Connect with us

National

ജി എസ് ടി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ജി എസ് ടി ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കാന്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ സഹകരണം തേടി. ലോകസഭ പാസാക്കിയ പലബില്ലുകളും രാജ്യസഭയുടെ പരിഗണനിയിലാണെന്നും പ്രതിപക്ഷം സഹകരിച്ചാല്‍ അവ ഈ സെഷനില്‍ തന്നെ പാസാക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി രാജ്യസഭാ അംഗങ്ങളോട് അഭ്യര്‍ഥിച്ചു.
പ്രസിഡന്റിന്റെ നന്ദിപ്രമേയ ചര്‍ച്ചക്കിടെ മേശപ്പുറത്ത് വെച്ച 300 ഭരണഘടനാ ഭേദഗതികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍വലിക്കണമെന്നും നന്ദിപ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പ്രസിഡന്റിന്റെ ഓഫീസിനോടുള്ള അഖണ്ഡത നിലനിറുത്തി പാര്‍ലിമെന്റിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണം. ബില്ലുകള്‍ പാസാക്കിയെടുക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ പ്രയാസപ്പെടുകയാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കൊണ്ടു വന്ന ഒരു ഭേദഗതി 61നെതിരെ 94 വോട്ടുകള്‍ക്ക് പാസായ സംഭവത്തെ ഉയര്‍ത്തിക്കാട്ടി മോദി പറഞ്ഞു. രാജ്യസഭ എന്നത് നിരവധി ആശയങ്ങളുടെ ചേംബറാണെന്ന മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പരാമര്‍ശം കടമെടുത്ത മോദി ലോകസഭയും രാജ്യസഭയും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞു. രാജ്യസഭയില്‍ ഭൂരപക്ഷമില്ലാത്തതിനാല്‍ നിരവധി ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കാനാകാതെ എന്‍ ഡി എ സര്‍ക്കാര്‍ വിഷമവൃത്തത്തിലായത്.
ബജറ്റ് സെഷന്‍ സുഗമമായാണ് മുന്നോട്ട് പോകുന്നത്. സെഷനുകള്‍ സുഗമമായി മുന്നോട്ട് പോകണമെന്ന പ്രസിഡന്റിന്റെ ആഹ്വാനം പ്രതിപക്ഷ അംഗങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണിത്.
ലോകസഭ കഴിഞ്ഞ ദിവസം അര്‍ധ രാത്രിവരെ സിറ്റിംഗ് തുടര്‍ന്നപ്പോള്‍ രണ്ട് ദിവസം മുമ്പ് രാജ്യസഭ വൈകി തുടങ്ങിയ കാര്യവും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ സെഷനില്‍ 169 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ഉണ്ടായിരുന്നതില്‍ ഏഴെണ്ണമാണ് ചോദിക്കാനായത്. പ്രതിപക്ഷ ബഹളത്താല്‍ 42 മണിക്കൂറുകള്‍ നഷ്ടപ്പെട്ടു. അതിന് മുമ്പുള്ള സെഷനില്‍ ആറ് ചോദ്യങ്ങളാണ് ചോദിക്കാനായതെന്നും 72 മണിക്കൂറുകള്‍ നഷ്ടപ്പെട്ടെന്നും മോദി പറഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഇപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഊന്നല്‍ കൊടുത്തിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി പറഞ്ഞു.
ജനപ്രതിനിധി സഭയായ ലോകസഭ അംഗീകരിച്ച്് വിട്ട ജി എസ് ടി ബില്ലുകളടക്കം രാജ്യസഭയുടെ പരിഗണനയിലാണ്. ജനാധിപത്യം ശക്തിപ്പെടുത്താന്‍ ഈ ബില്ലുകള്‍ രാജ്യസഭ പാസാക്കണം. സഹകരണ മനോഭാവം രാജ്യസഭയുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും മോദി പറഞ്ഞു.

 

Latest