Connect with us

Editorial

കായല്‍ നികത്തല്‍

Published

|

Last Updated

മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയ തീരുമാനം സര്‍ക്കാറിനും യു ഡി എഫിനും പൊല്ലാപ്പായിരിക്കുന്നു. പ്രതിപക്ഷത്തിനൊപ്പം കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെ ഭരണ പക്ഷത്തെ പ്രമുഖരും നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കുമരകത്തെ മെത്രാന്‍ കായലിലെ 378 ഏക്കര്‍ നിലം ടൂറിസം പദ്ധതിക്കായി നികത്താന്‍ റാക്കിന്‍ഡോ ഡവലപ്പേഴ്‌സ് കമ്പനിക്കാണ് റവന്യൂ വകുപ്പ് അനുമതി നല്‍കിയത്. മന്ത്രസഭ ഇതിന് അംഗീകാരവും നല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായി ഹൈക്കോടതിയുടെ ഉത്തരവും തദ്ദേശ സ്വയംഭരണ, മത്സ്യബന്ധന, പരിസ്ഥിതി, കൃഷി വകുപ്പുകളുടെ എതിര്‍പ്പും മറികടന്നായിരുന്നു തിരക്കിട്ട അനുമതി. മെത്രാന്‍ കായലുമായി ബന്ധപ്പെട്ട ഹൈക്കോടതി മുമ്പാകെയുള്ള കേസില്‍ തീര്‍പ്പാകുന്നത് വരെ ഭൂമി നികത്തുകയോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് ഫെബ്രുവരി നാലിനാണ് കോടതി ഉത്തരവ് നല്‍കിയത്. പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് കോട്ടയം ജില്ലാ കലക്ടറും കുമരകം പഞ്ചായത്തും ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കുട്ടനാട് കായല്‍ നിലങ്ങളില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള ഭൂമിയാണ് മെത്രാന്‍ കായല്‍. 2006 വരെ ഇവിടെ നെല്‍കൃഷി നടന്നിരുന്നു. ഈ സ്ഥലം നികത്തരുതെന്നും നെല്‍കൃഷിക്കായി വിനിയോഗിക്കണമെന്നും കുമരകം ഗ്രാമ പഞ്ചായത്ത് പ്രമേയം പാസ്സാക്കുകയുണ്ടായി. റൈസ് മിഷന്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു കൃഷി നടത്തുന്നതിനായി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃഷിക്കുള്ള നടപടികള്‍ പഞ്ചായത്ത് ആരംഭിക്കുകയും ചെയ്തതാണ്. സംരക്ഷിത പ്രദേശമായ വേമ്പനാട്ടു കായലിന്റെ ഭാഗമായ മെത്രാന്‍ കായലില്‍ കേന്ദ്ര നിയമമനുസരിച്ച് മണ്ണിട്ടു നികത്തുന്നതിന് വിലക്കുണ്ടെന്ന് പരിസ്ഥിതി വകുപ്പ് സര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അവഗണിച്ചു തിരക്കിട്ട് സ്വകാര്യ കമ്പനിക്ക് സ്ഥലം നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിയമതി ആരോപിക്കപ്പെടുന്നുണ്ട്. 2007ന് മുമ്പ് കൃഷി നടത്തിയിട്ടില്ലെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് നികത്തലിന് റവന്യൂ വകുപ്പ് അനുമതി നല്‍കിയത്.
തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് വഴിവിട്ട നിയമനങ്ങളും റിസോര്‍ട്ട്, മണല്‍, ക്വാറികള്‍ക്ക് ചട്ടങ്ങള്‍ മറികടന്നുള്ള സഹായങ്ങളും സ്ഥലം മാറ്റവും തകൃതിയായിരുന്നു. ബാര്‍ കോഴക്കേസിലെ അന്വേഷണോദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കെ എം മാണിക്ക് അനുകൂലമായി തിരുത്തിയ വിന്‍സെന്റ് എം പോളിനെ മുഖ്യ വിവരാവകാശ കമ്മീഷണറായി നിയമിച്ച നടപടി ഈ ഗണത്തില്‍ പെട്ടതാണ്. ഇത് പക്ഷേ, കോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ കായല്‍ നികത്തല്‍ പ്രശ്‌നത്തില്‍ വി എം സുധീരന്‍ വിയോജിപ്പ് പ്രകടിപ്പിച്ച്, തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ ഉത്തരവ് പുനഃപരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. ഫയലില്‍ ഒപ്പിട്ട റവന്യൂ മന്ത്രിയാകട്ടെ, ഈ ഫയലിനെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കു കയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്റെ മുന്നില്‍ പല ഫയലുകളും വന്നിട്ടുണ്ട്. ഭൂമി നികത്തലിന് അനുമതി നല്‍കുന്ന ഫയല്‍ അക്കൂട്ടത്തിലുണ്ടായിരുന്നോ എന്നറിയില്ലെന്നാണ് വിശദീകരണം. മന്ത്രി പദവിയുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്ന പരാമര്‍ശമായിപ്പോയി ഇത്. ഫയലില്‍ എന്താണ് രേഖപ്പെടുത്തിയതെന്നറിയാതെ എല്ലാറ്റിലും ഒപ്പിട്ടു കൊടുക്കുന്നവരായി തരംതാഴാവതല്ലല്ലോ മന്ത്രിമാര്‍?
ക്രമാതീതമായ പ്രകൃതി വിഭവ ചൂഷണം ജനജീവിതം ദുസ്സഹമാക്കുന്ന സ്ഥിതിവിശേഷം സംജാതമാക്കിക്കൊണ്ടിരക്കുകയാണ്. മഴ കൊണ്ട് അനുഗൃഹീതമായ കേരളത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനല്‍ചൂട്, അസഹ്യമായിരിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്നു. വികസത്തിന്റെയും ടൂറിസത്തിന്റെയും പേരില്‍ കുന്നുകളും മലകളും ഇടിച്ചുനിരപ്പാക്കുകയും കാട് വെട്ടിത്തെളിയിക്കുകയും പാടശേഖരങ്ങളും ചതുപ്പുകളും കായലുകളും നികത്തുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്താണിതൊക്കെ. മാറിമാറി വരുന്ന ഭരണകൂടങ്ങളെല്ലാം പ്രകൃതിക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. കായല്‍ കൈയേറ്റത്തെ രാഷ്ട്രീയായുധമാക്കുന്നവര്‍ അധികാരത്തിലേറിയാലും സ്ഥിതി വ്യത്യസ്തമായിരിക്കില്ല. ഭൂമാഫിയയെയും റിസോര്‍ട്ട് ലോബിയെയും അവഗണിച്ചു അവര്‍ക്കും മുന്നോട്ട് പോകാനാകില്ല. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി പെട്ടെന്ന് നിര്‍ത്തിവെക്കേണ്ടി വന്നത് അത് കൊണ്ടായിരുന്നല്ലോ. രാഷ്ട്രീയത്തിന് സംഭവിച്ച മൂല്യച്യുതിയുടെ ദുരന്തഫലമാണിത്. സ്വജനപക്ഷപാതം, അഴിമതി, കളവ്, ചതി, വഞ്ചന, വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ രംഗത്ത് സര്‍വസാധാരണമായിരിക്കുന്നു. ആദര്‍ശ ശുദ്ധിയുള്ളവര്‍ ഒറ്റപ്പെടുകയാണ്. രാഷ്ട്രീയ മേഖലയില്‍ ശുദ്ധീകരണത്തിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

Latest