Connect with us

Gulf

കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം: ഹമദിന് ആഗോള അംഗീകാരം

Published

|

Last Updated

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്ന പദ്ധതിക്ക് ആഗോള അംഗീകാരം. എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ (എ സി ഐ) എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്‍ പരിപാടിയുടെ അംഗീകാരമാണ് ഹമദിന് ലഭിച്ചത്. 2014ല്‍ ഹമദ് വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ക്കുള്ള പ്രവര്‍ത്തനം വിലയിരുത്തിയാണ് അംഗീകാരം.
ലണ്ടനില്‍ നടന്ന എ സി ഐയുടെ എട്ടാമത് വാര്‍ഷിക എയര്‍പോര്‍ട്ട് ഇക്കണോമിക്‌സ് ആന്‍ഡ് ഫിനാന്‍സ് കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സിബഷനില്‍ വെച്ച് ഹമദ് വിമാനത്താവളത്തിന്‌റെ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗ്രീന്‍ഹൗസ് ഗ്യാസ് പ്രോട്ടോകോള്‍ അനുസരിച്ചാണ് ഹമദിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കണക്കാക്കുന്നത്. എ സി ഐ ഇത് സ്വതന്ത്രമായി പരിശോധിച്ചിട്ടുണ്ട്. കാര്‍ബണ്‍ പുറന്തള്ളുന്ന സ്രോതസ്സുകള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണത്തിലാകണം. ഹമദില്‍ ടെര്‍മിനല്‍, കാര്‍ പാര്‍ക്കിംഗ്, മലിനജല സൗകര്യം, എയര്‍പോര്‍ട്ട് റോഡ് ലൈറ്റിംഗ്, ഓഫീസുകള്‍ തുടങ്ങിയവ ഉള്‍പ്പെടും. വിമാനത്താവളത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളുടെ അടിത്തറയുണ്ടാക്കുന്നതാണ് ഇത്.
പാരിസ്ഥിതിക ഉത്തരവാദിത്തത്തെ സംബന്ധിച്ച് ഹമദ് അധികൃതര്‍ക്ക് ഉത്തമബോധ്യമുണ്ട്. പരിസ്ഥിതി വ്യതിയാനത്തെ ഇല്ലാതാക്കുകയെന്നതാണ് ലക്ഷ്യം. എയര്‍പോര്‍ട്ട് പ്രവര്‍ത്തനം മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും സുസ്ഥിര ഭാവി സൃഷ്ടിക്കാനും ഹമദ് അധികൃതര്‍ക്ക് അതീവ താത്പര്യമുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും എ സി ഐ ഏഷ്യ- പസഫിക് മേഖലാ ഡയറക്ടര്‍ പാറ്റി ചാവു പറഞ്ഞു.

Latest