Connect with us

Editorial

വിജയ്മല്യമാരെ നിയന്ത്രിക്കണമെങ്കില്‍

Published

|

Last Updated

നിയമക്കുരുക്കിലാണ് ഇന്ത്യയിലെ മദ്യരാജാവെന്നറിയപ്പെടുന്ന വിജയമല്യ. ബേങ്ക് ഇടപാടില്‍ 900 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് എന്‍ഫോഴ്‌സ്‌മെന്റ് മല്യക്കെതിരെ കേസെടുത്തിരിക്കുകയാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബേങ്കായ ഐ ഡി ബി ഐയില്‍ നിന്ന് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷര്‍ കമ്പനി വാങ്ങിയ വായ്പയുമായി ബന്ധപ്പെട്ടാണ് കേസ്. ചട്ടവിരുദ്ധമായാണ് അദ്ദേഹം വായ്പ നേടിയതെന്നും ഇതുവഴി ബേങ്കിന് 900 കോടി നഷ്ടം സംഭവിച്ചെന്നുമാണ് കുറ്റപത്രത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്ആരോപിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ മല്യയുടെ വീട്ടിലും വിമാനക്കമ്പനി ഓഫീസുകളിലും സി ബി ഐ നടത്തിയ റെയ്ഡില്‍ ഇതു സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിരുന്നു. മല്യയുടെ മദ്യ ഉത്പന്നങ്ങള്‍ വിദേശത്ത് പരസ്യം നല്‍കിയ ഇടപാടില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് റഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനും അദ്ദേഹത്തിനെതിരെ കേസുണ്ട്. റിസര്‍വ് ബേങ്കിന്റെ അനുമതിയില്ലാതെയാണ് ഈ ഇടപാടില്‍ ഒരു ബ്രിട്ടീഷ് കമ്പനിക്ക് അദ്ദേഹം 20,000 ഡോളര്‍ നല്‍കിയത്. കുടിശ്ശിക അടക്കാതെ മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബേങ്കുകള്‍ സുപ്രീം കോ”തിയില്‍ ഹരജി നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം രാജ്യം വിട്ടതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. വായ്പ തിരിച്ചടക്കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തുന്ന കരമ്പട്ടികക്കാരുടെ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് മല്യയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സും. 2008ല്‍ രാജ്യത്തെ ഏറ്റവും വലിയ പണക്കാരില്‍ 41ാം സ്ഥാനത്തായിരുന്നു മല്യ.
മറ്റൊരു കേസില്‍ കിംഗ്ഫിഷര്‍ മദ്യക്കമ്പനി ബ്രിട്ടീഷ് മദ്യക്കമ്പനിയായ ഡിയോഗിയോക്ക് വിറ്റതു വഴി മല്യക്ക് ലഭിച്ച 515 കോടി രൂപ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ മരവിപ്പിക്കുകയുണ്ടായി. വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയ മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് എസ് ബി ഐ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയുമാണ്. നഷ്ടം മൂലം പ്രവര്‍ത്തനം നിലച്ച കിംങ്ഫിഷര്‍ വിമാനക്കമ്പനിക്ക് വായ്പ നല്‍കിയ 17 ബേങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കുന്നത് എസ് ബി ഐയാണ്. 7,800 കോടിയിലധികമാണ് മല്യ ഈ ബേങ്കുകള്‍ക്ക് തിരിച്ചടക്കാനുള്ളത്. ഇതിന് പുറമെ വിമാനത്താവളങ്ങള്‍ക്കും എണ്ണക്കമ്പനികള്‍ക്കും നികുതി ഇനത്തില്‍ സര്‍ക്കാറിനും ശതകോടികള്‍ നല്‍കാനുണ്ട് അദ്ദേഹം. റിലയന്‍സ് പോലെയുള്ള വന്‍കിട കോര്‍പറേറ്റ് കമ്പനികളുമായി തട്ടിച്ചു നോക്കുമ്പോള്‍ താന്‍ തിരിച്ചടക്കാനുള്ള 7,800 കോടി ചെറിയ സംഖ്യയായതിനാല്‍ തന്നെ ചെറുകിട കടക്കാരനായി കണക്കാക്കി നിയമനടപടികളില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഇതിനിടെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെന്നതാണ് രസകരം.
