Connect with us

Kozhikode

കോടികള്‍ മുടക്കിയുള്ള ദേശീയപാതാ നവീകരണത്തില്‍ വ്യാപക അഴിമതി

Published

|

Last Updated

താമരശ്ശേരി: കോടികള്‍ മുടക്കിയുള്ള ദേശീയപാതാ നവീകരണത്തില്‍ വ്യാപക അഴിമതി. പതിമൂന്ന് കോടി ചെലവില്‍ കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാത വാവാട് മുതല്‍ ലക്കിടി വരെ 30 കിലോമീറ്റര്‍ റീടാറിംഗ് നടത്തിയതിലാണ് ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളി നടത്തിയതായി ആരോപണമുയര്‍ന്നത്. ചുരത്തില്‍നിന്നും ആരംഭിച്ച പ്രവൃത്തി പൂര്‍ത്തിയാക്കുകയും ലൈനിടുന്ന ജോലി ആരംഭിക്കുകയും ചെയ്തു. ചുരത്തില്‍ പ്രവൃത്തി ആരംഭിച്ചപ്പോള്‍ ടാറിംഗിലെ അപാകത സംബന്ധിച്ച് സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാറിംഗ് പ്രവൃത്തയില്‍ അപാകതയുള്ളതായി നിരവധി യാത്രക്കാരും ഡ്രൈവര്‍മാരും അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ കണ്ണടക്കുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള നാത് കണ്‍സ്ട്രക്ക്ഷന്‍സാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്. കരാറുകാരുടെ താല്‍പര്യപ്രകാരം നവീകരിച്ച റോഡിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ആടിയും പുളഞ്ഞുമാണ് മുന്നോട്ട് നീങ്ങുന്നത്. മിക്കയിടങ്ങളിലും റോഡില്‍ ചെറിയ കുഴികളും മുഴകളും കാണാം. ഫിനിഷിംഗ് തീരെ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തി പൂര്‍ത്തീകരുക്കുംമുമ്പെ ടാറിംഗ് ഇളകി തുടങ്ങിയ അവസ്ഥയാണ്. റോഡിന്റെ മധ്യഭാഗത്തായി ചെറിയ ചാലുകള്‍തന്നെ രൂപപ്പെട്ടിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പ്രവൃത്തി നടന്നതെന്നാണ് അധികൃതരുടെ വാദം. പ്രവൃത്തിയിലെ അപാകത ശ്രദ്ധയില്‍പെട്ടിരുന്നോ എന്ന ചോദ്യത്തിന് ദേശീയപാതാ വിഭാഗം അധികൃതര്‍ക്ക് മറുപടിയില്ല. റോഡിലൂടെ യാത്രചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താവുന്ന അപാകതകള്‍പോലും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടില്ലേ എന്ന ചോദ്യത്തിനും അധികൃതര്‍ മൗനം പാലിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഭീമമായ സംഖ്യ ഫണ്ട് ലഭിക്കുമെന്നതിനാല്‍ കോടികള്‍ കീശയിലാക്കി പൊതുജനത്തെയും സര്‍ക്കാറിനെയും കബളിപ്പിക്കുന്നവര്‍ക്കെതിരെ പ്രതികരിക്കാനും ആളില്ലാത്ത അവസ്ഥയാണ്.