈവറായി ജീവിതമാരംഭിച്ച് കലാലോകത്ത് ഉയര്‍ന്ന സ്ഥാനം വെട്ടിപ്പിടിച്ച് ചാലക്കുടിയെ ലോകമാകെ പ്രശസ്തമാക്കിയ പ്രിയ പുത്രന്‍ മരണപ്പെട്ടുവെന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതേയല്ല.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പകര്‍ന്നു കിട്ടിയ പാട്ടുകളെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗായകന്‍ കൂടിയായിരുന്നു മണി. മലയാളിയുടെ നാവില്‍ ഇന്നും തത്തിക്കളിക്കുന്ന നിരവധി നാട്ടറിവ് ഈണങ്ങള്‍ മണി സമ്മാനിച്ചു. പരമ്പരാഗതമായി ലഭിച്ച വഞ്ചിപ്പാട്ടിന്റെയും വലംതല, ഇടതല പ്രയോഗങ്ങളാല്‍ നിരക്ഷരന് പോലും അനായാസം മൂളാവുന്ന രീതിയിലുള്ള നാടന്‍പാട്ടുകളുമായി നിരവധി വേദികളിലായി മണി നിറഞ്ഞാടുകയായിരുന്നു. ഏകദേശം ആയിരത്തോളം നാടന്‍പാട്ടുകളാണ് മണി പുറത്തിറക്കിയത്. പഴയ നാട്ടറിവ് പാട്ടുകാരെ കണ്ടെത്തി അവരെ രംഗത്തിറക്കുവാന്‍ മണി ശ്രമിച്ചിരുന്നു. പല കാസറ്റ് കമ്പനികളും ഉത്സവകാലങ്ങളിലെ മണിയുടെ നാടന്‍ പാട്ടിനായി കാത്തുനിന്നു.
ആദ്യകാലത്ത് പ്രാദേശികമായ ഉത്സവ പറമ്പുകളില്‍ പ്രശസ്തരായ നാടക, മിമിക്രി ട്രൂപ്പുകള്‍ പരിപാടികള്‍ നടത്തുമ്പോള്‍ ഇടവേളകളില്‍ നാടന്‍പാട്ടുകളും, മിമിക്രിയും അവതരിപ്പിച്ചാണ് മണി കലാരംഗത്തേക്ക് ചുവടുവച്ചത്. സിനിമയില്‍ സ്വഭാവ നടന്‍, ഹാസ്യ നടന്‍, വില്ലന്‍ എന്നിവയെല്ലാമായി തിളങ്ങുമ്പോഴും നാടന്‍ പാട്ടുകളെയും ചാലക്കുടിയെന്ന സ്വന്തം നാടിനെയും മണി മറന്നില്ല. ഈ സ്‌നേഹവായ്പില്‍ നിന്നാണ് ചാലക്കുടി ചന്തക്ക് പോകുമ്പോള്‍… എന്ന ഗാനം കിട്ടാവുന്ന വേദികളിലെല്ലാം മണി ആലപിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞുള്ള ഇടവേളകളിലെല്ലാം നാട്ടില്‍ പറന്നെത്താനും നാട്ടുകാരെ ചേര്‍ത്തുപിടിക്കാനും അദ്ദേഹം ഉത്സാഹിച്ചിരുന്നു.
ഈ ജനകീയത തന്നെയാണ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിയെ മത്സരിപ്പിക്കുന്നതിന് ശ്രമം നടത്താന്‍ ഇടത് മുന്നണിയെ പ്രേരിപ്പിച്ചതും. കഴിഞ്ഞ ഓണത്തിനും മണ്ഡലകാലങ്ങളിലും മണിയുടേതായ ഗ്രാമീണ ഭക്തിഗാനങ്ങളും ഇറക്കിയിരുന്നു. മകള്‍ ശ്രീലക്ഷ്മിയെയും നാടന്‍പാട്ടുകള്‍ പാടിച്ച് മണി തന്റെ പാതയിലേക്ക് കൊണ്ടുവന്നിരുന്നു.