Connect with us

Kerala

യു ഡി എഫ് സീറ്റ് വിഭജനം: രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

Published

|

Last Updated

തിരുവനന്തപുരം:യു ഡി എഫിലെ ഘടകകക്ഷികളുമായുള്ള രണ്ടാം ഘട്ട സീറ്റ് ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഇന്നും നാളയുമായി ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. രാജ്യസഭയിലേക്കു മത്സരിക്കുന്ന യു ഡി എഫ് പ്രതിനിധികള്‍ എ കെ ആന്റണിയും എം പി വീരേന്ദ്രകുമാറും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഒമ്പതിന് ചേരുന്ന യു ഡി എഫ് യോഗത്തിന് ശേഷമാവും ഇവര്‍ പത്രിക സമര്‍പ്പിക്കുക. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഘടകകക്ഷി നേതാക്കളെല്ലാം തലസ്ഥാനത്തുള്ള സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനാണ് യു ഡി എഫ് യോഗം ചേരുന്നത്. യോഗത്തില്‍ എ കെ ആന്റണിയേയൂം വീരേന്ദ്രകുമാറിനെയും അനുമോദിക്കും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ കെ പി സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗവും ചേര്‍ന്നു. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉച്ചകഴിഞ്ഞ് ഉഭയകക്ഷിചര്‍ച്ചകള്‍ ആരംഭിക്കും.
ജെ ഡി യു, കേരള കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ്(ജേക്കബ്) എന്നിവരുമായാണ് ഇന്നത്തെ ചര്‍ച്ച. ഘടകകക്ഷികളുമായുള്ള പ്രാഥമിക ചര്‍ച്ചകള്‍ നേരത്തെ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ മാണി ഗ്രൂപ്പുമായാകും ആദ്യ ചര്‍ച്ച. ജോസഫ് വിഭാഗത്തിലെ നല്ലൊരു വിഭാഗം പാര്‍ട്ടി വിട്ടുപോയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ അനുവദിച്ച 15 സീറ്റും നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പി സി ജോര്‍ജിന് നല്‍കിയ പൂഞ്ഞാറും ഡോ.കെ സി ജോസഫിന് നല്‍കിയ കുട്ടനാടും ഇവര്‍ രണ്ടുപേരും പാര്‍ട്ടിവിട്ട സാഹചര്യത്തില്‍ തിരിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ അഭിപ്രായം.

എന്നാല്‍ ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്നു മാത്രമല്ല, മൂന്നുസീറ്റ് അധികം വേണമെന്ന ആവശ്യത്തിലാണ് മാണി വിഭാഗം. പുനലൂര്‍ ലഭിച്ചാല്‍ കുട്ടനാട് വിട്ടുനല്‍കാന്‍ മാണി വിഭാഗം തയ്യാറാവും. എന്നാല്‍ പൂഞ്ഞാറിന്റെ കാര്യത്തിലാണ് തര്‍ക്കമുള്ളത്. ഡി സി സി പ്രസിഡന്റ് ടോമി കല്ലാനിക്കു വേണ്ടിയാണ് കോണ്‍ഗ്രസ് പൂഞ്ഞാര്‍ ആവശ്യപ്പെടുന്നത്. ഇതു വിട്ടുനല്‍കാന്‍ കേരള കോണ്‍ഗ്രസ് തയാറാകുന്നുമില്ല.
ജെ ഡി യുവുമായുള്ള ചര്‍ച്ചയും സുഗമമാവില്ല. കഴിഞ്ഞതവണ മത്സരിച്ച മട്ടന്നൂര്‍, എലത്തുര്‍, നേമം എന്നിവയും നെന്മാറക്കും പകരം മറ്റ് മണ്ഡലങ്ങളും ആവശ്യപ്പെടുന്നുണ്ട്. കൂത്തുപറമ്പ്, വടകര, കല്‍പറ്റ മണ്ഡലങ്ങള്‍ക്കു പുറമെ തിരുവനന്തപുരത്ത് വാമനപുരം അല്ലെങ്കില്‍ കോവളം, എറണാകുളത്ത് ഒരു മണ്ഡലം, കായംകുളം, പൂഞ്ഞാര്‍, കുന്ദമംഗലം എന്നീ സീറ്റുകളാണ് ചോദിക്കുന്നത്.

രാജ്യസഭാ സീറ്റ് നല്‍കിയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ നല്‍കിയ ആറു സീറ്റുകള്‍ മാത്രമെ വിട്ടുകൊടുക്കാനാകൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഈമാസം അവസാനത്തോടെ മാത്രമേ യു ഡി എഫിലെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയാകൂ. തിരഞ്ഞെടുപ്പ് നീണ്ടുപോയ സാഹചര്യത്തില്‍ പ്രകടനപത്രിക പുറത്തിറക്കുന്നതും വൈകും. ഈ മാസം 15ന് പത്രിക പുറത്തിറക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.

---- facebook comment plugin here -----

Latest