Connect with us

Ongoing News

ആര്‍ട്ട് ഓഫ് ലിവിംഗ് പരിപാടിയെ ചൊല്ലി രാജ്യസഭയില്‍ ബഹളം

Published

|

Last Updated

യമുനാ നദിയുടെ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ലോക സാംസ്‌കാരി മഹോത്സവത്തിനൊരുങ്ങുന്ന സ്ഥലം

ന്യൂഡല്‍ഹി: യമുനാ നദീ തീരത്ത് ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന ലോക സാംസ്‌കാരി മഹോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. കേന്ദ്ര സര്‍ക്കാറിന്റെ ഒത്താശയോടെ നടക്കുന്ന പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചത്.
പരിപാടിക്ക് വേണ്ടി ഇന്ത്യന്‍ സൈനികരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചത്. പ്രതിപക്ഷ നേതാക്കളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ ഭരണപക്ഷത്തിന് കഴിയാതെ വന്നതോടെ രാജ്യ സഭയില്‍ ബഹളമായി.
ഇതേതുടര്‍ന്ന് കുറച്ച സമയത്തേക്ക് സഭ സ്തംഭിച്ചു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ശരത് യാദവ്, ഗുലാം നബി ആസാദ് എന്നിവര്‍ കത്ത് നല്‍കിയെങ്കിലും ശൂന്യ വേളയില്‍ ചര്‍ച്ച ചെയ്യാനാണ് ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ അനുമതി നല്‍കിയത്. സ്വകാര്യ പരിപാടിക്ക് വേണ്ടി സൈനികരെ ഉപയോഗിച്ചത് ലജ്ജാകരവും ചട്ടവിരുദ്ധവുമാണെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കി.
പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തില്‍ താന്‍ ഏറെ ഉത്കണ്ഠാകുലനാണെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വ്യകതമാക്കി. എല്ലാ നിയമങ്ങളും ലംഘിച്ച് യമുന തീരത്ത് പാലം നിര്‍മിക്കാന്‍ ആരാണ് അനുമതി നല്‍കിയത്. പരിപാടിക്ക് വേണ്ടി യമുന തീരത്തെ ആയിരം ഏക്കര്‍ സ്ഥലമാണ് ഉപയോഗിക്കുന്നത്. പരിസ്ഥിതിക്കും നദിക്കും ദോഷകരമാകുന്ന ഡീസല്‍ ജനറേറ്റര്‍, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയവ സജ്ജീകരിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പരിപാടിക്കോ ആര്‍ട്ട് ഓഫ് ലിവിംഗിനോ താന്‍ എതിരല്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു. സ്വകാര്യ വ്യക്തിക്ക് വേണ്ടി സൈന്യം പാലം നിര്‍മാണം നടത്തിയത് ആരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന് ശരദ് യാദവ് ചോദിച്ചു.
അതിനിടെ, ശ്രീ ശ്രീ രവിശങ്കറിന്റെ നിയമവിരുദ്ധ പരിപാടിയെ ന്യായീകരിച്ച് ഭരണപക്ഷം രംഗത്തെത്തി. മുഴുവന്‍ അനുമതികളും എടുത്ത ശേഷമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇത് നിയമവിരുദ്ധമല്ലെന്നും പാര്‍ലിമെന്റി കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. വിഷയം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന വിശദീകരണവുമായാണ് അരുണ്‍ ജെയ്റ്റിലി രംഗത്തെത്തിയത്. ദേശീയ ഹരിത ട്രൈബ്യൂണലില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ രാജ്യസഭയില്‍ വിഷയം ചര്‍ച്ചക്കിടേണ്ടതില്ലെന്നായിരുന്നു ജെയ്റ്റിലിയുടെ വാദം

Latest