Connect with us

Gulf

പുനരുത്പാദക ഊര്‍ജം ഉപയോഗിച്ചുള്ള ആദ്യ ജല സംസ്‌കരണ നിലയം ഖത്വറില്‍ വരുന്നു

Published

|

Last Updated

ദോഹ: പുനരുത്പാദക ഊര്‍ജം ഉപയോഗിച്ചുള്ള ആദ്യ ജല സംസ്‌കരണ നിലയം ഖത്വറില്‍ വരുന്നു. പുനരുത്പാദക ഊര്‍ജ മേഖലയിലെ മുന്‍നിര കമ്പനിയായ മണ്‍സൂണ്‍ ഗ്രൂപ്പ് ആണ് പുനരുത്പാദക ഊര്‍ജം ഉപയോഗിച്ച് ഓസ്‌മോസിസ് രീതിയില്‍ വെള്ളം ശുദ്ധീകരിക്കുന്ന നിലയം സ്ഥാപിക്കുന്നത്. കമ്പനിയുടെ ഖത്വര്‍ വിപണിയിലേക്കുള്ള പ്രവേശം പ്രഖ്യാപിച്ചിട്ടുണ്ട്.
അലി ഹുസൈന്‍ അലി അല്‍ സദയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ മണ്‍സൂണ്‍ കമ്പനി സ്ഥാപിച്ച ഈ സംവിധാനം, ചുരുങ്ങിയ ഊര്‍ജം ഉപയോഗത്തില്‍ പൂര്‍ണമായും ഓട്ടോമാറ്റിക് ആയും റിമോട്ട് നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ നിലയമാണ്. നിലയത്തിന്റെ പ്രവര്‍ത്തനത്തിന് മനുഷ്യവിഭവശേഷി ഉപയോഗിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഖത്വറില്‍ ഇത്തരത്തിലുള്ള ആദ്യ ഫാം ആണിത്. ഖത്വറിലെ വെള്ള ശുദ്ധീകരണ നിലയത്തില്‍ സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് മണ്‍സൂണ്‍ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
ജനപ്പെരുപ്പം കൂടിയതിനാല്‍ ലോകത്ത് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവയുടെ ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ കുറയുന്ന ഘട്ടത്തില്‍ സുസ്ഥിര ഊര്‍ജ മാര്‍ഗത്തിലൂടെ ഖത്വറിന് ശുദ്ധമായ വെള്ളം നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മണ്‍സൂണ്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ഡയറക്ടര്‍ കോസ്റ്റിന്‍ ലുപു അറിയിച്ചു. കുടിവെള്ളവും കൃഷിക്കുള്ള വെള്ളവും ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് അലി ഹുസൈന്‍ അലി അല്‍ സദ പറഞ്ഞു. പ്രകൃതിയില്‍ നിന്നുള്ള സ്രോതസ്സ് ഉപയോഗിച്ച് നിര്‍മിക്കുന്ന വൈദ്യുതിക്ക് ചുരുങ്ങിയ ചെലവ് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജലശുദ്ധീകരണ നിലയങ്ങളില്‍ പുനരുത്പാദക ഊര്‍ജം ഉപയോഗിച്ചാല്‍ ഏറെ ലാഭകരമാകും. നിലവില്‍ ട്രക്കുകളില്‍ വെള്ളം കൊണ്ടുപോകുന്നതിനേക്കാള്‍ വളരെ ചെലവ് കുറവേ ഇതുമൂലമുണ്ടാകുകയുള്ളൂ. ചുരുങ്ങിയ വിലക്ക് വിദൂരസ്ഥലങ്ങളിലേക്ക് പോലും വെള്ളവും വൈദ്യുതിയും നല്‍കാം. മറ്റ് ആവശ്യങ്ങള്‍ക്കും നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കാം. മാത്രമല്ല, മരുഭൂമിയിലെ കാലാവസ്ഥക്ക് യോജിച്ച വിധത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രീന്‍ഹൗസുകളും നിര്‍മിക്കാം. വര്‍ഷംതോറുമുള്ള പച്ചക്കറി ഉത്പാദനം ഉണ്ടാകുകയും ചെയ്യും.

---- facebook comment plugin here -----

Latest