Connect with us

Kasargod

നീലേശ്വരത്ത് ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സേവാകേന്ദ്രം അടച്ചുപൂട്ടി; യാത്രക്കാര്‍ ദുരിതത്തിലായി

Published

|

Last Updated

നീലേശ്വരം: നീലേശ്വരം റെയില്‍വെ സ്‌റ്റേഷനോടനുബന്ധിച്ച് സ്ഥാപിച്ച ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന കേന്ദ്രമായ ജനസാധാരണ ടിക്കറ്റ് ബുക്കിംഗ് സേവാ കേന്ദ്രം അടച്ചു പൂട്ടി.
രാജാസ് ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ പമ്പ് ഹൗസിനോട് ചേര്‍ന്ന് സ്ഥാപിച്ച കൗണ്ടറിന്റെ മുനിസിപ്പാലിറ്റി ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ ത്തുടര്‍ന്നാണിത്.യാത്രക്കാരുടെയും റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് ടിക്കറ്റ് ബുക്കിംഗ് സേവാകേന്ദ്രം അനുവദിച്ചിരുന്നത്.
റെയില്‍വെ കൗണ്ടര്‍ ജനകീയ ആവശ്യമായതിനാലാണ് മുന്‍ മാനേജര്‍ ഇതിന് അനുമതി കൊടുത്തിരുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് കൗണ്ടര്‍ സ്ഥാപിച്ചിരുന്നത്. റെയില്‍വെ യാത്രക്കാരില്‍ നിന്നു ലഭിക്കുന്ന ഒരു രൂപയാണ് കമ്മീഷനായി ലൈസന്‍സിക്കു ലഭിക്കുന്നത്. 150250 ടിക്കറ്റാണ് ഈ കേന്ദ്രം വഴി ദിനംപ്രതി വില്‍പ്പന നടത്തിയിരുന്നത്. സ്‌റ്റേഷനിലെ രണ്ട് പ്ലാറ്റ്‌ഫോമിലേക്കും എളുപ്പം ടിക്കറ്റെടുത്ത് യാത്ര ചെയ്യാനും സ്‌റ്റേഷനിലെ നീണ്ട ക്യൂവില്‍ നിന്ന് ആശ്വാസം ലഭിക്കാനും ഈ കൗണ്ടര്‍ സഹായകമായിരുന്നു.
കൗണ്ടര്‍ പൂട്ടിയതോടെ സ്‌റ്റേഷനില്‍ വന്‍ തിരക്കു കാരണം പലര്‍ക്കും യഥാസമയം ടിക്കറ്റെടുത്ത് യാത്ര ചെയ്യാന്‍ കഴിയുന്നില്ല. മാത്രമല്ല, ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത പലരെയും കഴിഞ്ഞ ദിവസം പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ജെ.ടി.ബി.എസ് കൗണ്ടര്‍ എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കാന്‍ നഗരസഭാ ചെയര്‍മാനും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മുന്‍ കൈയെടുക്കണമെന്നാണ് യാത്രക്കാരുടെ ഒന്നടങ്കമുള്ള ആവശ്യം.

Latest