Connect with us

National

വ്യോമസേനയുടെ ആദ്യ വനിത യുദ്ധ വിമാന പൈലറ്റുമാര്‍ ജൂണില്‍ സജ്ജരാകും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ വനിത ബാച്ച് യുദ്ധ വിമാന പൈലറ്റുമാര്‍ ജൂണ്‍ 18ന് പൂര്‍ണ്ണമായും സജ്ജരാകുമെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. അന്താരാഷ്ട്ര വനിത ദിനത്തിലാണ് വ്യോമ സേന മേധാവിയുടെ പ്രഖ്യാപനം പുറത്ത് വന്നത്. “യുദ്ധ വിമാന പൈലറ്റ് ശ്രേണിയിലേക്ക് മൂന്ന് വനിത പൈലറ്റുമാരാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. മൂന്ന് വനിതാ പൈലറ്റുകളും അവരുടെ പരിശീലനത്തിന്റെ അന്തിമ ഘട്ടത്തിലാണെന്ന് അരൂപ് റാഹ വ്യക്തമാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പുരുഷ പൈലറ്റുമാരുമായി ഒന്നിച്ച് ജൂണ്‍ 18ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കും”

ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ പ്രധാന ഏടുകളില്‍ ഒന്നാണ് യുദ്ധവിമാന പറപ്പിക്കലിന് വനിത പൈലറ്റുമാരെ അനുവദിക്കാനുള്ള തീരുമാനം. കഴിഞ്ഞ ഒക്ടോബറിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.

യുദ്ധനിരയിലേക്ക് വനിത പൈലറ്റുമാരെ എടുക്കാനുള്ള വ്യോമസേനയുടെ നിര്‍ദ്ദേശത്തോട് അനുകൂലമായി പ്രതികരിച്ച പ്രതിരോധമന്ത്രിക്ക് രാഹ നന്ദി പറയുകയും ചെയ്തു. ജൂണ്‍ 18ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് അതിന്റെ ആദ്യ വനിത യുദ്ധവിമാന പൈലറ്റിനെ ലഭ്യമാകുമെന്നത് അത്യധികം സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Latest