Connect with us

Sports

ഐ സി സി ട്വന്റി-20 ലോകകപ്പ്: സിംബാബ്‌വെക്ക് വിജയത്തുടക്കം

Published

|

Last Updated

വിദര്‍ഭ: ഐ സി സി ട്വന്റി20 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടില്‍ സിംബാബ്‌വെക്ക് വിജയത്തുടക്കം. പൊരുതിക്കളിച്ച ഹോങ്കോംഗിനെ പതിനാല് റണ്‍സിന് തോല്‍പ്പിച്ചാണ് സിംബാബ്‌വെ അടുത്ത റൗണ്ടിലേക്കുള്ള ദൂരം കുറച്ചത്.

ഗ്രൂപ്പ് ബിയില്‍ ഈ ജയത്തോടെ സിംബാബ്‌വെക്ക് രണ്ട് പോയിന്റായി.
സ്‌കോര്‍ : സിംബാബ്‌വെ 158/8 (20 ഓവര്‍) ; ഹോങ്കോംഗ് 144/6 (20 ഓവര്‍).
46 പന്തില്‍ 59 റണ്‍സടിച്ച സിംബാബ്‌വെ ഓപണര്‍ വുസി സിബാന്‍ഡയാണ് മാന്‍ ഓഫ് ദ മാച്ച്. മാല്‍കം വാളര്‍ (29 പന്തില്‍ 26), എല്‍ട്ടന്‍ ചിഗുംബുര (13 പന്തില്‍ 30) എന്നിവര്‍ സിംബാബ്‌വെ ഇന്നിംഗ്‌സിന് കരുത്തേകി.
ഡൊനാള്‍ഡ് തിരിപാനോയും, ടെന്‍ഡായ് ചതാരയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കിയപ്പോള്‍ വെല്ലിംഗ്ടണ്‍ മസാകാസയും സിക്കന്ദര്‍ റാസയും സിംബാബ്‌വെക്കായി ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.ഓപണറും വിക്കറ്റ് കീപ്പറുമായ ജാമി ആറ്റ്കിന്‍സനാണ് (44 പന്തില്‍ 53) ഹോങ്കോംഗ് ബാറ്റിംഗില്‍ തിളങ്ങിയത്. മാര്‍ക് ചാപ്മാന്‍ (19), അന്‍ഷുമാന്‍ (13), ക്യാപ്റ്റന്‍ തന്‍വീര്‍ അഫ്‌സല്‍(31 നോട്ടൗട്ട്) എന്നിവര്‍ക്ക് മാത്രമേ രണ്ടക്ക സ്‌കോര്‍ കണ്ടെത്താനായുള്ളൂ.
ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ മനസ്സ് കാണിച്ചതു കൊണ്ടാണ് അര്‍ധസെഞ്ച്വറിയോടെ ടീമിന്റെ വിജയത്തില്‍ പങ്ക് വഹിക്കാന്‍ സാധിച്ചതെന്ന് വുസി സിബാന്‍ഡ മത്സരശേഷം അഭിപ്രായപ്പെട്ടു. നാട്ടിലെ പിച്ചില്‍ നിന്നും വ്യത്യസ്തമാണ് ഇവിടുത്തേത്. നാഗ്പുരിലെ വേഗത കുറഞ്ഞ പിച്ചില്‍ 158 മികച്ച സ്‌കോറാണെന്നായിരുന്നു ധരിച്ചത്. ഹോങ്കോംഗ് ലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ ആദ്യമൊന്ന് ആഫ്രിക്കന്‍ ടീം പതറി.
പന്തെടുത്ത ആറ് ബൗളര്‍മാരും ലൈനും ലെംഗ്തും പാലിച്ചതോടെ ഹോങ്കോംഗ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്‌കോറിംഗ് പെട്ടെന്നുയര്‍ത്തല്‍ അസാധ്യമായി.
ഓപണര്‍ ആറ്റ്കിന്‍സന്‍ തകര്‍ത്താടിയപ്പോള്‍ നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡിലിറങ്ങിയ റിയാന്‍ കാംപെല്‍ 19 പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്തായി.
നാല്‍പ്പത്തിനാലാം വയസില്‍ രാജ്യാന്തര ടി20യില്‍ അരങ്ങേറ്റം കുറിച്ചാണ് കാംപെല്‍ ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായത്.നാലോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത തന്‍വീര്‍ അഫ്‌സലാണ് സിംബാബ്‌വെയെ പരീക്ഷിച്ചത്.