മല്യയെ ഇത്ര വലിയ ഒരു കടക്കാരനാക്കിയതില്‍ യഥേഷ്ടം കടം നല്‍കിയ ബേങ്കുകള്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമുണ്ട് ഉത്തരവാദിത്വം. പ്രവര്‍ത്തനം ആരംഭിച്ച മുതല്‍ക്കേ നഷ്ടത്തിലോടുന്ന സ്ഥാപനമാണ് കിംഗ്ഫിഷര്‍ എയല്‍ ലൈന്‍സ്. ഒരുപക്ഷേ, ഇതറിഞ്ഞു കൊണ്ടുതന്നെയോ, കടം നല്‍കപ്പെടുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്ഥിതി അന്വേഷിച്ചറിഞ്ഞ ശേഷം മാത്രമേ വായ്പ അനുവദിക്കാകൂ എന്ന ചട്ടം പാലിക്കാതെയോ ആണ് ബേങ്കുകളെല്ലാം ആവശ്യപ്പെട്ട സംഖ്യ നല്‍കിയത്. സാധാരണക്കാര്‍ ആയിരം വായ്പ ആവശ്യപ്പെടുമ്പോള്‍ ചട്ടങ്ങളും വ്യവസ്ഥകളും ചൂണ്ടിക്കാട്ടി വട്ടം കറക്കുന്ന ബേങ്കുകള്‍ കോര്‍പറേറ്റുകളോടും അതിസമ്പന്നരോടും അങ്ങേയറ്റത്തെ ഉദാരതയാണ് കാണിക്കാറ്. ഇവര്‍ക്കൊന്നും വ്യവസ്ഥകളോ ചട്ടങ്ങളോ ബാധകമല്ല. കുടിശ്ശിക വരുത്തിയാല്‍ അത് എഴുതിത്തള്ളി വീണ്ടും പുതിയ വായ്പ അനുവദിക്കുകയും ചെയ്യും. കോര്‍പറേറ്റുകളുടെ ബേങ്ക് വായ്പാ കുടിശ്ശിക വര്‍ഷാന്തം വര്‍ധിച്ചു വരികയാണ്. രാജ്യത്തെ 400 കോര്‍പറേറ്റ് ബേങ്കുകള്‍ പോതുമേഖലാ കമ്പനികള്‍ക്ക് വരുത്തിവെച്ച കടം 2013 മാര്‍ച്ച് അവസാനത്തില്‍ 70,306 കോടിയായിരുന്നെങ്കില്‍ 2014 മാര്‍ച്ചില്‍ അത് 85,000 കോടിയായി ഉയര്‍ന്നതായി അഖിലേന്ത്യാ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോര്‍പറേറ്റ് ലോകത്തിന്റെ രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനം കൂടിയുണ്ട് ബേങ്കുകളുടെ ഈ ഉദാരസമീപനത്തിന് പിന്നില്‍. നികുതി അടക്കാതിരിക്കുന്നതും നികുതി വെട്ടിപ്പ് നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ, ഇത്ര വലിയ നികുതി വെട്ടിപ്പ് നിടത്തിയിട്ടും മല്യ രാജ്യത്ത് കഴിഞ്ഞ ദിവസം വരെ വിലസി നടന്നത് രാഷ്ട്രീയത്തിലും സര്‍ക്കാറിലും അദ്ദേഹത്തിനുള്ള സ്വാധീനമാണ് വ്യക്തമാക്കുന്നത്. ഗോവയിലുള്ള അത്യാഡംബര വസതിയിലും സമീപത്തെ താജ് റിസോര്‍ട്ടിലുമായി കോടികള്‍ വാരിയെറുഞ്ഞു അടുത്തിടെ നടന്ന തന്റെ പിറന്നാള്‍ ആഘോഷച്ചടങ്ങില്‍ ബിസിനസ് രംഗത്തെ വമ്പന്മാര്‍ക്കൊപ്പം രാഷ്ട്രീയ പ്രമുഖരുമുണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന് തെളിവാണ്. നിലവില്‍ രാജ്യസഭാ എം പി കൂടിയാണ് മല്യയെന്നതും ശ്രദ്ധേയമാണ്.
രാഷ്ട്രീയ, ഭരണരംഗങ്ങളിലെയും ഉന്നതരും ബ്യൂറോക്രാറ്റുകളും ബേങ്ക് മാനേജര്‍മാരും ചേര്‍ന്ന കൂട്ടുകെട്ടാണ് കോര്‍പറേറ്റുകള്‍ക്ക് ബേങ്കുകളിലെ വായ്പാചട്ടങ്ങളും വ്യവസ്ഥകളും മറികടന്നു യഥേഷ്ടം വായ്പ നേടാന്‍ അവസരമൊരുക്കുന്നത്. ഇത്തരം വഴിവിട്ട വായ്പകള്‍ അനുവദിച്ചതിന്റെ പേരില്‍ പിടിയിലകപ്പെടുന്ന ബേങ്ക് ചെയര്‍മാന്മാമാര്‍ രാഷ്ട്രീയക്കാരുടെ അവിഹിത ഇടപെടലുകളിലൂടെ രക്ഷപ്പെടുകയാണ് പതിവ്. നിയമ വ്യവസ്ഥയെയും നീതിപീഠങ്ങളെയും പൊതുസംവിധാനങ്ങളെയും നോക്കുകുത്തിയാക്കി വിരാജിക്കുന്ന മല്യമാരെ പിടിച്ചുകെട്ടാന്‍, അവരുമായുള്ള രാഷ്ട്രീയക്കാരുടെ അവിഹിതബന്ധം തുടരുന്ന കാലത്തോളം സാധ്യമല്ല.