Connect with us

Articles

ഭരണാവസാന കാലത്തെ കടുംവെട്ട്

Published

|

Last Updated

സംസ്ഥാനത്തെ നിലവിലുള്ള നിയമങ്ങള്‍ ഭൂപ്രകൃതിയും തീരദേശവും നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും വനമേഖലയും സംരക്ഷിക്കുന്നതിനു ഉണ്ടാക്കിയിട്ടുള്ളതാണ്. എന്നാല്‍, പ്രകൃതിവിഭവങ്ങള്‍ ഒന്നൊന്നായി നിയമലംഘനത്തിലൂടെയും അധാര്‍മിക ഉത്തരവുകള്‍ ഇറക്കിയും മാഫിയകള്‍ക്ക് തീറെഴുതുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കാണുന്നത്. വികസനവും മുതല്‍മുടക്കും ജോലി വാഗ്ദാനങ്ങളുമൊക്കെ പറഞ്ഞാണ് ഈ കൊടും വെട്ട് നടത്തിയിരിക്കുന്നത്. വന്‍ പരിസ്ഥിതി ശോഷണവും പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴി വെക്കും. ചെയ്യരുതാത്ത നിയമലംഘനങ്ങള്‍ക്കാണ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്. സുസ്ഥിരമാകാത്ത വികസനം സ്ഥായിയായിരിക്കില്ലെന്ന് ഐക്യരാഷ്ട്ര സംഘടന വരെ നിഷ്‌കര്‍ഷിച്ചിട്ടും കേരള സര്‍ക്കാര്‍ തലതിരിഞ്ഞ അശാസ്ത്രീയ വികസനവുമായി മുന്നോട്ട് പോകുന്നത് കേരളത്തെ കുടിവെള്ള ക്ഷാമത്തിലേക്കും കടുത്ത ചൂടിലേക്കും കാലാവസ്ഥയിലെ പൊടുന്നനെയുള്ള മാറ്റത്തിലേക്കും നയിക്കുമെന്ന് കേരളീയ ജനത തിരിച്ചറിയണം. വികലമായ വികസന നയത്തിനെതിരെ പ്രതികരിക്കാന്‍ സമയമായി. കേരളത്തിന്റെ സ്വത്തുക്കള്‍, ഭൂമി, വെള്ളം, കായല്‍, പാടശേഖരങ്ങള്‍, പശ്ചിമഘട്ട മലനിരകള്‍, കാട്, മണല്‍, കളിമണ്ണ്, ചരല്‍, ചെങ്കല്ല് എന്നിവയെല്ലാം ഉപയോഗിച്ച് തീര്‍ക്കാന്‍ തക്ക തരത്തില്‍ മാഫിയകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും പതിച്ചു നല്‍കുന്ന നയമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇത് ഈ തലമുറയെ മാത്രമല്ല, വരും തലമുറയെയും ദുരിതത്തിലാക്കുമെന്നത് തീര്‍ച്ചയാണ്. മുതല്‍ മുടക്കുകാരന് സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നതിനും സംസ്ഥാനത്തിന് അന്യാധീനപ്പെട്ടുപോകുന്നതിനും എല്ലാ ഉത്തരവുകളും കളമൊരുക്കുകയാണ്. റവന്യൂ മന്ത്രി അറിയാതെ റവന്യൂ വകുപ്പ് നെല്‍വയല്‍ നികത്താന്‍ ഉത്തരവിറക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്യുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കുമരകം പഞ്ചായത്തിലെ വെമ്പനാട്ട് കായലിനോട് ചേര്‍ന്നുള്ള 417 ഏക്കര്‍ വിസ്തീര്‍ണമുള്ള മെത്രാന്‍ കായലിന്റെ 378 ഏക്കല്‍ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം ലംഘിച്ച് നകത്താനുള്ള ഉത്തരവാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. റെക്കിന്‍ ഡോ ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് വേണ്ടി 34 ഐച്ഛിക കമ്പനികള്‍ക്കുവേണ്ടിയും കോട്ടയം ജില്ലയിലെ കുമരകം പഞ്ചായത്തില്‍ 420 ഏക്കറോളം നെല്‍വയല്‍ മെത്രാന്‍ കായലില്‍ നേരത്തെ കമ്പനി വാങ്ങിക്കൂട്ടിയിരുന്നു. 