Connect with us

International

ആണവയുദ്ധത്തിന് തയ്യാറാകാന്‍ ഉത്തര കൊറിയന്‍ ആഹ്വാനം

Published

|

Last Updated

പ്യോംഗ്‌യാംഗ്: നീതിക്കായി വിശുദ്ധയുദ്ധം നടത്തണമെന്നും ആണവയുദ്ധത്തിന് തയ്യാറാകണമെന്നും ആഹ്വാനവുമായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനങ്ങള്‍ തങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്നതിന്റെ മുന്നോടിയാണെന്നും ഇതിനെതിരെ പോരാടാന്‍ വിശുദ്ധ യുദ്ധത്തിന് തയ്യാറാകാണമെന്നും രാജ്യം ആഹ്വാനം ചെയ്തു. വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയയും അമേരിക്കയും ഇന്നലെ സംയുക്തമായി പരിശീലനം തുടങ്ങിയിരുന്നു. ആണവ യുദ്ധത്തിനുള്ള തയ്യാറെടുപ്പായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഉത്തര കൊറിയ ജനുവരിയില്‍ നടത്തിയ ആണവ പരീക്ഷണത്തേക്കാളും കഴിഞ്ഞ മാസം നടത്തിയ ദീര്‍ഘ ദൂര മിസൈല്‍ പരീക്ഷണത്തേക്കാളും വലുതാണ് തങ്ങള്‍ നടത്തുന്ന സംയുക്ത സൈനിക പരിശീലനമെന്ന് ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍ പറഞ്ഞു. 17000, അമേരിക്കന്‍ സൈനികരും മൂന്ന് ലക്ഷം ദക്ഷിണ കൊറിയന്‍ സൈനികരും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനം ഉത്തര കൊറിയയെ പ്രകോപിപ്പിച്ചുണ്ടെന്ന് സൈനിക മേധാവി പറഞ്ഞു. എന്നാല്‍ ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഇതുവരെയായി സൈന്യത്തെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള സമീപനങ്ങള്‍ ഉണ്ടായിട്ടില്ല. ഉത്തര കൊറിയ വീണ്ടുവിചാരമില്ലാത്ത ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ നിലപാട് മാറ്റുമെന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ മുന്നറിയിപ്പ് കൂസാതെ ഉത്തര കൊറിയ മുന്നോട്ട് പോകുകയാണെങ്കില്‍ സൈന്യം പ്രതികരിക്കുമെന്നും ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇതിനുള്ള പൂര്‍ണ ഉത്തരവാദി ഉത്തര കൊറിയയായിരിക്കുമെന്നും പ്രസ്താവനയിലുണ്ട്.
അതേസമയം ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണെങ്കില്‍ രാജ്യവും സൈന്യവും നീതിക്കായി വിശുദ്ധ യുദ്ധം നടത്തുമെന്ന് ഉത്തര കൊറിയന്‍ സൈനിക കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുദ്ധത്തില്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നും ഇത് അമേരിക്കക്കെതിരെയാണ് പ്രയോഗിക്കുകയെന്നും കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചയ്തു.

---- facebook comment plugin here -----

Latest