Connect with us

Gulf

ജങ്ക് ഫുഡ് ജ്വരം; പ്രവാസി കുട്ടികളും വൃക്കരോഗ ഭീഷണിയില്‍

Published

|

Last Updated

അജ്മാന്‍:പ്രവാസി വിദ്യാര്‍ഥികളുടെ ഭക്ഷണ ശീലങ്ങളില്‍ ജങ്ക് ഫുഡ് ഇനങ്ങള്‍ വ്യാപകമാകുന്നത് വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്നു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ഭക്ഷണപദാര്‍ഥങ്ങളാണ് മിക്ക കുട്ടികള്‍ക്കും പ്രിയം. വിവിധ തരം കോളകള്‍, പഫ്സ്, കട്ലറ്റ്, പിസ, ബര്‍ഗര്‍ തുടങ്ങിയ ഇനങ്ങളാണ് മിക്ക വിദ്യാര്‍ഥികളും സ്‌കൂള്‍ ഇടവേളകളില്‍ കഴിക്കുന്നത്. ഇത് വൃക്ക രോഗം ക്ഷണിച്ചുവരുത്തുന്നവയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

നിറം ചേര്‍ത്ത പാനീയങ്ങള്‍, സോസുകള്‍ ചേര്‍ത്തുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കുന്നവയാണ്. രാവിലെ എട്ടു മണിയോടെയാണ് മിക്ക സ്‌കൂളുകളിലും ക്ലാസുകള്‍ ആരംഭിക്കുന്നത്. അതിരാവിലെ പുറപ്പെടുന്ന കുട്ടികളില്‍ അധികപേര്‍ക്കും പ്രഭാത ഭക്ഷണം കിട്ടുന്നില്ലെന്നതാണ് സത്യം. ജീവിതത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ടതാണ് പ്രഭാത ഭക്ഷണം. കുട്ടികളുടെ ബുദ്ധിപരമായ ഉണര്‍വിനും പ്രസരിപ്പിനും പ്രഭാത ഭക്ഷണം അത്യാവശ്യമാണെന്നാണ് വിവിധ ആരോഗ്യ സംബന്ധമായ പഠനങ്ങളില്‍ പറയുന്നത്.

സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന ഇടവേളകളിലാണ് കുട്ടികള്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ സമയം കണ്ടെത്തുന്നത്. ഇതിനായി ടിന്നിലടച്ച ഭക്ഷണ പദാര്‍ഥങ്ങളും ലെയ്‌സ്, ബിസ്‌ക്കറ്റ് തുടങ്ങിയവയുമാണ് മിക്ക രക്ഷിതാക്കളും കൊടുത്തയക്കുന്നത്. ചിലരാവട്ടെ സ്‌കൂള്‍ കാന്റീനുകളില്‍ നിന്നും പലഹാരങ്ങള്‍ വാങ്ങാനുള്ള പണവും നല്‍കിയാണ് കുട്ടികളെ പറഞ്ഞയക്കുന്നത്. ഇടവേളകളില്‍ കളികളിലേര്‍പെടാന്‍ ആഗ്രഹിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും നേരിയ ഭക്ഷണം കഴിച്ച് കളിക്കളത്തിലേക്ക് എത്താന്‍ തിടുക്കം കൂട്ടുന്നതും മിക്ക സ്‌കൂളുകളിലെയും കാഴ്ചയാണ്. അതേസമയം വിദ്യാര്‍ഥികളെ ഭ്രമിപ്പിക്കുന്ന ജങ്ക് ഫുഡ് വിദ്യാലയങ്ങളില്‍ നിരോധിച്ചുകൊണ്ട് നേരത്തെ സി ബി എസ് ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ന്യൂഡില്‍സ്, ബര്‍ഗര്‍, പീറ്റ്സ, ചോക്ലേറ്റുകള്‍, മിഠായി, ഉപ്പേരികള്‍, കോളകള്‍ തുടങ്ങിയ ജങ്ക് ഫുഡ് വിഭവങ്ങള്‍ സ്‌കൂള്‍ കാന്റീനുകളില്‍ നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സി ബി എസ് ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സി ബി എസ് ഇ കരിക്കുലം തുടരുന്ന യുഎ ഇ സ്‌കൂളുകളില്‍ ഈ നിര്‍ദേശം നടപ്പാക്കാന്‍ മടിക്കുകയാണ്.

വലിയ രീതിയില്‍ കൊഴുപ്പുകൂട്ടുന്ന ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവരുന്നതും സ്‌കൂളുകള്‍ക്ക് പരിസരത്ത് വില്‍ക്കുന്നതിനുമെതിരെ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പും കഴിഞ്ഞ വര്‍ഷം ഉത്തരവ് ഇറക്കിയിട്ടുണ്ട്. കണ്ണിനുചുറ്റും കറുത്ത പാടുകള്‍, മൂത്രത്തില്‍ രക്തം കലരുക, ശാരീരിക തളര്‍ച്ച, കൈകളിള്‍ നീര് തുടങ്ങിയവയാണ് വൃക്ക രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.