Connect with us

National

900 കോടിയുടെ സാമ്പത്തിക ക്രമക്കേട്; വിജയ് മല്ല്യക്കെതിരെ കേസ്

Published

|

Last Updated

മുംബൈ: തൊള്ളായിരം കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യക്കെതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസെടുത്തു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബേങ്കായ ഐ ഡി ബി ഐ ചട്ടവിരുദ്ധമായി വായ്പ നല്‍കിയതിലൂടെ തൊള്ളായിരം കോടിയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കള്ളപ്പണം തടയല്‍ നിയമ പ്രകാരം സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇ ഡിയുടെ മുംബൈ മേഖലാ ഓഫീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും അവരുടെ അനധികൃത വിദേശ പണമിടപാടുകളെ കുറിച്ചും ഇ ഡി അന്വേഷിക്കും. മല്യക്ക് പുറമെ കിംഗ്ഫിഷര്‍ എയര്‍ലൈനിന്റെ ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ എ രഘൂത്തമനെതിരെയും ഐ ഡി ബി ഐ ബേങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും സി ബി ഐ കേസുണ്ട്. ഇവരെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് 2015 ഒക്‌ടോബറില്‍ മല്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ സി ബി ഐ കണ്ടെടുത്തിരുന്നു.
അതിനിടെ, ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയാഗിയോക്ക് കിംഗ്ഫിഷര്‍ വില്‍പ്പന നടത്തിയതു വഴി മല്യക്ക് കിട്ടിയ 515 കോടി രൂപ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ മരവിപ്പിച്ചിട്ടുണ്ട്. കേസില്‍ തീര്‍പ്പാകുന്നതു വരെ ഈ പണം വിജയ് മല്യക്ക് ഉപയോഗിക്കാനാകില്ല. ഏഴായിരം കോടി രൂപയുടെ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയാണ് ഡെറ്റ് റിക്കവറി ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

---- facebook comment plugin here -----

Latest