Connect with us

Gulf

ഖത്വര്‍ ബേങ്കുകളുടെ ആസ്തി 1.11 ട്രില്യണ്‍ ആയി ഉയര്‍ന്നു

Published

|

Last Updated

ശൈഖ് അബ്ദുല്ല ബിന്‍
സഊദ് അല്‍ താനി

ദോഹ : എണ്ണയിതര മേഖലയിലെ സാമ്പത്തിക പുരോഗതി സൂചിപ്പിച്ച് ഖത്വറിലെ ബേങ്കുകള്‍ വളര്‍ച്ച കൈവരിച്ചതായി സെന്‍ട്രല്‍ ബേങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ബേങ്കുകളുടെ ആസ്തി 1.11 ട്രില്യന്‍ റിയാലായി ഉയര്‍ന്നതായി സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി അറിയിച്ചു. ലുസൈല്‍ ന്യൂസ് പേപ്പറിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തെ ബേങ്കുകളുടെ ആസ്തി വിവരം വെളിപ്പെടുത്തിയത്.
ഈ വര്‍ഷവും ബേങ്കുകളുടെ മുന്നേറ്റം തുടരുമെന്ന് അദ്ദേഹം പ്രതീക്ഷ പുലര്‍ത്തി. മൂലധന പര്യാപ്തതയുടെ അനുപാതവും വിപണി സമ്മര്‍ദങ്ങള്‍ക്കനുസരിച്ച് വായ്പാ നയങ്ങളില്‍ വരുത്തിയ മാറ്റങ്ങളുമെല്ലാം ബേങ്കുകളുടെ റിസല്‍ട്ടിനെ സ്വാധീനിക്കും. ബേങ്കുകളുടെ ആസ്തികള്‍ സംബന്ധിച്ച് മികച്ച റിപ്പോര്‍ട്ടാണ് കഴിഞ്ഞ വര്‍ഷത്തേത്. 2013ലെ 910 മില്യന്‍ റിയാലാലില്‍ നിന്നാണ് 1.11 ട്രില്യന്‍ എന്ന വളര്‍ച്ച കൈവരിച്ചത്. ക്രെഡിറ്റ് ഫെസിലിറ്റിയും ഗവണ്‍മെന്റ് മേഖലയിലെ സെക്യൂരിറ്റീസ് നിക്ഷേപവും 748.7 ദശലക്ഷം റിയാലായി ഉയര്‍ന്നു. 14.1 ശതമാനമാണ് വളര്‍ച്ച. മൂലധന പര്യാപ്തതയില്‍ 15.6 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നോണ്‍ പെര്‍ഫോമിംഗ് ലോണുകള്‍ 1.5 ശതമാനത്തില്‍ ഉയര്‍ന്നിട്ടുമില്ല. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വായ്പാ തോത് കുറവാണ്.
അമേരിക്കന്‍ ഡോളറുമായുള്ള റിയാലിന്റെ ആശ്രിതത്വം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചക്ക് സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്വറിന്റെ പ്രധാനപ്പെട്ട പൊതു വരുമാനം എണ്ണ, വാതക കയറ്റുമതിയിലൂടെയാണ്. രാജ്യാന്തര മാര്‍ക്കറ്റില്‍ ഡോളര്‍ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഡോളറുമായി ക്ലിപ്തപ്പെടുത്തിയ വിനിമയ നിരക്ക് ഘനടയുള്ളതിനാല്‍ രാജ്യത്തിന്റെ വരുമാനത്തില്‍ സ്ഥിരത ഉറപ്പു വരുത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തില്‍ ഡോളര്‍ വിലയിടിവു സൃഷ്ടിക്കുന്ന ഭീതി സംബന്ധിച്ച്, അമേരിക്കന്‍ സമ്പദ്സ്ഥിതി ഭദ്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില രാജ്യങ്ങളുടെ കറന്‍സികളുമായി ഡോളര്‍ നിരക്കില്‍ വ്യത്യാസം വരുന്നത് ചുരുങ്ങിയ കാലത്തേക്കു മാത്രമാണ്. എന്നാല്‍ ഡോളറിന്റെ വില ആകെ ഇടിയുന്നുവെന്നു കരുതാനാകില്ലെന്നും ഡോളറുമായുള്ള റിയാല്‍ ആശ്രിതത്വം വളരെയേറെ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് 22 ബില്യന്‍ റിയാലിന്റെ ഇസ്‌ലാമിക് ബോണ്ടും സുകൂകുമാണ് പുറത്തിറക്കിയത്. എല്ലാ ബേങ്കുകളും ബോണ്ടുകളും സുകൂകുളും പുറത്തിറക്കി. മൂന്ന്, അഞ്ച്, പത്ത് വര്‍ഷ കാലയളവിലേക്കായിരുന്നു ഇത്. കാപിറ്റല്‍ മാര്‍ക്കറ്റ് സുസ്ഥിരതക്കു വേണ്ടി സെന്‍ട്രല്‍ ബേങ്ക് വിവിധ നടപടികള്‍ സ്വീകരിച്ചു. എണ്ണവിലയിടിവ് ബേങ്കുകളുടെ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കാന്‍ പോകുന്നില്ലെന്നും ലിക്വിഡിറ്റിയുടെ ആധിക്യം സൃഷ്ടിക്കുന്ന ആശ്വാസമാണ് ഗള്‍ഫ് ബേങ്കുകള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ബേങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ക്രമീരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇസ്‌ലാമിക് ബേങ്കുകളെ ഏകോപിപ്പിക്കുന്നതിനുള്ള അതോറിറ്റി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Latest