2200 കോടി രൂപയുടെ വിനോദസഞ്ചാര വികസനത്തിനുള്ള മുതല്‍മുടക്കുണ്ടാകുമെന്നും പരിസ്ഥിതി സൗഹൃദമായിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും കമ്പനി പറയുമ്പോള്‍, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമലംഘനമല്ലേ നടത്തുന്നതെന്ന ചോദ്യത്തിന് ഉത്തരിമില്ലെന്നതാണ് വാസ്തവം. ഇതു കൂടാതെ, മെഡിക്കല്‍ വിനോദസഞ്ചാരത്തിന്റെ പേരിലാണ് എറണാകുളം ജില്ലയിലെ കൊച്ചി കായലില്‍ സ്ഥിതി ചെയ്യുന്ന വേമ്പനാട്ടു കായലിന്റെ ഭാഗമായ കടമുക്കിടി ദ്വീപില്‍ 48 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മറ്റൊരു ഉത്തരവിറക്കി. 7000 പേര്‍ക്ക് നേരിട്ട് ജോലിയും 1000 കോടി രൂപയുടെ നിക്ഷേപവുമാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാതാക്കളുടെ വാഗ്ദാനം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം നെല്‍വയലായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളാണ് ഇപ്രകാരം നിയമലംഘനത്തിലൂടെ മുതല്‍ മുടക്കുകാര്‍ക്ക് നികത്തിയെടുക്കാന്‍ ഈ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
കടമക്കുടി, മെത്രാന്‍ കായല്‍ ഉത്തരവുകള്‍ ഹൈക്കോടതി ഇടപെട്ടതിന്റെ പേരില്‍ മന്ത്രിസഭാ യോഗം നാടകീയമായി പിന്‍വലിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടായതിനാലാണ് മുഖ്യമന്ത്രി തന്റെ മാത്രം ഉത്തരവാദിത്വമായി ഏറ്റെടുത്ത് ഉത്തരവുകള്‍ പിന്‍വലിച്ചത്. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നൂറുകണക്കിന് നിയമലംഘനങ്ങള്‍ക്കാണ് കൂട്ടുനിന്നത് എന്ന് വിസ്മരിക്കരുത്. 2015 നവംബറില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ചാണ് കോട്ടയം കോറിഡോര്‍ പ്രോജക്ടിനായി 125 ഏക്കര്‍ നെല്‍വയല്‍ നികത്താന്‍ ഉത്തരവിറക്കിയത്. കോട്ടയം കലക്ടര്‍ വയല്‍ നെല്‍കൃഷിക്ക് യോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ക്രിക്കറ്റ് സ്റ്റേഡിയം, സ്ഥിരം പ്രദര്‍ശന വേദി, കണ്‍വന്‍ഷന്‍ സെന്റര്‍, സൈക്കിള്‍ ട്രാക്ക്, ജലവിനോദങ്ങള്‍ എന്നിവയാണ് നെല്‍വയല്‍ നികത്തിയുള്ള പ്രോജക്ടില്‍ ലക്ഷ്യമിടുന്നത്. അധികമാരും പ്രതികരിക്കാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ തട്ടകത്ത് നഗ്നമായ നിയമലംഘനത്തിലൂടെ പദ്ധതി നടപ്പാക്കുന്ന സ്ഥിതിയാണുള്ളത്. വൈക്കത്തെ ചെമ്പില്‍ 150 ഏക്കര്‍ നികത്തി സമൃദ്ധി വില്ലേജ് പദ്ധതിയും നടപ്പാക്കുന്നത് നെല്‍വയല്‍ നികത്തിയാണ്.
2008ലെ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. ഈ സര്‍ക്കാര്‍ മറ്റൊരു ഉത്തരവിലൂടെ ഫൈനടച്ചാല്‍ നികത്തിയ നെല്‍വയല്‍ കരഭൂമിയായി ഏഴുതിക്കൊടുക്കുന്ന പദ്ധതി നടപ്പാക്കി. തണ്ടപ്പേര്‍ രജിസ്റ്ററില്‍ നിലമാണെന്ന് എഴുതിയ ഭൂമികള്‍ക്കാണ് കരഭൂമിസ്റ്റാറ്റസ് നല്‍കിയത്. വയലിനോടൊപ്പം നികത്തിയ സര്‍ക്കാര്‍ പുറമ്പോക്ക്, ചാലുകള്‍, തോടുകള്‍, മിച്ച ഭൂമികള്‍, അരുവികള്‍ എന്നിവയെല്ലാം ഇതോടെ ചില ആളുകള്‍ ക്രമപ്പെടുത്തിയെടുത്തു. കരഭൂമി സ്റ്റാറ്റസ് ആക്കുന്നതിന്റെ പേരില്‍ നടന്നിരിക്കുന്നത് വന്‍ അഴിമതിയാണ്. വനനിയമവും ഭൂസംരക്ഷണ നിയമവും ഭൂവിനിയോഗ നിയമവും ചെറുകിട ധാതു ഖനന നിയമങ്ങളും