Connect with us

International

ഫലസ്തീന് വേണ്ടി മുസ്‌ലിം ലോകം ഐക്യപ്പെടണം: ഒ ഐ സി ഉച്ചകോടി

Published

|

Last Updated

ജക്കാര്‍ത്ത: ഇസ്‌റാഈല്‍ ക്രൂരതകളില്‍ നരകയാതനയാല്‍ കഴിയുന്ന ഫലസ്തീന് വേണ്ടി ലോകത്തെ മുസ്‌ലിം രാജ്യങ്ങളെല്ലാം ഐക്യപ്പെടണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ ജോകോവി വിദോദാ. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളുടെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ ഐ സി) ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ പോകാതെ ഇസ്‌റാഈല്‍ – ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തില്‍ ഭാഗമാകുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീനിലെ നരകയാതനകളെ സംബന്ധിച്ച് ലോകം മുഴുവന്‍ ആശങ്കയിലാണ്. ഇസ്‌റാഈല്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായി നീക്കങ്ങളാണ് ഫലസ്തീനെതിരെയും ഇവിടുത്തെ ജനങ്ങള്‍ക്കെതിരെയും നടത്തിക്കൊണ്ടിരിക്കുന്നത്. ഒ ഐ സി പ്രശ്‌നങ്ങളുടെ ഭാഗമാകാതെ പ്രശ്‌നപരിഹാരത്തിന്റെ ഭാഗമാകുകയാണ് വേണ്ടത്. ഫലസ്തീനികള്‍ നിലവില്‍ നേരിടുന്ന പ്രതിസന്ധികളില്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ഒ ഐ സി ശ്രമം നടത്തുന്നില്ലെങ്കില്‍ ഈ സംഘടനയുടെ പ്രസക്തി നഷ്ടപ്പെടുമെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ഓര്‍മപ്പെടുത്തി.
57 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്. ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്‌നപരിഹാരമാണ് ഉച്ചകോടിയുടെ ലക്ഷ്യം.
വര്‍ഷങ്ങളായി ഇസ്‌റാഈല്‍ തുടരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധങ്ങളുടെയും ഇരകളായി ഫലസ്തീനികള്‍ മാറിയിരിക്കുകയാണ്. ഗാസയില്‍ കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ നടത്തിയ യുദ്ധത്തില്‍ രണ്ടായിരത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഭൂരിഭാഗവും നിരപരാധികളായിരുന്നു. ഇതിന് പുറമെ ജനവാസ യോഗ്യമല്ലാത്ത രീതിയില്‍ ഗാസയെ ബോംബിട്ട് നശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം കഴിഞ്ഞ കുറച്ചുമാസങ്ങളായി ഫലസ്തീനികള്‍ക്ക് നേരെ നടന്ന വിവിധ ആക്രമണങ്ങളില്‍ 180ലധികം ഫലസ്തീനികള്‍ക്ക് ജീവഹാനിസംഭവിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാ നടപടികള്‍ ഇസ്‌റാഈല്‍ തുടരുക തന്നെയാണ്.

Latest