Connect with us

Kerala

നെല്ലറ കാക്കാന്‍ ഇരുമുന്നണികളും, താമര വിരിയിക്കാന്‍ ബി ജെ പി

Published

|

Last Updated

നെല്ലറക്ക് ചെങ്കോട്ട എന്നൊരു വിശേഷണമുണ്ടെങ്കിലും പലപ്പോഴും അതിനെ അനര്‍ഥമാക്കുന്നതരത്തിലാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുക. കര്‍ഷകരുടെയും കാര്‍ഷിക തൊഴിലാളികളുടെയും ഈറ്റില്ലമാണ് പാലക്കാട്. ഇടത് പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണെങ്കിലും ഇത്തവണ ബല പരീക്ഷണത്തിനായി ബി ജെ പിയും രംഗത്ത് വന്നത് ഇരുമുണണിയെയും ചെറിയതോതില്‍ അലട്ടുന്നുണ്ട്. പാലക്കാട്, മലമ്പുഴ, കോങ്ങാട്(സംവരണം), ചിറ്റൂര്‍, ആലത്തൂര്‍, തരൂര്‍(സംവരണം), നെന്‍മാറ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല, മണ്ണാര്‍ക്കാട് എന്നിങ്ങനെ ആകെ പന്ത്രണ്ടു മണ്ഡലങ്ങളാണുള്ളത്. ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്. മലമ്പുഴ, തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്നപ്പോള്‍ തൃത്താല, പട്ടാമ്പി, മണ്ണാര്‍ക്കാട്, പാലക്കാട്, ചിറ്റൂര്‍ എന്നി മണ്ഡലങ്ങള്‍ യു ഡി എഫിനെ തുണച്ചു. ഇതില്‍ കാലങ്ങളായി ഇടതിന്റെ കുത്തകയായ തൃത്താല യു ഡി എഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇടതിന്റെ ഘടകകക്ഷിയായ സി പി ഐ പട്ടാമ്പിയിലു മണ്ണാര്‍ക്കാട്ടും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല, മണ്ണാര്‍ക്കാട്ട് ഇത്തവണ വിജയിക്കാനാകുമെന്ന പ്രതീക്ഷ സി പി ഐക്കുണ്ട്. കഴിഞ്ഞ തവണ നെന്മാറ സി എം പി ക്കും ആലത്തൂര്‍കേരള കോണ്‍ഗ്രസിനും(എം)യു ഡി എഫ് സീറ്റ് നല്‍കിയിരുന്നു. ഇത്തവണ ആ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇത്തവണ ഇടത് മുന്നണി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ശ്രമിക്കുമ്പോള്‍ യു ഡി എഫ് ഇടത് കോട്ടയില്‍ വിള്ളലുണ്ടാക്കി നേട്ടം കൊയ്യുന്നതിനുള്ള പരീക്ഷണത്തിലാണ്. ഇരുമുണന്നികള്‍ക്കൊപ്പം ബി ജെ പി സ്ഥാനാര്‍ഥികളെക്കുറിച്ച് അന്തിമ ലിസ്റ്റ് പുറത്തിറക്കിയിട്ടില്ലെങ്കിലും പലയിടത്തും സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായിട്ടുണ്ട്. മലമ്പുഴയില്‍ ഇത്തവണയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. വി എസ് മത്സരിക്കുന്നില്ലെങ്കില്‍ വി എസിന്റെ വിശ്വസത്‌നായ സി ഐ ടി യു നേതാവ് എ പ്രഭാകരനായിരിക്കും കളത്തിലിറങ്ങുക. വി എസ് മത്സരിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ വി ഐ പി മണ്ഡലമായി മലമ്പുഴ വീണ്ടും മാറും. തരൂര്‍ മണ്ഡലത്തില്‍ എ കെ ബാലനായിരിക്കും ഇടത് സ്ഥാനാര്‍ഥി. രണ്ടില്‍ കൂടുതല്‍ തവണ എം എല്‍ എയായവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെങ്കിലും എ കെ ബാലന്‍ തന്നെ മത്സരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. സി പി എമ്മില്‍ ഇത്തവണ ഭൂരിപക്ഷം സിറ്റിംഗ് എം എല്‍ എ മാരായത് കൊണ്ട് ഇത്തവണ പല മണ്ഡലങ്ങളിലും പുതുമുഖങ്ങളായിരിക്കും മത്സരരംഗത്തുണ്ടാകുക. അതേസമയം യു ഡി എഫില്‍ മുന്‍ എം എല്‍ എമാരായ കെ അച്യുതന്‍(ചിറ്റൂര്‍), ഷാഫി പറമ്പില്‍(പാലക്കാട്), വി ടി ബല്‍റാം(തൃത്താല), ലീഗിലെ അഡ്വ. ഷംസുദ്ദീന്‍(മണ്ണാര്‍ക്കാട്) എന്നിവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് കഴിഞ്ഞു. ഇനിയൊരു മത്സരത്തിനില്ലെന്ന് കെ അച്യുതന്‍ എം എല്‍ എ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ചിറ്റൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി ജനതാദളിലെ കെ കൃഷ്ണന്‍കുട്ടി വരുകയാണെങ്കില്‍ അതിനെ നേരിടാന്‍ കെ അച്യുതനേ കഴിയുമെന്ന തിരിച്ചറിവാണ് വീണ്ടും അദ്ദേഹത്തെ കളത്തിലിറക്കാന്‍ യു ഡി എഫിനെ പ്രേരിപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടും ആലത്തൂരിലും മികച്ച വിജയമാണ് ഇടത് മുന്നണി നേടിയത്. പാലക്കാട് സി പി എമ്മിലെ എം ബി രാജേഷ് ജെ ഡി യുവിലെ എം പി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ചരിത്രമെഴുതിയപ്പോള്‍ സംവരണ മണ്ഡലമായ ആലത്തൂരില്‍ പി കെ ബിജു കോണ്‍ഗ്രസിലെ കെ ഷീബയെ തറപറ്റിച്ചത് 37,312 വോട്ടുകള്‍ക്കായിരുന്നു. ഈ വിജയത്തിന്റെ പിറകെ തദ്ദേശസ്വയംഭരണ തിരഞ്ഞടുപ്പിലും ഇടത് മുന്നണിക്ക് തിളങ്ങുന്ന വിജയം ലഭിച്ചു. ജില്ലാപഞ്ചായത്തും 13-ല്‍ 11 ബ്ലോക്ക് പഞ്ചായത്തിലും 88 ഗ്രാമപഞ്ചായത്തില്‍ 70 എണ്ണത്തിലും ഇടത് പക്ഷത്തിന് അധികാരത്തിലെത്താനായി. അതേസമയം നഗരസഭകളില്‍ വലത് മുന്നണിക്കാണ് മേല്‍ക്കോയ്മ. ബി ജെ പിക്ക് ഒരെണ്ണവും ലഭിച്ചു. ഏഴ് നഗരസഭകളില്‍ ചിറ്റൂര്‍- തത്തമംഗലം, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി, പട്ടാമ്പി എന്നിവിടങ്ങളില്‍ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ ഒറ്റപ്പാലവും ഷൊര്‍ണൂരും മാത്രമാണ് ഇടതിന് നേടാനായത്. ജില്ലയുടെ ആസ്ഥാനമായ പാലക്കാട്ട് ബി ജെ പിയാണ് ഭരണത്തിലുള്ളത്്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നഗരസഭയില്‍ ബി ജെ പി അധികാരത്തിലേറുന്നത്. ഇതിന് പുറമെ പല തദ്ദേശസ്വയഭരണസ്ഥാപനങ്ങളിലും ബി ജെ പിക്ക് അക്കൗണ്ട് തുറക്കനായിട്ടുണ്ട്. അത്‌കൊണ്ട് തന്നെ ബി ജെ പിയും പ്രതീക്ഷയോടെയാണ് മത്സരരംഗത്തുള്ളത്. ബി ജെ പിക്കൊപ്പം വെള്ളാപ്പള്ളി നടേശന്റെ ബി ഡി ജെ എസും ബി ജെപിക്ക് പിന്തുണയായി രംഗത്തുണ്ട്. ചില മണ്ഡലങ്ങളില്‍ ഈഴവ സമുദായത്തിന്റെ വോട്ടുകള്‍ നിര്‍ണായകമാണ്. തിരഞ്ഞടുപ്പുകളില്‍ അത് പ്രതിഫലിച്ചിട്ടുണ്ട്. 1977ല്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ഇ എം എസ് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി പുതുമുഖമായ വി എസ് വിജയരാഘവനെയാണ് രംഗത്തിറക്കിയത്. ഇ എം എസ് കഷ്ടിച്ച് രക്ഷപ്പെട്ടത് 1999 വോട്ടുകള്‍ക്കാണ്.രാഷ്ട്രീയം മറന്ന് ഈഴവസമുദായം വി എസിനെ പിന്തുണച്ചതാണ് ഇതിന് കാരണം. ഈ മത്സരത്തോടെ ഇ എം എസ് തിരെഞ്ഞടുപ്പ് രാഷ്ട്രീയത്തോട് വിടപറയുകയും ചെയ്തു.
