Connect with us

Gulf

നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ടുവരുന്നത് കരുതലോടെയാകണമെന്ന് അനുഭവസ്ഥര്‍

Published

|

Last Updated

അല്‍ ഐന്‍: അല്‍ ഐന്‍ വിമാനത്താവളം വഴി നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നുകള്‍ക്ക് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. സ്വന്തം ആവശ്യങ്ങള്‍ക്കും ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കുമായി നാട്ടില്‍നിന്ന് കൊണ്ടുവരുന്ന മരുന്നുകള്‍ പിടിക്കപ്പെട്ടാല്‍ കനത്ത വിലനല്‍കേണ്ടിവരും. മരുന്നുകള്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമേ യാത്രക്കാര്‍ക്ക് തിരിച്ചു നല്‍കുകയുള്ളൂ. പരിശോധന തീരുന്ന ദിവസം വരെ പാസ്‌പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെക്കുകയും ചെയ്യും.

കഴിഞ്ഞ മാസങ്ങളിലായി കോഴിക്കോട് നിന്ന് ആഴ്ചയില്‍ ഒരിക്കല്‍ എത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരില്‍നിന്ന് നിരവധി മരുന്നുകളാണ് അധികൃതര്‍ പിടികൂടിയത്. ഡോക്ടറുടെ കുറിപ്പോടെയും മരുന്നിന്റെ ബില്ലോട് കൂടെയുമാണെങ്കിലും രാജ്യത്തേക്ക് കൊണ്ടുവരുന്നതും ലഹരി പദാര്‍ഥത്തിന്റെ അംശങ്ങള്‍ അടങ്ങിയതുമായ മരുന്നുകളാണെങ്കില്‍ യാത്രക്കാരന്‍ നിയമ നടപടിക്ക് വിധേയനാകും. യാത്രക്കാരുടെ ബാഗേജുകള്‍ പൂര്‍ണമായും തുറന്നു പരിശോധന നടത്തിയതിന് ശേഷമേ പുറത്ത് കടക്കാനാവൂ. മണിക്കൂറുകള്‍ നീണ്ട പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്.
14 മാസങ്ങള്‍ക്ക് മുമ്പ് സഹതാമസക്കാരനുവേണ്ടി കൊണ്ടുവന്ന ആയുര്‍വേദ മരുന്നില്‍ നിരോധിത വസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍കോട് സ്വദേശി ജയില്‍ ശിക്ഷയനുഭവിക്കുകയും നാടുകടത്തപ്പെടുകയും ചെയ്തതായി അല്‍ ഐന്‍ വിമാനത്താവളത്തിലെ മലയാളികളായ ജീവനക്കാര്‍ സിറാജിനോട് പറഞ്ഞു. ആയുര്‍വേദ വൈദ്യ ശാലകളില്‍നിന്ന് വാങ്ങുന്ന ഗോരാജനാതി, കൊമ്പംജാതി, ധാന്വന്തരം, വിവിധതരം അരിഷ്ടങ്ങള്‍ മുതലായവ പരിശോധിക്കുമ്പോള്‍ പരിശോധനയില്‍ ഗുണപരമായ റിപ്പോര്‍ട്ടുകള്‍ക്ക് സാധ്യത കുറവാണെന്നും ജീവനക്കാരിലൊരാള്‍ വ്യക്തമാക്കി.
അല്‍ ഐനിലെ അല്‍ വഗാനില്‍ സ്വദേശിയുടെ വീട്ടിലെ ഡ്രൈവര്‍ മലപ്പുറം മഞ്ചേരി സ്വദേശി സുജിത് സുഹൃത്തിനായി കൊണ്ടുവന്ന മരുന്ന് പടിക്കപ്പെടുകയും ജയലിലകപ്പെടുകയും ഒരു മാസത്തോളം നീണ്ട ലബോറട്ടറി പരിശോധനക്ക് ശേഷം കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്ത വാര്‍ത്ത സിറാജ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യല്‍ മരുന്നുകള്‍ക്ക് വിലക്കുറവും യു എ ഇയിലെ ലഭ്യതക്കുറവുമാണ് നാട്ടില്‍നിന്നും മരുന്ന് കൊണ്ടുവരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

Latest