Connect with us

Kerala

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ 68 പേര്‍ക്ക് കമ്മീഷന്റെ വിലക്ക്

Published

|

Last Updated

ആലപ്പുഴ: സംസ്ഥാനത്ത് 68 പേര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച് ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇവരില്‍ 31 പേരുടെ വിലക്ക് ഈ മാസം 15ന് നീങ്ങുമെന്നതിനാല്‍ മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തടസ്സമുണ്ടാകില്ല. മറ്റുള്ളവരുടെ വിലക്ക് ഈ വര്‍ഷം ജൂണിലും മറ്റു ചിലരുടേത് അടുത്ത വര്‍ഷവും മാത്രമേ നീങ്ങുകയുള്ളൂ എന്നതിനാല്‍ ഇവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. മൂന്ന് വര്‍ഷത്തേക്കാണ് മത്സരവിലക്കുള്ളത്. വിലക്ക് നീങ്ങുന്നതോടെ മത്സര രംഗത്തിറങ്ങുന്നതിന് തടസ്സമുണ്ടാകില്ല.2013 മാര്‍ച്ച് 15 മുതല്‍ വിലക്കേര്‍പ്പെടുത്തിയവരുടെ കാലാവധിയാണ് ഈ മാസം 15ന് അവസാനിക്കുന്നത്.
എം വി തോമസ്(തളിപ്പറമ്പ്), പൊയ്‌ലോര്‍ കുന്നുമ്പ്രം ദിവാകരന്‍(ധര്‍മടം), സലീം ടി ബി, എസ് പൂവളപ്പില്‍(കൂത്തുപറമ്പ്), തര്യന്‍കിളിയന്‍, സി ജി ഉണ്ണി(നിലമ്പൂര്‍), പൂക്കുട്ടി അലിഹാജി(മലപ്പുറം), എന്‍ ഹംസ, എം ഹംസ(ഒറ്റപ്പാലം), വി ലക്ഷ്മി(ചിറ്റൂര്‍), വി എ കൃഷ്ണകുമാരന്‍(ചേലക്കര), ഉണ്ണികൃഷ്ണന്‍ വരോളി(കുന്നംകുളം), ദയാനന്ദന്‍മാമ്പുള്ളി(ഗുരുവായൂര്‍), അരവിന്ദാക്ഷന്‍(മണലൂര്‍), സുരേഷ് എം ആര്‍(ഒല്ലൂര്‍), എന്‍ വി മണി(നാട്ടിക), ടി വി ശിവദാസന്‍(ഇരിങ്ങാലക്കുട), ജയകുമാര്‍ ഇ (ചാലക്കുടി), ടി യു രാധാകൃഷ്ണന്‍, കെ ബി ഹരിദാസ്(കൊടുങ്ങല്ലൂര്‍), ജോണ്‍ചാക്കോ, ജോണ്‍സണ്‍(അങ്കമാലി), അനില്‍മാത്യു, അനൂപ് ഭാസ്‌കരന്‍, മനോജോര്‍ജ് (പൂഞ്ഞാര്‍), മസീഫ് ഹാജി(പട്ടാമ്പി), ചന്ദ്രന്‍(നെന്മാറ), മലുമേല്‍ സുരേഷ്, പി ഡി സുധീര്‍(കരുനാഗപ്പള്ളി), അഡ്വ. വള്ളികുന്നം പ്രസാദ്, രവി വടക്കേചരുവില്‍(കുന്നത്തൂര്‍), പ്രകാശ് വി(കൊട്ടാരക്കര), പുനലൂര്‍ സലീം, ആര്‍ സുഭാഷ് പട്ടാഴി(പത്തനാപുരം), വെള്ളിമണ്‍ ദിലീപ്, സുശീല മോഹന്‍(കുണ്ടറ), മൈലോട് സുധന്‍, ശശികുമാര്‍ (ചാത്തന്നൂര്‍) എന്നിവര്‍ക്കാണ് മത്സര വിലക്ക് നിലനില്‍ക്കുന്നത്.
ഈ മാസം 15ന് വിലക്ക് നീങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉദുമ മണ്ഡലത്തില്‍ നിന്നുള്ളവരാണ്. ഉദുമ മണ്ഡലത്തില്‍ നാല് പേര്‍ക്കും കുട്ടനാട്, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളില്‍ മൂന്നും കാസര്‍കോട്, തൃക്കരിപ്പൂര്‍, അരൂര്‍, ആറന്മുള, അടൂര്‍ മണ്ഡലങ്ങളില്‍ രണ്ടും പേര്‍ക്കാണ് മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.മഞ്ചേശ്വരം, കാഞ്ഞങ്ങാട്, ചേര്‍ത്തല, കോന്നി എന്നി മണ്ഡലങ്ങളില്‍ ഒരാള്‍ക്ക് വീതവും മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം വിലക്ക് കാലാവധി ഈ മാസം 15ന് അവസാനിക്കും.അത് കൊണ്ട് തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസ്സമുണ്ടാകില്ല.

Latest