പാലക്കാട്, മലമ്പുഴ, നെന്‍മാറ എന്നിവയാണ് ബി ജെ പിയുടെ പ്രതീക്ഷ മണ്ഡലങ്ങള്‍. പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനാണ് സ്ഥാനാര്‍ഥി. ആഞ്ഞൂപിടിച്ചാല്‍ ഇവിടെ താമര വിരിയിക്കാന്‍ കഴിയുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ 1,36,587 വോട്ടാണ് പാര്‍ട്ടി നേടിയത്. 2009ല്‍ നേടിയ 68,707 വോട്ടിനേക്കാള്‍ ഇരട്ടിയോളം അധികം. 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലം കണക്കില്‍ പാലക്കാട്ട് ഇടതുമുന്നണിക്ക് 45,861ഉം വലതുമുന്നണിക്ക് 37,692ഉം ബി ജെ പിക്ക് 25,892ഉം വോട്ടുകളാണ് ലഭിച്ചത്. 2009ല്‍ ബി ജെ പിക്ക്് 16,160 വോട്ട് മാത്രമായിരുന്നു. ഈ കണക്കുകളിലാണ് ബി ജെ പിയുടെ പ്രതീക്ഷ. മാത്രമല്ല കഴിഞ്ഞ നഗരസഭാ തിരഞ്ഞടുപ്പില്‍ മുപ്പതിനായിരത്തോളം വോട്ടാണ് ബി ജെ പി നേടിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ചായ്‌വു കാണിക്കുന്ന ജില്ലയാണ് പാലക്കാട്. 1957ലെ ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ 2011 ലെ തിരഞ്ഞെടുപ്പ് വരെയുളള ചരിത്രം പരിശോധിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടുന്ന ഇടത് മുന്നണിക്ക് തന്നെയാണ് മേല്‍ക്കോയ്മ. ഇ എം എസ് നമ്പൂതിരിപ്പാട് മുതല്‍ നായനാര്‍, വി എസ് അച്യുതാനന്ദന്‍ എന്നിവരെ മുഖ്യമന്ത്രിക്കസേരയിലിരുത്തിയ രാഷ്ട്രീയ പാരമ്പര്യം പാലക്കാടിനുണ്ട്. ഇ എം എസ് 1960,65,67,70 കാലങ്ങളിലാണ് പാലക്കാടിന്റെ മണ്ണില്‍ നിന്ന് നിയമസഭയിലെത്തിയിട്ടുളളത്. നായനാര്‍ 1980, 82 വര്‍ഷങ്ങളിലും വി എസ് 2001 മുതല്‍ 2011 വരെ ഹാട്രിക്ക് വിജയവും നേടിയിട്ടുണ്ട്. അങ്ങനെയുളള പാരമ്പര്യമാണ് ഇടതുമുന്നണിയുടെ കൈമുതല്‍. എന്നാല്‍ ഈ പാരമ്പര്യത്തിന് ഈയടുത്ത കാലത്ത് അല്‍പ്പം ഇടിവുവന്നിട്ടുണ്ട്. ഇത്തവണ തൃത്താല, പട്ടാമ്പി, പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട് സിറ്റിംഗ് സീറ്റിന് പുറമെ നെന്മാറ എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുക്കുമെന്നാണ് യു ഡി എഫ് പറയുന്നത്. അതേസമയം അനുകൂല രാഷ്ടീയ സാഹചര്യം മുതലെടുത്ത് ചെങ്കോട്ടയെന്ന ഖ്യാതി നിലനിര്‍ത്താന്‍ എല്‍ ഡി എഫ് ശ്രമിക്കുമ്പോള്‍ താമര വിരിയിക്കാമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

---- facebook comment plugin here -----

Latest