അട്ടിമറിച്ചുകൊണ്ട് നിരവധി ഉത്തരവുകളാണ് സര്‍ക്കാര്‍ ഇറക്കിയിരിക്കുന്നത്. ഇതോടെ പാട്ടഭൂമികളിലും വനഭൂമികളിലും ആയിരത്തിലധികം പാറമടകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചത്. പശ്ചിമഘട്ടത്തില്‍ ഇന്ന് 2700 പാറമടകള്‍ പ്രവൃത്തിക്കുന്നതില്‍ 1700 എണ്ണവും അനധികൃതമാണ്. കേരളത്തനിമ ഇല്ലാതാക്കുന്ന നിയമലംഘനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ കൂട്ടുനിന്നത് ജനവിരുദ്ധ നയമാണ്. ലഘുധാതുക്കളുടെ ഖനനത്തിന് മുമ്പ് പാരിസ്ഥിതിക ആഘാത പഠനം വേണ്ടെന്ന് ഉത്തരവിറക്കിയതിലൂടെ നാടു മുഴുവന്‍ കുഴിച്ച് കുളം തോണ്ടുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇതോടെ നിയമങ്ങളും കോടതി വിധികളും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഈ ഉത്തരവ് വന്നതോടെ ജില്ലാ തലങ്ങളില്‍ രൂപവത്കരിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതി ആഘാത പഠന വിദഗ്ധ സമിതികള്‍ നോക്കുകുത്തികളായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2015 സപ്തംബര്‍ എട്ടിന് ചേര്‍ന്ന യോഗത്തിന്റെ വെളിച്ചത്തിലാണ് നിയമലംഘനം നടത്തി പ്രവൃത്തിച്ചിരുന്ന പാറമടകള്‍ നിയമവിധേയമാക്കിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. ഇതോടെ പാലക്കാട് നെന്‍മാറക്കടുത്ത വിതിനാശ്ശേരി 256. 43 ഏക്കര്‍ സ്ഥലത്തെ പാറമട സജീവമായി റബ്ബര്‍ കൃഷി നടത്താന്‍ സര്‍ക്കാര്‍ നല്‍കിയ പാട്ടഭൂമിയിലാണ് പാറമട പ്രവൃത്തിക്കുന്നത്. ഇത് നെല്ലിയാമ്പതിയുടെ ഇക്കോളജിയാണ് തകര്‍ത്തെറിയുന്നത്. വനഭൂമി നഷ്ടപ്പെട്ടതിന്റെ പേരില്‍ വനം വകുപ്പ് കോടതിയെ സമീപിക്കുന്നു. തിരുവനന്തപരത്തിനടുത്ത മുക്കുന്നി മലയിലെ അനധികൃത പാറമടകള്‍ ഈ ഉത്തരവോടെ അതികൃതമായി. മലപ്പുറത്തെ വലിയ പറമ്പ് പാറമടകളും മുഖ്യമന്ത്രിയുടെ ഇടപെടല്‍ വഴി പ്രവൃത്തനം തുടങ്ങി. ജനനിബിഡമായ സ്ഥലങ്ങളില്‍ നിന്നും 50 മീറ്റര്‍ വിട്ടു മാത്രമേ പാറമട സ്ഥാപിക്കാവൂ എന്ന വ്യവസ്ഥ ലംഘിച്ച നൂറുക്കണക്കിന് പാറമടകള്‍ ഹൈക്കോടതി ഉത്തരവു പ്രാകാരം പൂട്ടിയതെല്ലാം പുഷ്പം പോലെ പ്രവര്‍ത്തനനിരതമായി. കൊല്ലം ജില്ലയിലെ വെളിയം വില്ലേജ് കൊട്ടാരക്കര താലൂക്കിലെ അശാസ്ത്രീയമായി നടന്നുവന്നിരുന്ന പാറമട നിര്‍ത്തിവെക്കാന്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവായതാണ്. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തില്‍ ജനനിബിഡമായ സ്ഥലങ്ങളിലും വെള്ള ടാങ്കുകള്‍ക്ക് അരികിലും പാറമടകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 2015ല്‍ ഈ സര്‍ക്കാര്‍ 2308 പാറമടകള്‍ക്ക് ഒരു വര്‍ഷം പ്രവൃത്തിക്കാമെന്ന വ്യവസ്ഥയില്‍ 487 യൂനിറ്റുകള്‍ക്ക് അനുതി നല്‍കി. കണ്ണൂര്‍ വയനാട് അതിര്‍ത്തി മലയിലെ കരിങ്കല്‍ ഖനനം 125 ഏക്കര്‍ പ്രദേശത്താണ് നടക്കുന്നത്.
ഇത്രയേറെ നിയമലംഘനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ ഏറ്റവും കൂടുതല്‍ “അതികൃതമായി” കൊള്ളയടിക്കപ്പെട്ടിട്ടുള്ള കാലവും ഉണ്ടായിട്ടില്ല.

Latest