Connect with us

Eranakulam

ഇന്ത്യന്‍ ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവന അപലപനീയം: മുസ്‌ലിം ജമാഅത്ത്

Published

|

Last Updated

കൊച്ചി: സ്ത്രീ സമൂഹത്തെ അവഹേളനപാത്രമാക്കി മാറ്റുന്ന പ്രവണതകള്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമില്ലെന്നും നീതിന്യായ വ്യവസ്ഥ നീതിക്കും ന്യായത്തിനും വേണ്ടിമാത്രം ഉപയോഗപ്പെടുത്തണമെന്നും ചേരാനെല്ലൂര്‍ അശ്അരിയ്യഃയില്‍ ചേര്‍ന്ന മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കോഴിക്കോട് നടന്ന സെമിനാറില്‍ ബഹുഭര്‍തൃത്വം സ്ത്രീകള്‍ക്കുമാകാമെന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസ്താവനയെ യോഗം അപലപിച്ചു.
സ്ത്രീകളെ ബഹുമാനിക്കുന്ന മതമാണ് ഇസ്‌ലാം. സ്വയം നിയമമുണ്ടാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയും ഇസ്‌ലാമിക ശരീഅത്തും വ്യക്തികള്‍ക്ക് അധികാരം നല്‍കിയിട്ടില്ല. അലിഖിത നിയമങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന ഇന്ത്യന്‍ ജുഡീഷ്യറിയെ കളങ്കപ്പെടുത്തുന്ന പ്രസ്താവനകള്‍ മാത്രമായേ ഇതുപോലുള്ള ജല്‍പനങ്ങളെ കാണാന്‍ കഴിയുകയുള്ളൂ എന്നും യോഗം വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് കല്‍ത്തറ പി അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം വി എച്ച് അലി ദാരിമി കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, പി കെ എ കരീം ഹാജി, അഡ്വ. മജീദ്, മുഹമ്മദ് ബഷീര്‍ മുവാറ്റുപുഴ, ഉമര്‍ ഹാജി മണക്കാടന്‍, ഖാദര്‍ കുഞ്ഞ് ഹാജി, ഡോ. എ ബി അലിയാര്‍, കൈതപ്പാടം കരീം ഹാജി പങ്കെടുത്തു. ജില്ലാ ജന. സെക്രട്ടറി എ അഹ്മദ് കുട്ടി ഹാജി സ്വാഗതവും സി എ ഹൈദ്രോസ് ഹാജി നന്ദിയും പറഞ്ഞു.

Latest